ബിജെപിയെ അപമാനിച്ചാൽ മാധ്യമ പ്രവർത്തകരെ കൈകാര്യം ചെയ്യുമെന്ന് കെ.സുരേന്ദ്രൻ
Mail This Article
പത്തനംതിട്ട ∙ ബിജെപിയെ അപമാനിക്കാൻ ശ്രമിച്ച ഒരു മാധ്യമ പ്രവർത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വ്യാജവാർത്ത കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ഏത് കൊമ്പത്തിരിക്കുന്നവരാണെങ്കിലും ശരിയായ രീതിയിൽ കൈകാര്യം ചെയ്യും. കേരളത്തിലെ മാധ്യമ പ്രവർത്തകരോടാണിത് പറയുന്നത്. പാർട്ടിയെ കരിവാരിത്തേക്കുന്ന നെറികേട് കാണിക്കുന്ന ഒരുത്തനേയും വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് ബിജെപി കൗൺസിലർമാർ കോൺഗ്രസിലേക്ക് കൂറുമാറിയേക്കുമെന്നു പ്രചാരണം നടക്കുന്നതിനെക്കുറിച്ച് ചോദ്യമുണ്ടായപ്പോളാണു സുരേന്ദ്രൻ പ്രകോപിതനായത്. പ്രസ്ഥാനത്തെ കരിവാരിത്തേക്കാനാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉപതിരഞ്ഞെടുപ്പിന്റെ മറവിൽ മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് ആരോപിച്ച ശേഷം കൂടുതൽ ചോദ്യങ്ങൾക്കു മറുപടി പറയാതെ അദ്ദേഹം മടങ്ങി. എഡിഎം നവീൻ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേന്ദ്രന്റെ ഭീഷണി: പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു
തിരുവനന്തപുരം ∙ മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ഭീഷണിയിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) പ്രതിഷേധിച്ചു. പാലക്കാട്ടെ തോൽവിയെ തുടർന്ന് ബിജെപിയിൽ ഉണ്ടായ അസ്വാരസ്യങ്ങൾ അതേ പാർട്ടിയിലെ നേതാക്കളുടെ പ്രതികരണങ്ങളിലൂടെയാണ് പുറത്തുവന്നത്. അതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന കടമ മാത്രമാണ് മാധ്യമങ്ങൾ നിർവഹിച്ചത്.
അതു ചെയ്ത മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യുമെന്നു ഭീഷണിപ്പെടുത്തുന്നതു മാധ്യമസ്വാതന്ത്ര്യം ഉറപ്പു നൽകുന്ന ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. സ്വന്തം നില മറന്നുള്ള അപക്വമായ സമീപനമാണ് സുരേന്ദ്രന്റേതെന്നും യൂണിയൻ പ്രസിഡന്റ് കെ.പി.റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പറഞ്ഞു. മാധ്യമ വിമർശനങ്ങളോടു സഹിഷ്ണുതയോടെ പ്രതികരിക്കാനുള്ള സമചിത്തത പ്രകടിപ്പിക്കാൻ സുരേന്ദ്രൻ തയാറാവുമെന്നു പ്രതീക്ഷിക്കുന്നതായും ഇരുവരും വ്യക്തമാക്കി.