ADVERTISEMENT

കോന്നി∙11ലക്ഷം രൂപ നിക്ഷേപമുള്ള ആൾ‌ പണം തിരികെച്ചോദിച്ചപ്പോൾ 50,000 രൂപ നൽകാമെന്നു പറഞ്ഞ റീജനൽ സർവീസ് സഹകരണ ബാങ്കിൽ (ആർസിബി) നിക്ഷേപകന്റെയും കുടുംബത്തിന്റെയും സമരം. പയ്യനാമൺ താവളപ്പാറ ആനന്ദഭവനം പി.ആനന്ദനും കുടുംബവുമാണ് പ്രതിഷേധ സമരവുമായി ബാങ്കിനു മുൻപിൽ കുത്തിയിരിപ്പ് ആരംഭിച്ചത്. വിവിധ ഘട്ടങ്ങളിലായി 11 ലക്ഷം രൂപയാണ് ആനന്ദൻ ബാങ്കിൽ നിക്ഷേപിച്ചത്. തുക പിൻവലിക്കാനായി ഒരു വർഷം മുൻപ് അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു. തുടർന്ന് ഒരു വർഷമായി ബാങ്കിൽ കയറിയിറങ്ങുകയാണ്. കഴിഞ്ഞ ദിവസം ബാങ്കിൽ എത്തിയപ്പോൾ 50,000 രൂപ നൽകാമെന്ന് പറഞ്ഞതോടെയാണ് പൊലീസിൽ വിവരമറിയിച്ച ശേഷം ഇന്നലെ രാവിലെ ആനന്ദൻ, ഭാര്യ, രണ്ട് പെൺമക്കൾ, മരുമക്കൾ എന്നിവർ പ്രതിഷേധവുമായി എത്തിയത്. ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. 

ആർസിബിയിലെ വിഷയം അറി‍ഞ്ഞ് സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകരോടും ജീവനക്കാർ തട്ടിക്കയറി. ചുമടെടുത്തും മറ്റു ജോലികൾ ചെയ്തും സ്വരൂപിച്ച തുകയും നേരത്തെയുണ്ടായിരുന്ന ജോലിയുടെ പെൻഷനും ഉൾപ്പെടെയാണ് ബാങ്കിൽ നിക്ഷേപിച്ചതെന്നും വീട് വയ്ക്കാനുള്ള ആവശ്യത്തിലേക്ക് തുക പിൻ‌വലിക്കാനായി എത്തിയപ്പോഴാണ് ബാങ്കിൽ പണമില്ലെന്നും കിട്ടുന്ന മുറയ്ക്ക് നൽകാമെന്നുമുള്ള ബാങ്ക് അധികൃതരുടെ മറുപടിയെന്ന് ആനന്ദൻ പറഞ്ഞു. രണ്ട് തവണ ബാങ്ക് പ്രസിഡന്റുമായി ഇവർ ചർച്ച നടത്തിയെങ്കിലും ആദ്യത്തെ നിലപാട് തന്നെ ബാങ്ക് അധികൃതർ ആവർത്തിച്ചപ്പോൾ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും സമരം തുടരുകയാണെന്നും ആനന്ദൻ പറഞ്ഞു. പിന്നീട് പൊലീസ് സ്ഥലത്തെത്തി ചർച്ചയ്ക്കായി ഇവരെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകാനുള്ള ശ്രമവും നടത്തി. കുറെ വർഷങ്ങളായി ബാങ്ക് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും ഇത്രയും തുക ഒന്നിച്ചു നൽകാനുള്ള ധനസ്ഥിതിയല്ലെന്നും ഇവരുടെ പണം നഷ്ടപ്പെടില്ലെന്നും കുടിശികയുള്ള തുക പിരിച്ചെടുത്ത് ജനുവരിയിൽ കുറച്ച് നൽകാനാണ് ശ്രമമെന്നും ബാങ്ക് പ്രസിഡന്റ് ടി.എൻ.ബാബുജി പ്രതികരിച്ചു.

സമരം നടത്തുമെന്നു കോൺഗ്രസ്
കോന്നി∙ആർസിബിയിലെ നിക്ഷേപത്തുക ലഭിക്കാത്ത സഹകാരികളായ കർഷകരെയും കർഷകത്തൊഴിലാളികളെയും കുടുംബശ്രീ കുടുംബങ്ങളെയും സമരം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു. നിക്ഷേപകരുടെ കാലാവധി കഴിഞ്ഞ തുക, കുടുംബശ്രീ കുടുംബങ്ങളുടെ നിക്ഷേപം ഉൾപ്പെടെ തിരിച്ച് ചോദിക്കുമ്പോൾ കൊടുക്കാൻ കഴിയാത്ത രീതിയിൽ ബാങ്കിനെ തകർത്ത എൽഡിഎഫ് ഭരണ സമിതിക്കെതിരെയാകും സമരം നടത്തുക. കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്ന സ്ഥാപനത്തിന്റെ നിലവിലെ ധനസ്ഥിതി സഹകാരികളെ ബോധ്യപ്പെടുത്താൻ ഭരണസമിതി തയാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സഹകാരികൾക്ക് ലഭിക്കേണ്ട അവരുടെ നിക്ഷേപം കിട്ടാനായി സഹകാരി സംഗമം വിളിച്ചു ചേർത്ത് തുടർ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ പറഞ്ഞു.

English Summary:

A depositor in Konni, Kerala, staged a protest along with his family against the Regional Cooperative Bank, demanding the return of his ₹11 lakh savings. The bank, facing financial difficulties, offered him only a partial payment, sparking outrage and leading to protests from depositors and the Congress party.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com