വഴി കുഴയണം, പരസ്യം കാണണം ! നിർദേശ ബോർഡുകൾ ഇല്ലാത്ത മല്ലപ്പള്ളി നിറയെ ഫ്ലെക്സ് ബോർഡുകൾ
Mail This Article
മല്ലപ്പള്ളി ∙ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങളിൽ പരസ്യബോർഡുകൾ (ഫ്ലെക്സ് ബോർഡ്) നിരന്നു. ടൗണിലൂടെയുള്ള വാഹനയാത്ര അപകടഭീതിയിലെന്നു യാത്രക്കാർ.കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയും ആനിക്കാട്–മല്ലപ്പള്ളി, തിരുവല്ല–മല്ലപ്പള്ളി എന്നീ റോഡുകളും സന്ധിക്കുന്ന സെൻട്രൽ ജംക്‌ഷനിലാണ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്ന കേന്ദ്രമായി മാറുന്നത്.ടൗണിലും പരിസരത്തും ഡ്രൈവർമാർക്ക് ആവശ്യമായ സൂചനയും മുന്നറിയിപ്പും നൽകുന്നതിനുമുള്ള ബോർഡുകളില്ലാത്തതുമൂലം വൺവേ തെറ്റിക്കുന്ന വാഹനങ്ങളുടെ എണ്ണവും വർധിക്കുന്നു.
പലപ്പോഴും അപകടങ്ങൾ ഒഴിവാകുന്നത് തലനാരിഴയ്ക്കാണ്.ദിവസങ്ങൾക്കു മുൻപ് കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിലെ സെൻട്രൽ ജംക്‌ഷനിൽനിന്ന് തിരുവല്ല റോഡിലേക്കു വന്ന കാർ കണ്ട് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മറിഞ്ഞുവീണു. ഭാഗ്യംകൊണ്ടാണ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാതിരുന്നത്. കോഴഞ്ചേരി ഭാഗത്തുനിന്നു വന്ന ബൈക്ക് സെൻട്രൽ ജംക്‌ഷനിലേക്കുള്ള റോഡിന്റെ തുടക്കത്തിലെ വളവ് തിരിയുമ്പോഴായിരുന്നു സംഭവം.
കോട്ടയം ജില്ലയിലെ റജിസ്ട്രേഷനിലുള്ള കാറാണ് വൺവേ തെറ്റിച്ചെത്തിയത്. തിരുവല്ല റോഡിലേക്കു തിരിയുന്നതിനുള്ള സൂചനാബോർഡ് സെൻട്രൽ ജംക്‌ഷനിൽ ഇല്ലാത്തതാണ് വൺവേ റോഡിലൂടെ കാർ നേരെ പ്രവേശിക്കുന്നതിന് ഇടയാക്കിയത്. സൂചനാബോർഡ് വയ്ക്കുന്നതിന് സെൻട്രൽ ജംക്‌ഷനിൽ സ്ഥലമുണ്ടെങ്കിലും അധികൃതർ മനുഷ്യജീവന് വില കൽപിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.സെൻട്രൽ ജംക്‌ഷനിലും പരിസരത്തും വയ്ക്കുന്ന ഫ്ലെക്സ് ബോർഡുകൾ അപകടക്കെണിയായിട്ടും സ്ഥാപിക്കാതിരിക്കുന്നതിന് അധികൃതർ നടപടിയെടുക്കാറില്ല. ഫ്ലെക്സ് ബോർഡുകൾ വയ്ക്കുന്നത് തടയണമെന്ന് താലൂക്ക് വികസനസമിതിയിൽ പലതവണ തീരുമാനവും എടുത്തിട്ടുണ്ടെങ്കിലും നടപ്പാകാറില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു. ടൗണിലെ ഗതാഗത നിയന്ത്രണത്തിന് പൊലീസിന്റെയും ഹോം ഗാർഡിന്റെയും സേവനമില്ലാത്തതും പ്രശ്നം സൃഷ്ടിക്കുന്നു.