നികന്ന തോടുകൾ: വീണ്ടെടുക്കാൻ പദ്ധതി വരുന്നു; അളന്നു ‘തിരിച്ചെടുക്കും’ നികന്ന തോടുകൾ
Mail This Article
കവിയൂർ ∙കയ്യേറ്റങ്ങളിൽ നികന്ന് ഇല്ലാതായി വെള്ളപ്പൊക്കത്തിന് കാരണമാകുന്ന പഞ്ചായത്തിലെ തോടുകളും നീർച്ചാലുകളും വീണ്ടെടുക്കാൻ പഞ്ചായത്ത്. മണിമലയാറും പാടശേഖരങ്ങളുമായും ബന്ധപ്പെട്ട് ഒട്ടേറെ തോടുകളാണു പഞ്ചായത്തിൽ ഉണ്ടായിരുന്നത്. ഇന്ന് അവയിൽ മിക്കതും നികത്തപ്പെട്ട നിലയിലാണ്. ഓരോ മഴക്കാലത്തും പ്രദേശത്തെ കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറാൻ ഇതു കാരണമാകുന്നതായി കണ്ടതിനെ തുടർന്നാണു നടപടി.മണിമലയാറ്റിൽ മനയ്ക്കച്ചിറയ്ക്കു സമീപമുള്ള കരിമ്പോലിൽ തോട്, ഞാലിക്കണ്ടത്തെ ഇരുപ്പംകുഴി തോട്, എൻഎസ്എസ് സ്കൂളിനു സമീപമുള്ള കരിപ്പോലിൽ തോട്, പറോലിൽപടി – കൊടിഞ്ഞൂർ എന്നീ തോടുകളാണ് ആദ്യഘട്ടത്തിൽ വീണ്ടെടുക്കുന്നത്. ഇതിൽ കരിമ്പോലിൽ തോടിന്റെ മണിമലയാറ്റിൽ നിന്നുള്ള തുടക്കഭാഗവും അവസാനഭാഗവും മാത്രമേ തോടായി നിലവിലുള്ളു. ബാക്കി ഭാഗമെല്ലാം നികത്തിയ നിലയിലാണ്. എട്ടു മീറ്ററോളം വീതി തോടിനുണ്ടായിരുന്നു.
പല തോടുകളും നികത്തിയതിനു മുകളിൽ വീടുകൾ വരെ നിർമിച്ചിട്ടുണ്ട്. അടിയിൽ കൂടി പൈപ്പ് ഇട്ട പണിത വീടുകളുമുണ്ട്. ഇവയൊക്കെ എങ്ങിനെ ഒഴിപ്പിച്ചെടുക്കാൻ കഴിയും എന്ന ആശങ്കയുമുണ്ട്.തോടുകൾ അതത് പ്രദേശത്തെ കൃഷിയാവശ്യത്തിന് ഉപയോഗിച്ചിരുന്നവയാണ്. നെൽകൃഷി വർഷത്തിൽ 3 മാസം മാത്രമാണ്. ബാക്കിയുള്ള കാലത്താണ് പലപ്പോഴായി തോട് നികത്തിയത്. തോടുകൾ നികന്നതോടെ മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതെ റോഡിൽ കൂടിയും കൃഷിസ്ഥലത്തും മറ്റും വെള്ളത്തിലാകുന്നതാണ് കഴിഞ്ഞ വർഷങ്ങളിലെ സ്ഥിതി.പാടശേഖരത്തിലേക്കും മണിമലയാറ്റിലേക്കും വെള്ളം ഒഴുകിയെത്തിയിരുന്ന തോടുകൾ മിക്കതും കൈയേറ്റക്കാരുടെ കയ്യിലായി കഴിഞ്ഞു. നിലവിലുള്ളവയെല്ലാം വീതി തീരെ കുറഞ്ഞ് പേരിനു മാത്രമുള്ള തോടുകളായി. കവിയൂർ – നടയ്ക്കൽ റോഡുവശത്തെ തോടിന് ഇപ്പോൾ പകുതി പോലും വീതിയില്ല. ഇതോടെ റോഡിന്റെ കോട്ടമുണ്ടകം ഭാഗത്ത് വെള്ളക്കെട്ട് പതിവാണ്.വില്ലേജിൽ നിന്നും സർവേ നമ്പർ പ്രകാരമുള്ള തോടുകളും അവയുടെ വിസ്തീർണവും കണ്ടെത്തി താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ അളന്നു തിരിച്ച് വീണ്ടെടുക്കാനാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനമെന്ന് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ പറഞ്ഞു.
വഴിയൊരുക്കി വാർഡ് പുനർവിഭജനം
പഞ്ചായത്തിലെ വാർഡുകളുടെ പുനർവിഭജനവുമായി ബന്ധപ്പെട്ട് അതിർത്തി തേടി ചെന്നപ്പോഴാണ് നികന്നു കിടക്കുന്ന തോടുകൾ കണ്ടെത്തിയത്. വില്ലേജിന്റെ ആസ്തി റജിസ്റ്ററിൽ ഉണ്ടെങ്കിലും കാലങ്ങളായി ഇവ നികന്നു കിടക്കുകയാണ്.