അപമര്യാദ പാടില്ല; ശബരിമലയിൽ പൊലീസിനു കർശന നിർദേശം
Mail This Article
ശബരിമല ∙അയ്യപ്പഭക്തരോട് ഒരു കാരണവശാലും അപമര്യാദയായി പെരുമാറരുതെന്നും തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കാൻ പാടില്ലെന്നും പൊലീസിനു കർശന നിർദേശം. ജോലിസമയത്ത് മൊബൈൽ ഫോണിലൂടെയുള്ള സാമൂഹിക മാധ്യമ ഉപയോഗവും വിലക്കി. സിസിടിവിയിലൂടെ പൊലീസുകാരുടെ സേവനം നിരീക്ഷണവിധേയമാക്കും. ശബരിമല ദർശനത്തിനെത്തുന്നവരെ സ്വാമി എന്ന് അഭിസംബോധന ചെയ്യണം. എന്ത് പ്രകോപനമുണ്ടായാലും ആത്മസംയമനം കൈവിടരുത്.
ദർശനത്തിനായുള്ള ക്യൂവിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമ്പോൾ തർക്കങ്ങളുയരാതെ നോക്കണം. തിരക്ക് നിയന്ത്രണവിധേയമാക്കാൻ വിസിൽ ഉപയോഗിക്കാം. കാക്കി പാന്റ് ധരിച്ചെത്തുന്ന എല്ലാവരെയും പരിശോധന കൂടാതെ കടത്തിവിടേണ്ടതില്ലെന്നും നിർദേശമുണ്ട്. കാനന പാതയിലൂടെ എത്തുന്നവരിൽ ചിലർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നു രക്ഷ നേടാൻ പടക്കങ്ങൾ കരുതാറുണ്ടെന്ന് ബോംബ് സ്ക്വാഡിന്റെ നിരീക്ഷണത്തിൽ വ്യക്തമായിരുന്നു. പടക്കങ്ങളുമായി സന്നിധാനത്ത് എത്താൻ അനുവദിക്കരുത്.
സാഹചര്യം അനുസരിച്ചുള്ള പെരുമാറ്റം പ്രധാനമാണെന്നും സേനാംഗങ്ങൾക്ക് ഓർമപ്പെടുത്തലുണ്ട്. ശബരിമല ഡ്യൂട്ടിക്ക് പുതുതായി ചുമതലയേൽക്കുന്ന ഉദ്യോഗസ്ഥർക്ക് സ്പെഷൽ ഓഫിസർ എസ്പി കെ.ഇ.ബൈജു നിർദേശങ്ങൾ കൈമാറി. സന്നിധാനത്ത് ആദ്യ ബാച്ചിന്റെ സേവനം ഇന്നലെ പൂർത്തിയായി. പരാതികൾക്ക് ഇടയാക്കാത്ത വിധം സേവനം പൂർത്തിയാക്കിയെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
ഡിസംബർ 6 വരെ 12 ദിവസമാണ് രണ്ടാമത്തെ ബാച്ചിന് ഡ്യൂട്ടി. എട്ട് ഡിവൈഎസ്പിമാരുടെ കീഴിൽ 8 ഡിവിഷനുകളിൽ 27 സിഐ, 90 എസ് ഐ /എഎസ്ഐ ,1250 എസ്‌സിപിഒ/ സിപിഒമാരാണ് സന്നിധാനത്ത് ഭക്തരുടെ തിരക്ക് നിയന്ത്രണത്തിനായി വിന്യസിച്ചിട്ടുള്ളത്. മൂന്ന് ഷിഫ്റ്റ് ആയി തിരിച്ചാണ് ഡ്യൂട്ടി ക്രമീകരിച്ചിട്ടുള്ളത്. ഒരു ഡിവൈഎസ്പി, രണ്ട് സിഐ, 12 എസ്ഐ /എഎസ്ഐ, 155 എസ്‌സിപിഒ /സിപിഒ എന്നിവരടങ്ങുന്ന ഇന്റലിജൻസ് –ബോംബ് സ്‌ക്വാഡ് ടീമും ചുമതലയേറ്റു.