ടിപ്പർ ലോറികളിൽനിന്ന് കരിങ്കല്ല് റോഡിലേക്ക്; ആശങ്കയിൽ ജനം
Mail This Article
അട്ടച്ചാക്കൽ∙ചെങ്ങറ റൂട്ടിൽ ടിപ്പർലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചു വീഴുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ചെങ്ങറയിൽ പ്രവർത്തിക്കുന്ന പാറമടയിൽ നിന്ന് അമിത വേഗത്തിൽ പോകുന്ന ലോറികളിൽ നിന്നാണ് കല്ല് തെറിച്ചു വീഴുന്നത്. അട്ടച്ചാക്കൽ ശാന്തി ജംക്‌ഷനിൽ ഒരാഴ്ചയ്ക്കിടെ മൂന്നു തവണയാണ് ഇത്തരം സംഭവം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. വേണ്ടത്ര സുരക്ഷയില്ലാതെയും അലക്ഷ്യമായും വാഹനം ഓടിക്കുന്നതാണ് കരിങ്കല്ല് റോഡിലേക്കു വീഴാൻ കാരണമെന്നും അമിതമായ ലോഡ് കയറ്റിപ്പോകുന്നതായും നാട്ടുകാർ ആരോപിച്ചു.
കരിങ്കല്ല് റോഡിലേക്കു ശക്തിയായി വീഴുമ്പോൾ കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കുമാണ് ഏറെ ഭീഷണിയാകുന്നത്. വലിയ അപകടം തന്നെയുണ്ടാകാനുള്ള സാധ്യതയുണ്ട്. മറ്റു വാഹനങ്ങൾക്കും ഇത് ഭീഷണിയാണ്. സമീപത്തെ എൽപി സ്കൂളിലെയും ഹയർസെക്കൻഡറി സ്കൂളിലെയും കുട്ടികൾ നടന്നുപോകുന്ന റോഡരികിലാണ് സംഭവം. പലതവണ ഇക്കാര്യം പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം ജോയിസ് ഏബ്രഹാം കോന്നി പൊലീസിൽ പരാതി നൽകി.