ADVERTISEMENT

കുളനട ∙ കാതങ്ങൾ താണ്ടിയെത്തുന്ന ദേശാടനക്കിളികളുടെ ഭംഗി ആസ്വദിച്ചു  പോളച്ചിറയിൽ പെഡൽ ബോട്ടിൽ കറങ്ങുന്നതും, ചിറയുടെ വശങ്ങളിലുള്ള മനോഹരമായ നടപ്പാതയിലൂടെ നടക്കുന്നതുമെല്ലാം ഉളനാടുകാരുടെ സ്വപ്‌നമായിരുന്നു. അല്ല, ഇന്നും സ്വപ്നം തന്നെയാണത്. ചിറയിലേക്കു വിരുന്നെത്തുന്ന വേഴാമ്പൽ, മഴ കാത്തിരിക്കുന്നതു പോലെ പദ്ധതി നടത്തിപ്പിനായി കാത്തിരിക്കുകയാണു നാട്ടുകാർ. നാടിന്റെ ടൂറിസം സ്വപ്നങ്ങൾക്കു നിറം പകരുന്ന പോളച്ചിറ വിനോദ സഞ്ചാര പദ്ധതിക്ക് ഇപ്പോഴും വിലങ്ങുതടിയാകുന്നത് പഞ്ചായത്ത്–ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) തർക്കമാണ്. 2022 ജനുവരിയിൽ പദ്ധതിയാരംഭിക്കാൻ നിർദേശമുണ്ടായിരുന്നെങ്കിലും പാട്ടത്തുകയിലുള്ള തർക്കം കാരണം പദ്ധതി വീണ്ടും നീണ്ടു പോകുകയാണ്. കാടുമൂടി കിടക്കുന്ന ചിറ വൃത്തിയാക്കാൻ പോലും പഞ്ചായത്ത് മുന്നിട്ടിറങ്ങുന്നില്ല.   

പ‍ഞ്ചായത്തും റവന്യു വകുപ്പും തമ്മിലുള്ള ഭൂമി സംബന്ധമായ തർക്കങ്ങളായിരുന്ന് ആദ്യ തടസ്സം. തുടർന്നു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പഞ്ചായത്തിൽ നിലനിർത്തി, ഡിടിപിസിക്ക് ഭൂമി പാട്ടത്തിന് അനുവദിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. 12,80,106/-രൂപയാണ് വാർഷിക പാട്ടത്തുകയായി നിശ്ചയിച്ചത്. തുടർന്നുള്ള 3 വർഷക്കാലത്തേക്ക് പാട്ടത്തുക 10% വർധിപ്പിച്ച് പുതുക്കണമെന്നു നിർദേശിച്ചിരുന്നു. എന്നാൽ ഗ്രാമപ്രദേശത്ത് ആരംഭിക്കുന്ന പദ്ധതിയ്ക്ക് ഇത്ര വലിയ തുക പാട്ടത്തുകയായി നൽകാൻ കഴിയില്ലെന്നു ഡിടിപിസി വ്യക്തമാക്കി. തുടർന്നു 2021ൽ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ കലക്ടർ, പ‍‍ഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവരെ വിളിച്ചു കൂട്ടി ചർച്ചകൾ നടത്തുകയും പഞ്ചായത്തിന് ഉപയോഗാനുമതി നിലനിർത്താൻ തീരുമാനമാകുകയും ചെയ്തു.

പിന്നീട് പദ്ധതി പൂർത്തിയായ ശേഷം ലാഭവിഹിതം പങ്കിട്ടെടുക്കാനുള്ള കരാറിലേർപ്പെടാൻ ഡിടിപിസി പഞ്ചായത്തിനോടു ശുപാർശ ചെയ്തു. എന്നാൽ ലാഭം ഷെയർ ചെയ്യുന്ന വ്യവസ്ഥയിൽ ഭൂവിനിയോഗ അനുമതി നൽകാൻ താത്പര്യമില്ലെന്നും പാട്ട വ്യവസ്ഥയിലാണെങ്കിൽ അനുമതി നൽകാമെന്നും കുളനട പഞ്ചായത്ത് തീരുമാനം അറിയിച്ചതോടെ പദ്ധതി ഇരുട്ടിലായി.ന്യായമായ രീതിയിൽ പാട്ടത്തുക നിശ്ചയിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമാണ് പഞ്ചായത്തിന്റെ കടുംപിടുത്തത്തിൽ നിലച്ചു കിടക്കുന്നതെന്നു നാട്ടുകാർ പറയുന്നു.

പോളച്ചിറ ടൂറിസം പദ്ധതി
2017ൽ 30 കോടി രൂപയാണ്  പദ്ധതിയ്ക്കായി അനുവദിച്ചത്. 3 കോടി രൂപ ആദ്യ ഗഡുവായി ഡിടിപിസിയ്ക്ക് കൊടുത്തു. 30 ഏക്കറു വരുന്ന പോളച്ചിറയിൽ കുട്ടികളുടെ ഉദ്യാനം, നടപ്പാത, പെഡൽ ബോട്ടിങ്, ഫ്ലോട്ടിങ് റസ്റ്റോറൻറ്, കേജ് ഫാമിങ് എന്നീ സൗകര്യങ്ങൾ ഒരുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.

പദ്ധതിയുടെ ഗുണങ്ങൾ
▶ ചിറയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഉളനാട് ശ്രീക‍ൃഷ്‌ണ ക്ഷേത്രത്തിൽ കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്ന് അനേകം ആളുകൾ ദിനംപ്രതി ദർശനത്തിനെത്താറുണ്ട്. പാർക്ക് തുടങ്ങിയാൽ ദൂരെ നിന്നെത്തുന്നവർക്കു വിശ്രമിക്കാനായി ഇവിടം പ്രയോജനപ്പെടുത്താം.
▶ അനേകം പേർക്ക് തൊഴിൽ ലഭിക്കും.

▶ ധാരാളം ദേശാടനപക്ഷികൾ എത്തുന്ന സ്ഥലമായതിനാൽ വിനോദ സഞ്ചാര സാധ്യത കൂടുതലാണ്. നാട്ടുകാർക്ക് കുടുംബവുമായി ഒഴിവുവേളകൾ ചെലവഴിക്കാൻ കഴിയും.

English Summary:

The Polachira Tourism Project, aimed at boosting tourism in Ulanad, Kerala, is at a standstill due to a disagreement between the Panchayat and the DTPC over lease amounts. This dispute has dashed locals' hopes of enjoying the planned amenities around the scenic Polachira Lake. Despite the project's potential to create jobs, attract tourists, and provide recreational space, its fate hangs in the balance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com