ADVERTISEMENT

ശബരിമല ∙ മഴ കനത്തതോടെ പമ്പയിൽ അതീവ ജാഗ്രത. ത്രിവേണിയിൽ സംഗമിക്കുന്ന പമ്പ, കക്കി നദികളിൽ നീരൊഴുക്ക് ശക്തമാണ്. കക്കിയാറ്റിലൂടെ വെള്ളം കലങ്ങിയാണ് വരുന്നത്. അതിനാൽ തീർഥാടകർ പുണ്യസ്നാനം നടത്തുന്ന ഭാഗത്തെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ജലസേചന വകുപ്പിന്റെ ത്രിവേണി പമ്പ് ഹൗസ്, ആറാട്ടുകടവ് എന്നിവിടങ്ങളിലെ തടയണകൾ തുറന്നുവിട്ട് വെള്ളം ഒഴുക്കിക്കളഞ്ഞു. ശബരിമല മേഖലയിൽ 4 ദിവസം മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇതുകൂടി പരിഗണിച്ചാണ് പമ്പയിൽ അതീവ ജാഗ്രത പാലിക്കുന്നത്.

ശബരിമല എഡിഎം അരുൺ എസ്.നായരുടെ അധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം പമ്പയിൽ ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. നദിയിലെ ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്താൽ തീർഥാടകർ സ്നാനത്തിന് ഇറങ്ങുന്നത് തടയാനാണ് തീരുമാനം. ഒഴുക്ക് ശക്തമായാൽ സ്നാനത്തിന് ഇറങ്ങുന്നത് അപകടമാണ്. നദിയിലെ ജലനിരപ്പ് നിരീക്ഷിച്ച് വേണ്ട ക്രമീകരണങ്ങൾക്കായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ ത്രിവേണി പമ്പ് ഹൗസ്, ആറാട്ടുകടവ് എന്നിവിടങ്ങളിൽ 24 മണിക്കൂറും ക്യാംപ് ചെയ്യുന്നുണ്ട്. 

അഗ്നിരക്ഷാസേന, ദുരന്ത നിവാരണ സേന, പൊലീസ് എന്നിവരും നിരീക്ഷണം ശക്തമാക്കി. റവന്യു ഉദ്യോഗസ്ഥരും  പമ്പാ മണപ്പുറം, ത്രിവേണി, ആറാട്ട് കടവ് എന്നിവിടങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളെ നേരിടാനും തീർഥാടകർക്ക് സഹായമേകാനും ദേശീയ ദുരന്തനിവാരണസേനയുടെ (എൻഡിആർഎഫ്) ചെന്നൈ ആരക്കോണം നാലാം ബറ്റാലിയനിൽ നിന്നുള്ള 79 പേരടങ്ങിയ സംഘവും ശബരിമലയിലുണ്ട്.

English Summary:

Heavy rainfall in the Pamba river basin has led to rising water levels, prompting authorities to issue a high alert. The confluence of the Pamba and Kakki rivers at Triveni is experiencing a strong current, with muddy waters flowing from the Kakkiyar region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com