കോടികൾ ഒഴുകിപ്പോയി; ഒഴുക്കുനിലച്ച് കോലറയാർ
Mail This Article
നിരണം ∙കടപ്ര, നിരണം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കോലറയാർ സംരക്ഷിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. രണ്ടു പഞ്ചായത്തുകളിലെ കാർഷികാവശ്യങ്ങൾക്കായി കോലറയാറിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. ജില്ലയിലെ ഏറ്റവും വലിയ നെൽപാടമായ നിരണത്തു തടം പാടശേഖരത്തിലൂടെ കടന്നുപോകുന്ന കോലറയാർ ഇന്നു പായലും മണ്ണും നിറഞ്ഞ് ആഴം കുറഞ്ഞു നീരൊഴുക്കുനിലച്ച നിലയിലാണ്. 5 വർഷം മുൻപു സംസ്ഥാന സർക്കാർ തലത്തിൽ നീർച്ചാലുകളുടെയും നദികളുടെയും അതിജീവനത്തിനുമായി ആവിഷ്കരിച്ച പദ്ധതിയിൽ ഉൾപ്പെടുത്തി 4 കോടി രൂപ മുടക്കി വൃത്തിയാക്കിയിരുന്നു. എന്നാൽ പിന്നീടു നടപടികളുണ്ടായില്ല. കോലറയാർ സംരക്ഷണത്തിനായി ജനകീയ സമിതി രൂപീകരിച്ച് കുറെ പ്രവർത്തനം നടത്തിയിരുന്നു. നദി സംരക്ഷണ സമിതിയുടെ പേരിൽ ബാങ്ക് നിക്ഷേപമുണ്ടെങ്കിലും സമിതിയുടെ പ്രധാന വ്യക്തികൾ മരണപ്പെട്ടതിനാൽ ഫണ്ട് വിനിയോഗം തടസ്സമാവുന്നു. കോലറയാർ സംരക്ഷണ സമിതി വിളിച്ചു കൂട്ടി നദിയുടെ സംരക്ഷണം ഉറപ്പു വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.