പമ്പ കെഎസ്ആർടിസിയിൽ നിന്ന് 8 കേന്ദ്രങ്ങളിലേക്ക് എപ്പോഴും ബസ്; സീറ്റ് നിറഞ്ഞാൽ ഡബിൾ ബെൽ
Mail This Article
ശബരിമല ∙ തീർഥാടകരുടെ മടക്കയാത്രയ്ക്ക് പമ്പ കെഎസ്ആർടിസിയിൽ നിന്ന് 8 കേന്ദ്രങ്ങളിലേക്ക് എപ്പോഴും ബസ്. ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം, കൊട്ടാരക്കര, കുമളി, എറണാകുളം എന്നീ കേന്ദ്രങ്ങളിലേക്കാണ് പമ്പയിൽ നിന്ന് എപ്പോഴും ബസ് ഉള്ളത്. പ്രത്യേക സമയം ഇല്ല. സീറ്റ് നിറയുന്നതാണ് കണക്ക്. ഇതിനു പുറമേ എല്ലാ ദിവസവും രാവിലെ 9ന് തൃശൂർ, 10ന് ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ബസ് ഉണ്ട്.
ഇതിനു പുറമേ ശാർക്കര, വർക്കല, ചാത്തന്നൂർ പൊഴിക്കര, ഓച്ചിറ , ചക്കുളത്തുകാവ് എന്നീ ക്ഷേത്രങ്ങളിൽ നിന്നും ചടയമംഗലം, വെഞ്ഞാറമൂട് കിളിമാനൂർ എന്നിവിടങ്ങളിൽ നിന്നും ഓരോ സർവീസുകൾ ദിവസവും പമ്പയിൽ എത്തി തിരിച്ച് അതേ സ്ഥലത്തേക്ക് പോകുന്നുണ്ട്. സ്പെഷൽ സർവീസിനായി ചെങ്ങന്നൂർ 70, പത്തനംതിട്ട 23, എരുമേലി 18, കോട്ടയം 40, എറണാകുളം 30, കൊട്ടാരക്കര 20, തിരുവനന്തപുരം സെൻട്രൽ 8, കുമളി 17, കായംകുളം 2, അടൂർ 2, തൃശൂർ 2, പുനലൂർ 10, ഗുരുവായൂർ ഒന്ന്, ആര്യങ്കാവ് 2. ബസുകൾ അനുവദിച്ചിട്ടുണ്ട്.
മടക്കയാത്രയ്ക്കായി ഓൺലൈനിൽ ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സൗകര്യം ഉണ്ട്. റിസർവ് ചെയ്ത ബസ് പുറപ്പെട്ടതിനു ശേഷമാണ് എത്തിയതെങ്കിൽ വിവരം പമ്പ സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ അറിയിച്ചാൽ അടുത്തതായി പുറപ്പെടുന്ന ബസിൽ സീറ്റ് ക്രമീകരിച്ചു നൽകും. ഗ്രൂപ്പായി ബുക്കു ചെയ്തവർ എല്ലാവർക്കും എത്താൻ കഴിയാതെ വന്നാൽ അവരുടെ തിരിച്ചറിയൽ രേഖ നോക്കി ക്രമീകരണം ഉണ്ടാക്കും. തിരുവനന്തപുരം, എറണാകുളം, ഗുരുവായൂർ, തൃശൂർ എന്നിവിടങ്ങളിലേക്കാണ് ഇപ്പോൾ റിസർവേഷൻ സൗകര്യം ഉള്ളത്. ചെങ്ങന്നൂർ, കോട്ടയം, കുമളി റൂട്ടിലും ഉടൻ റിസർവേഷൻ ആരംഭിക്കും.