ആംബുലൻസില്ല; പനി ബാധിച്ച കുഞ്ഞിനെ കോട്ടയത്തേക്കു മാറ്റാൻ വൈകി
Mail This Article
ഉതിമൂട് ∙കടുത്ത പനി ബാധിച്ച ഒന്നര വയസുകാരനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്കു മാറ്റാൻ ആംബുലൻസ് സൗകര്യമില്ലാതെ ജനറൽ ആശുപത്രി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഉതിമൂട് സ്വദേശിയായ ഗോത്രവിഭാഗത്തിൽ പെടുന്ന കുഞ്ഞിനെ കടുത്ത പനി ബാധിച്ചതിനെ ഓട്ടോയിൽ പത്തനംതിട്ടയിലെത്തിച്ചത്. കുട്ടിയുടെ അവസ്ഥ ഗുരുതരമാണെന്നു കണ്ടതോടെ കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ ഇവിടെ ആംബുലൻസ് ഉണ്ടായിരുന്നില്ല. ഓട്ടം പോയ ആംബുലൻസ് എത്താൻ വൈകുമെന്ന് അധികൃതർ പറഞ്ഞതായി ബന്ധുക്കൾ ആരോപിച്ചു. ‘108’ ആംബുലൻസുകൾ മറ്റ് ഓട്ടത്തിലായതിനാലാണ് ആ സമയത്ത് ലഭ്യമാകാതിരുന്നത്.
ഗോത്ര വിഭാഗത്തിൽ പെട്ടവർക്ക് സൗജന്യമായി ആംബുലൻസ് ലഭിക്കേണ്ടതാണ്. കുട്ടിയുമായി എത്തിയവരുടെ കയ്യിൽ പണമുണ്ടായിരുന്നില്ല. തുടർന്ന് ശബരിമല തീർഥാടകർക്ക് സേവനത്തിനായി ഉപയോഗിച്ചിരുന്ന സേവാഭാരതി ആംബുലൻസ് സൗജന്യമായി വിട്ടുനൽകിയാണ് കുഞ്ഞിനെ കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ആശുപത്രിയിലെത്തിച്ചത്. ഒരു മണിക്കൂറോളം വൈകിയെന്നും കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. കുട്ടി ഐസിഎച്ചിൽ നിരീക്ഷണത്തിലാണ്. ശബരിമല തീർഥാടന കാലമായിട്ടു പോലും ജനറൽ ആശുപത്രിയിൽ മതിയായ സൗകര്യങ്ങളില്ലെന്ന് സേവാഭാരതി ഭാരവാഹികൾ ആരോപിച്ചു. ഗോത്രവിഭാഗത്തിൽ പെട്ട കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഔദ്യോഗികമായി പരാതി നൽകുമെന്നും അവർ പറഞ്ഞു.