ട്രാക്കോ കേബിൾ കമ്പനി: തിരുവല്ല യൂണിറ്റിൽ തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചിട്ട് 11 മാസം
Mail This Article
പത്തനംതിട്ട ∙ നഷ്ടത്തിലായ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയുടെ തിരുവല്ല യൂണിറ്റിലെ തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചിട്ട് 11 മാസം. 110 തൊഴിലാളികളാണ് 11 മാസമായി വേതനമില്ലാതെ കമ്പനിയിൽ ജോലിചെയ്യുന്നത്. ഇതിൽ പലരും രാവിലെ ഓഫിസിലെത്തി വൈകുന്നേരം വരെ വെറുതെയിരുന്ന് മടങ്ങുകയാണ്. 30 മാസത്തിനു മുകളിലായി പിഎഫിലേക്കുള്ള കമ്പനി വിഹിതവും അടച്ചിട്ടില്ല. തിരുവല്ല ട്രാക്കോ എംപ്ലോയീസ് സൊസൈറ്റിക്ക് ഒന്നേകാൽ കോടി രൂപയോളം പണം കമ്പനി തിരികെ തരാനുമുണ്ട്. ഈ വിഷയത്തിൽ സൊസൈറ്റി കേസ് കൊടുത്തിരുന്നു.
ഒരു മാസത്തിനുള്ളിൽ പണം നൽകണമെന്ന് കോടതിയിൽനിന്ന് അനുകൂല വിധി വന്ന് രണ്ട് മാസം കഴിഞ്ഞിട്ടും നടപടിയില്ല. അതിനെതിരെ വീണ്ടും കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഉൽപാദനം നിലയ്ക്കുകയും ശമ്പളമില്ലാതാകുകയും ചെയ്തതോടെ തൊഴിലാളികളിൽ പലരും മറ്റു ജോലികൾക്കു പോയിത്തുടങ്ങി. മറ്റു തൊഴിലാളി കുടുംബങ്ങളുടെ അവസ്ഥയും പരിതാപകരമാണ്. അടുത്ത മാസം പുതിയ വർക്ക് വരുമെന്നും അതിനുശേഷം ശമ്പള കുടിശിക നൽകാമെന്നുമാണ് അധികൃതർ ഇപ്പോൾ പറയുന്നത്. പ്രതിസന്ധി നിലനിൽക്കുന്നതിനിടെ, ജോലിയിൽനിന്ന് വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങളോ ശമ്പള കുടിശികയോ ലഭിച്ചിട്ടില്ല. ഒരാൾക്കു മാത്രമാണ് ലഭിക്കേണ്ട തുകയിൽ കുറച്ചെങ്കിലും നൽകിയത്.
പെൻഷനാകുന്ന തൊഴിലാളികൾക്കുള്ള ഗ്രാറ്റുവിറ്റിയും ലഭിക്കുന്നില്ല. തിരുവല്ലയിലെ യൂണിറ്റിനു പുറമേ, എറണാകുളത്തെ ഇരുമ്പനത്തും കണ്ണൂരിലെ പിണറായിയിലുമാണു ട്രാക്കോ കേബിൾ കമ്പനിക്ക് യൂണിറ്റുകളുള്ളത്. 245 കോടിയോളം രൂപയുടെ ബാധ്യതയാണ് കമ്പനിക്കുള്ളത്. തിരുവല്ല, ഇരുമ്പനം യൂണിറ്റുകൾ ഒന്നാക്കാനും കണ്ണൂരിലേക്കും തിരുവല്ലയിലേക്കും ജോലിക്കാരെ പുനർവിന്യസിക്കുന്നതിനും അതിനു തയാറല്ലാത്തവർക്ക് പ്രത്യേക വിആർഎസ് പാക്കേജ് നടപ്പാക്കാനും ആലോചന നടന്നിരുന്നു. വിവിധ തൊഴിലാളി സംഘടനകളുടെ സംസ്ഥാന നേതാക്കന്മാരെ വിളിച്ച് യോഗം നടത്തുകയും ചെയ്തു. എന്നാൽ ഇതുവരെ നടപടികളായിട്ടില്ല.