ചുഴലിക്കാറ്റ്, മൂടൽമഞ്ഞ്, ചൂട്, തണുപ്പ്; നാലു കാലാവസ്ഥകളുടെ നിഴലിൽ കേരളം
Mail This Article
പത്തനംതിട്ട ∙ ശൈത്യകാലത്തിനു മീതേ മഴയുടെ മേൽമൂടിയിട്ട് മറ്റൊരു ചുഴലിക്കാറ്റ്. തമിഴ്നാട് തീരത്തോട് ചേർന്ന് ചുഴലി കരയിലേക്കു കയറുന്നത് ഏറെക്കാലത്തിനു ശേഷമാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി തീരം തൊടാൻ ഒഴാഴ്ചയെടുത്തതും അസാധാരണമാണെന്ന് നിരീക്ഷകർ പറഞ്ഞു. ഭീഷണിയില്ലെങ്കിലും കേരളവും ഈ ചുഴലിയുടെ വൃത്തപരിധിയിലാണ്. സംസ്ഥാനത്തും ഫെയ്ഞ്ചൽ ചുഴലി നേരിയ മഴ എത്തിക്കും. വടക്കൻ തമിഴ്നാട്ടിലക്കു നീങ്ങുന്നതിനാൽ ഉത്തരകേരളത്തിലാവും കൂടുതൽ മഴ. തുലാവർഷത്തിലെ 22% കുറവ് പരിഹരിക്കാനാവുമോ എന്നു കാത്തിരിക്കയാണ് ഊർജമേഖലയിലുള്ളവർ. ഒഡീഷ തീരത്തേക്ക് കഴിഞ്ഞമാസം കയറിയ ദാന ചുഴലിക്കു പിന്നാലെ എത്തുന്ന ഫെയ്ഞ്ചലിന് പേരു നിർദേശിച്ചത് സൗദി അറേബ്യയാണ്.
വരവറിയിച്ച് മഞ്ഞുകാലം
ഒരേ സമയം ചുഴലിക്കാറ്റ്, മൂടൽമഞ്ഞ്, ചൂട്, തണുപ്പ് എന്നീ നാലു കാലാവസ്ഥകളുടെയും നിഴലിലാണ് കേരളം നിലവിൽ. ശൈത്യം വരവറിയിച്ചതിനാൽ ചൂടിനു ശമനമുണ്ട്. എന്നാൽ രാജ്യത്തെ തന്നെ ഏറ്റവും കൂടിയ താപനില കഴിഞ്ഞദിവസം അനുഭവപ്പെട്ടത് കണ്ണൂർ വിമാനത്താവളത്തിലാണ്: 35.6 ഡിഗ്രി സെൽഷ്യസ്. സംസ്ഥാനത്തെ ഏറ്റവും കുറവ് രാത്രി താപനിലയും ഇതേ മാപിനിയിൽ തന്നെ: 22.2 ഡിഗ്രി. വെള്ളാനിക്കരയിൽ ഇന്നലെ 22.7 ഡിഗ്രി രേഖപ്പെടുത്തി. മഞ്ഞുകാലത്തിന്റെ വരവ് അറിയിച്ച് സംസ്ഥാനമെങ്ങും കഴിഞ്ഞ ഏതാനും ദിവസമായി മൂടിക്കെട്ടിയ കാലാവസ്ഥയാണ്. മഴ കുറഞ്ഞ് പകൽച്ചൂട് ഉയർന്ന് അന്തരീക്ഷത്തിലേക്ക് ഈർപ്പം ഉയരുമ്പോഴാണ് വൃശ്ചികമൂടൽ കമ്പളം വിരിക്കുന്നത്.