ADVERTISEMENT

ശബരിമല ∙ പുഷ്പാഭിഷേകത്തിന്റെ സുകൃത ദർശനത്തിലാണു സ്വാമി ഭക്തർ. നെയ്‌വിളക്കിന്റെ വെളിച്ചത്തിൽ പൂക്കൾക്കു മധ്യത്തിൽ തിളങ്ങി നിൽക്കുന്ന അയ്യപ്പ സ്വാമി തീർഥാടകർക്ക് അനുഭൂതി നൽകുന്ന കാഴ്ചയാണ്. വൈകിട്ട് ദീപാരാധനയ്ക്കു ശേഷമാണ് പുഷ്പാഭിഷേകം .തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി എസ്.അരുൺ‌ കുമാർ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് പുഷ്പാഭിഷേകം.സന്നിധാനത്ത് എത്തുന്ന തീർഥാടകർക്കു മുൻകൂർ ബുക്കിങ് ഇല്ലാതെ നടത്താവുന്ന ഏക വഴിപാടാണിത്. 12,500 രൂപയാണ് ദേവസ്വത്തിൽ അടയ്ക്കേണ്ടത്. 700 ഗ്രാം പൂവ് ഇതിനായി ലഭിക്കും. 

വഴിപാട് നടത്തുന്ന 5 പേർക്ക് സോപാനത്ത് ഒന്നാം നിരയിൽ നിന്നു പൂക്കൾ‌ ശ്രീകോവിലിലേക്ക് കൊടുക്കുന്നതിനും പുഷ്പാഭിഷേകം കണ്ട് തൊഴാനും അവസരം ലഭിക്കും.ഇത്തവണ 2 കോടി രൂപയ്ക്കാണ് പൂവ് ലേലത്തിൽ പോയത്. ഇതിനു പുറമേ 18 ശതമാനം ജിഎസ്ടിയും അടച്ചാണ് പുഷ്പാഭിഷേകം കരാർ എടുത്തിട്ടുള്ളത്. 12,500 രൂപ ദേവസ്വത്തിൽ അടച്ചാൽ 7500 രൂപ പൂവിന്റെ വിലയായി കരാറുകാരനു ലഭിക്കും. കമ്പം, ഡിണ്ടിഗൽ, ഹൊസൂർ എന്നിവിടങ്ങളിൽ നിന്നാണ് ദിവസവും പൂവ് കൊണ്ടുവരുന്നത്. പൂജക്കുള്ള മുഴുവൻ പൂക്കളും പ്രത്യേകം തയാറാക്കിയ ശീതീകരിച്ച ലോറിയിലാണ് ഇവ കൊണ്ടുവരുന്നത്.താമര, തുളസി, തെറ്റി, റോസ്, ജമന്തി, മുല്ല, കൂവളം എന്നീ പൂക്കളാണ് പുഷ്പാഭിഷേകത്തിന് എടുക്കുന്നത്. പൂക്കൾ ഒരുക്കുന്ന ജോലികൾ ഉച്ചപൂജ കഴിയുന്നതോടെ തുടങ്ങും. ഇത് ഭക്തരെ ഏറെ ആകർഷിക്കുന്നു.

പൂക്കൾക്കു പുറമേ അയ്യപ്പ സ്വാമിക്കു ചാർത്താനുള്ള കിരീടം, ഏലക്കാ മാല തുടങ്ങിയവയും ഇവിടെ ക്രമീകരിക്കുന്നുണ്ട്. പുഷ്പാഭിഷേകത്തിനു ശേഷം അയ്യപ്പനു കിരീടം ചാർത്തും. കൂടാതെ ഏലക്കാ മാല, ചന്ദനമാല, രാമച്ചമാല എന്നിവയും ചാർത്താറുണ്ട്. ഭഗവാന് പ്രത്യേകമായി ചാർത്താനുള്ള , തലയിൽ വയ്ക്കുന്ന കിരീടം എന്നിവ ഭഗവാന് ചാർത്തിയതിന് ശേഷം ഭക്തർക്ക് വീട്ടിൽ കൊണ്ടുപോയി സൂക്ഷിക്കാമെന്നതിനാൽ ഈ പൂജക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കിരീടം, മാല തുടങ്ങിയവ വേണ്ടവർ പ്രത്യേകം പണം കൊടുക്കണം. ദിവസം 80 മുതൽ 100 വരെ പുഷ്പാഭിഷേകം വഴിപാട് നടക്കാറുണ്ട്. കൃത്യം 9ന് പുഷ്പാഭിഷേകം അവസാനിക്കും. അതിനാൽ വഴിപാട് ടിക്കറ്റ് മുൻകൂട്ടി എടുക്കുന്നവർ അതിന് അനുസരിച്ച് എത്തണം. തീർഥാടകരുടെ തിരക്ക് ഉള്ളതിനാൽ ക്യൂ നിന്നു വേണം എത്താൻ.

English Summary:

This article delves into the enchanting ritual of Pushpabhishekam performed at the Sabarimala Ayyappan Temple. It details the process, the significance for devotees, the associated costs, and how pilgrims can witness or participate in this sacred flower offering.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com