കോന്നി കല്ലേലി ചെളിക്കുഴിയിൽ വീട്ടുപരിസരത്ത് പുലിയെ കണ്ടതായി അഭ്യൂഹം
Mail This Article
കോന്നി ∙ കല്ലേലി ചെളിക്കുഴിയിൽ വീടിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം. കഴിഞ്ഞ ദിവസം ഉച്ചയോടെ ചെളിക്കുഴി പുതുപ്പറമ്പിൽ ലത സുരേഷാണ് പുലിയെ കണ്ടത്. ഈ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ലത വീടിന്റെ വാതിലിൽ ഇരിക്കുകയായിരുന്നു. വീട്ടിൽ വളർത്തുന്ന കോഴികൾ ശബ്ദമുണ്ടാക്കിക്കൊണ്ട് പറന്ന് മുറ്റത്തേക്ക് വരുന്നത് ശ്രദ്ധിച്ചപ്പോൾ കോഴികൾക്ക് പിന്നാലെ പുലി പാഞ്ഞുവരുന്നത് കണ്ടു. വീടിന് എതിർ വശത്തെ കാട്ടിലേക്കാണ് പുലി പോയത്. സമീപമുണ്ടായിരുന്ന പട്ടിക്കുട്ടിയുമായി ലത പെട്ടെന്ന് വീടിനുള്ളിലേക്ക് കയറി കതകടച്ചു.
കിണറിന് സമീപവും വീടിന് പിൻഭാഗത്തും പുലിയുടെ കാൽപ്പാടുകൾ കണ്ടതായി വീട്ടുകാർ പറയുന്നു. വിവരമറിയിച്ചതനുസരിച്ച് കോന്നിയിൽ നിന്ന് വനംവകുപ്പ് സ്ട്രൈക്കിങ് ഫോഴ്സ് എത്തി പരിശോധന നടത്തി. എന്നാൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്താനായില്ലെന്ന് സ്ട്രൈക്കിങ് ഫോഴ്സ് പറഞ്ഞു. മാസങ്ങൾക്ക് മുൻപ് അടുത്ത വീട്ടിലെ പട്ടിയെ പുലി കൊണ്ടുപോയിരുന്നു. അന്ന് വനപാലകർ എത്തി പരിശോധന നടത്തി പോയതല്ലാതെ കൂട് സ്ഥാപിച്ചില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
മാമ്പാറയിൽ പുലിയെ കണ്ടെന്ന് ഡ്രൈവർ
റാന്നി പെരുനാട് ∙ മാമ്പാറ പള്ളിക്കു സമീപം പുലിയെ കണ്ടെന്നറിഞ്ഞ് വനപാലകർ പരിശോധന നടത്തി. കാട്ടുപൂച്ചയാകുമെന്ന (വള്ളിപ്പാക്കാൻ) നിഗമനത്തിൽ അവർ മടങ്ങി.ഇതിലെ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് ചൊവ്വാഴ്ച വൈകിട്ട് പുലിയെ കണ്ടെന്ന് അറിയിച്ചത്. സംഭവം ബിജെപി മേഖല സെക്രട്ടറി സാനു മാമ്പാറ ചിറ്റാർ വനം സ്റ്റേഷനിൽ അറിയിച്ചു. തുടർന്നാണ് വനപാലകർ പരിശോധനയ്ക്കെത്തിയത്. സംഭവം അറിഞ്ഞപ്പോൾ സ്ഥലം ഉടമ കാട് തെളിച്ച് വൃത്തിയാക്കി.