കാനന പാത താണ്ടിയെത്തി ഛത്തീസ്ഗഡ് സംഘം
Mail This Article
ശബരിമല ∙ കഠിന വ്രതാനുഷ്ഠാനത്തോടെ കാനന പാതകൾ താണ്ടി സന്നിധാനത്ത് എത്തി അയ്യപ്പ ദർശനം നടത്താൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണു ഛത്തീസ്ഗഡിൽ നിന്നുള്ള തീർഥാടക സംഘം. ഛത്തീസ്ഗഡിൽനിന്ന് എത്തിയ 34 അംഗ സംഘംഇന്നലെ രാവിലെ പതിനെട്ടാംപടി കയറി ദർശനം നടത്തി. പിന്നെ ഇരുമുടിക്കെട്ട് അഴിച്ച് ആചാരപ്രകാരം നെയ്യഭിഷേകവും നടത്തി. അയ്യപ്പ സന്നിധിയിലും മാളികപ്പുറത്തും വഴിപാടുകൾ സമർപ്പിച്ചു. സമഭാവനയുടെ സന്നിധിയായ ശബരിമലയുടെ സന്ദേശം ഛത്തീസ്ഗഡിൽ പ്രചരിപ്പിച്ചത് ഭിലായ് സ്റ്റീൽ പ്ലാന്റിൽ ജോലിക്ക് എത്തിയ കേരള, തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
ഭിലായിൽ അയ്യപ്പ ക്ഷേത്രമുണ്ട്. മണ്ഡല കാലത്ത് എല്ലാ ദിവസവും ഭജനയും ഉണ്ട്. തിരുവനന്തപുരം നേമം പള്ളിച്ചൽ സ്വദേശിയും ഭിലായ് സ്റ്റീൽ പ്ലാന്റ് ഉദ്യോഗസ്ഥനും അയ്യപ്പ സേവാ സഹകരണ സംഘവും നേതാവുമായ ഉണ്ണിക്കൃഷ്ണനാണ് ഇവരുടെ ഗുരുസ്വാമി. സ്റ്റീൽ പ്ലാന്റിലെ മറ്റൊരു ജീവനക്കാരനായ പത്തനംതിട്ട മേക്കൊഴൂർ കീഴേടത്ത് രാധാകൃഷ്ണൻ നായരാണ് ഒപ്പമുള്ളത്. ഭിലായ് ജോലിനോക്കുന്ന 8 സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് സംഘത്തിൽ ഉള്ളത്. അതിൽ 6 പേർ മാളികപ്പുറങ്ങളാണ്.
കന്നിക്കാരിയായി അയ്യപ്പ ദർശനം നടത്താൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നു സംഘത്തിലെ രാജേശ്വരി പറഞ്ഞു. ഇവരുടെ ഭർത്താവ് ഭിലായ് തമിഴ് മണ്ഡലം പ്രസിഡന്റ് വെങ്കിടേഷ് സുബ്രഹ്മണ്യനും ഒപ്പമുണ്ട്. ഗുരുവായൂർ, തൃപ്രയാർ, കൊടുങ്ങല്ലൂർ, കടുത്തുരുത്തി, ഏറ്റുമാനൂർ എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാണ് സംഘം എരുമേലി എത്തിയത്. അവിടെ പേട്ടതുള്ളി, കെട്ടു നിറച്ചാണു കാനന പാതകൾ താണ്ടി എത്തിയത്.
കാനന പാതയിലെ പ്രവേശനം ഒരു മണിക്കൂർ കുറച്ചതിൽ പ്രതിഷേധിച്ച് മലയരയ മഹാസഭ
ശബരിമല ∙ കരിമല വഴിയുള്ള പരമ്പരാഗത കാനന പാതയിൽ തീർഥാടകരെ കടത്തിവിടുന്നത് ഒരു മണിക്കൂർ കുറച്ച്. പ്രതിഷേധവുമായി മലയരയ മഹാസഭ രംഗത്ത്. അഴുതക്കടവിൽ നിന്ന് നിലവിൽ രാവിലെ 7 മുതൽ ഉച്ചയ്ക്കു 2.30 വരെയാണു തീർഥാടകരെ കടത്തി വിടുന്നത്. കഴിഞ്ഞ വർഷം ഇത് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 3.30 വരെയായിരുന്നു, ഒരുമണിക്കൂർ കുറഞ്ഞതുമൂലം തീർഥാടകർക്ക് പരമ്പരാഗത പാതയിലെ ആചാര അനുഷ്ഠാനങ്ങൾ പൂർത്തിയാക്കാൻ സമയം ലഭിക്കുന്നില്ലെന്നാണു പ്രധാന ആക്ഷേപം. മഹിഷി നിഗ്രഹത്തിനു ശേഷം മണികണ്ഠനും പരിവാരങ്ങളും ശബരിമലയിലേക്കു കാൽനടയായി പോയത് കരിമല വഴിയാണ്. കുത്തനെയുള്ള കഠിനമായ കയറ്റവും ഇറക്കവും വന്യമൃഗ ശല്യവും ഉള്ള വഴിയാണ്. അതിനാലാണ് വനപാലകർ നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇതുകാരണം കാളകെട്ടി, അഴുത എന്നിവിടങ്ങളിൽ ഒ!രു ദിവസം തങ്ങിയാണു തീർഥാടകരിൽ നല്ലൊരു ഭാഗവും കടന്നുപോകുന്നത്. അഴുതക്കടവിലാണു വനംവകുപ്പിന്റെ നിയന്ത്രണം ഉള്ളത്.അഴുതമേട്, കല്ലിടാംകുന്ന്, മുക്കുഴി, ഇഞ്ചിപ്പാറകോട്ട, വെള്ളാരംചെറ്റ, കരിമല, വലിയാനവട്ടം വഴി പമ്പയിൽ എത്തി വേണം സന്നിധാനത്തേക്ക് മലകയറാൻ. കുത്തനെയുള്ള മലകൾ കയറി വേണം പോകാൻ. ദുർഘടമായ പാതയിലൂടെ നടന്ന് അടുത്ത താവളത്തിൽ എത്താൻ ആവശ്യത്തിനു സമയം കിട്ടാതെ വന്നാൽ തീർഥാടകർ കാട്ടിൽ ഒറ്റപ്പെട്ടു പോകും. ഇത് ഒഴിവാക്കാനാണ് നിയന്ത്രണം എന്നാണ് വനം വകുപ്പിന്റെ വിശദീകരണം. എന്നാൽ കഴിഞ്ഞ വർഷത്തെ പോലെ 3.30 വരെ തീർഥാടകരെ കടത്തിവിടണമെന്നാണ് അഖില തിരുവിതാംകൂർ മലഅരയ മഹാസഭയുടെ ആവശ്യം.
ചാറ്റൽ മഴ, വഴിയിൽ ചെളി; മാലിന്യനീക്കം പ്രതിസന്ധിയിൽ
ശബരിമല ∙ ചാറ്റൽ മഴയിൽ വഴി എല്ലാം ചെളിയായി. സന്നിധാനത്തെ മാലിന്യ നീക്കം പ്രതിസന്ധിയിലായി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്ന് ശബരിമലയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം തുടങ്ങിയ ചാറ്റൽ മഴ ഇന്നലെ രാവിലെയും ഒരുപോലെ തുടർന്നു.
ശക്തിയായ മഴ ഇല്ലാത്തതിനാൽ താഴെ തിരുമുറ്റം, മാളികപ്പുറം, പാണ്ടിത്താവളം, ശരണവഴികൾ തുടങ്ങി എല്ലായിടവും ചെളി നിറഞ്ഞു.
വിശുദ്ധി സേന തൂത്തുവാരുന്ന മാലിന്യം ട്രാക്ടറിലാണു പാണ്ടിത്താവളം ഇൻസിനറേറ്ററിൽ എത്തിക്കുന്നത്. വലിയ നടപ്പന്തലിൽ നിന്നു താഴെ തിരുമുറ്റത്തേക്കും മാളികപ്പുറത്തു നിന്ന് ഹോട്ടലുകളുടെ ഭാഗത്തേക്കുമുള്ള കയറ്റങ്ങളിൽ ട്രാക്ടർ തെന്നി മാറുന്നു. തിരക്കിനിടെ ഇത് അപകടം ഉണ്ടാക്കുമെന്നു കണ്ടതിനെ തുടർന്ന് മാലിന്യം നീക്കുന്നത് താൽക്കാലികമായി നിർത്തി.
പരിശോധന ഉൗർജിതമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
ശബരിമല ∙ ഹോട്ടലുകാർ തീർഥാടകരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് 820 പരിശോധനകൾ നടത്തി. ക്രമക്കേടുകൾ കാട്ടിയ 58 സ്ഥാപനങ്ങൾക്ക് 3.07 ലക്ഷം രൂപ പിഴയിട്ടു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു 4 സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്. സന്നിധാനത്തെ കടകളിൽ ഭക്ഷണം പാചകം ചെയ്തു തുറസ്സായ രീതിയിൽ പ്രദർശിപ്പിക്കുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രദ്ധയിൽപെട്ടു. ഇത്തരം കടകൾക്ക് നോട്ടിസ് നൽകി. ഹോട്ടലുകളിൽ നിന്നു ഭക്ഷണം കഴിക്കുന്ന തീർഥാടകർക്കു പരാതി ഉണ്ടെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ നേരിട്ട് വിളിക്കാം.ഫോൺ സന്നിധാനം 7593861767, പമ്പ 8592999666 , നിലയ്ക്കൽ 7593861768 . ഇതിനു പുറമേ ടോൾ ഫ്രീ 18004251125 നമ്പറും ഉണ്ട്.
48 വൈഫൈ സ്പോട്ടുകൾ ഒരുക്കി ബിഎസ്എൻഎൽ
ശബരിമല∙ തീർഥാടകർക്ക് തടസ്സമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ ബിഎസ്എൻഎൽ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ 48 വൈഫൈ സ്പോട്ടുകൾ ഒരുക്കി. നിലയ്ക്കൽ മുതൽ സന്നിധാനം വരെയാണ് സൗജന്യ വൈഫൈ സ്പോട്ടുകൾ ക്രമീകരിച്ചത്. ഏത് ഇന്റർനെറ്റ് സിം ഉപയോഗിച്ചും സൗജന്യ സേവനം ആസ്വദിക്കാം. ഒരു സിമ്മിൽ ആദ്യത്തെ അരമണിക്കൂറാണ് സൗജന്യമായി 4ജി ഡേറ്റ ലഭിക്കുക. ഫോണിലെ വൈഫൈ ഓപ്ഷൻ ലോങ് പ്രസ് ചെയ്യുമ്പോൾ ബിഎസ്എൻഎൽ വൈഫൈ കാണാം. അതിൽ പബ്ലിക് വൈഫൈ ക്ലിക്ക് ചെയ്ത് സ്വന്തം ഫോൺ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒടി പി ഉപയോഗിച്ച് ഡേറ്റ സൗജന്യമായി ഉപയോഗിക്കാം. അരമണിക്കൂറിൽ കൂടുതൽ ഡേറ്റ ഉപയോഗിക്കുന്നവർക്ക് പണം നൽകിയും ഇന്റർനെറ്റ് ലഭിക്കാൻ ഓപ്‌ഷനും ഉണ്ട്.
ശബരിമലയിൽ ശരംകുത്തി ക്യൂ കോംപ്ലക്സ് , നടപ്പന്തൽ തുടക്കം , എസ്ബിഐ എടിഎം, തിരുമുറ്റം, അപ്പം അരവണ വിതരണ കൗണ്ടർ എന്നിവിടങ്ങളിൽ 2 യൂണിറ്റുകൾ വീതമുണ്ട്. ഓഡിറ്റോറിയം, അന്നദാനമണ്ഡപം , മാളികപ്പുറത്തെ അപ്പം അരവണ വിതരണ കൗണ്ടർ, മാളികപ്പുറം തിടപ്പള്ളി , ദേവസ്വം ഗാർഡ് റൂം , മരാമത്ത് ബിൽഡിങ് , ശബരിമല ബിഎസ്എൻഎൽ എക്സ്ചേഞ്ച് , ജ്യോതി നഗറിലെ ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്റർ , സ്റ്റാഫ് ക്വാർട്ടേഴ്‌സ് എന്നിങ്ങനെ 23 വൈഫൈ സ്പോട്ടുകളാണു ശബരിമലയിലുള്ളത്. പമ്പയിൽ 12 ,നിലയ്ക്കൽ 13 വൈഫൈ യൂണിറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
തകർന്ന സ്ലാബ് അപകട ഭീഷണി
ശബരിമല∙ താഴെ തിരുമുറ്റത്ത് ട്രാക്ടർ കയറി ഒടിഞ്ഞ സ്ലാബ് തീർഥാടകർക്ക് അപകട ഭീഷണിയായി. അരി ശേഖരിച്ചു വന്ന ട്രാക്ടർ കയറി ഇറങ്ങിയാണ് സ്റ്റാഫ് ഗേറ്റിനു സമീപത്തെ സ്ലാബ് ഒടിഞ്ഞത്. തിരക്കിനിടെ നടന്നുവരുന്ന തീർഥാടകർക്ക് ഒടിഞ്ഞ സ്ലാബ് പെട്ടെന്നു കാണാൻ കഴിയില്ല. അതിൽ ഇതിൽ തട്ടി വീഴുന്നു. കുഴിയിൽ കാൽ കുടുങ്ങുന്നു. ഇക്കാര്യം പൊലീസ് ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
വീണയിൽ ശ്രുതിമീട്ടി മിനിമോൾ
ശബരിമല∙എല്ലാ ദുഃഖവും തീർത്തുതരുന്ന അയ്യപ്പ സന്നിധിയിൽ വീണയിൽ ശ്രുതിമീട്ടി ഗാനാർച്ചന നടത്താൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് എറണാകുളം സ്വദേശിനിയായ മിനിമോൾ (56). കന്നിക്കാരിയായി ഇന്നലെ മലകയറി എത്തിയത് ഗാനാർച്ചനയ്ക്കുള്ള പിന്നണിക്കാരുമായി. ആവശ്യമായ വാദ്യോപകരണങ്ങളും കൊണ്ടുവന്നു. പന്ത്രണ്ട് വിളക്കായ ഇന്നലെ രാവിലെ പതിനെട്ടാംപടി കയറി ദർശനം നടത്തി. അതിനു ശേഷമാണ് വലിയ നടപ്പന്തലിലെ സ്റ്റേജിൽ ഗാനാർച്ചന നടത്തിയത്.
ചാറ്റൽ മഴ, കോടമഞ്ഞ്, തണുപ്പ്...
ശബരിമല∙ ചാറ്റൽ മഴ, മൂടിക്കെട്ടിയ അന്തരീക്ഷം, കോടമഞ്ഞ്, തണുപ്പ്. രണ്ട് ദിവസമായി ശബരിമലയിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് ഉണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം തുടങ്ങിയ ചാറ്റൽമഴ ഇന്നലെയും തുടർന്നു. പുലർച്ചെ തുടങ്ങിയ ചാറ്റൽമഴ രാവിലെ 10 വരെ തുടർന്നു. വൈകിട്ട് 5 ആയപ്പോഴേക്കും തൊട്ടടുത്തു നിൽക്കുന്നവരെ കാണാൻ കഴിയാത്ത വിധത്തിൽ സന്നിധാനം കോടമഞ്ഞു മൂടി. രാത്രിയും കോടമഞ്ഞിന്റെ തീവ്രത കൂടിയിട്ടുണ്ട്.നല്ല തുണുപ്പുണ്ട്. രാത്രി പമ്പയിൽ എത്തിയവർക്ക് തണുപ്പ് ശരിക്കും അനുഭവപ്പെട്ടു. പമ്പാ മണപ്പുറത്തേക്ക് ഇറങ്ങിയപ്പോഴേ താടി കൂട്ടിയിടിച്ചു.