മണക്കയം– ബിമ്മരം പാത തെളിച്ച് നാട്ടുകാർ; മണക്കയം–അള്ളുങ്കൽ റോഡിന്റെ പുനരുദ്ധാരണം അവസാനഘട്ടത്തിൽ
Mail This Article
ചിറ്റാർ∙ മണക്കയം– അള്ളുങ്കൽ റോഡിൽ ഉൾപ്പെട്ട മണക്കയം പാലം മുതൽ ബിമ്മരം തോടിന്റെ പടി വരെയുള്ള ഭാഗം ബിമ്മരം നഗർ നിവാസികളുടെ നേതൃത്വത്തിൽ വൃത്തിയാക്കി. അള്ളുങ്കൽ നിവാസികളുടെ നേതൃത്വത്തിൽ ബിമ്മരം തോട് മുതൽ അള്ളുങ്കൽ വരെയുള്ള ഭാഗത്തെ പുന:രുദ്ധാരണ ജോലികൾ നടക്കുന്നുണ്ട്. ഇവർക്കു പിന്തുണയുമായാണ് നാട്ടുകാർ അവരുടെ ഭാഗത്തെ റോഡിലെ കളകൾ പറിച്ച് മാറ്റി ഇരു വശവും വൃത്തിയാക്കിയത്.
മണക്കയം–അള്ളുങ്കൽ റോഡിന്റെ പുനരുദ്ധാരണം അവസാനഘട്ടത്തിലാണ്. വനത്തിലൂടെ പോകുന്ന ഭാഗത്തെ ജോലികൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ ആഴ്ചയോടെ ഇതു വഴി ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് റോഡിന്റെ ഗുണഭോക്താക്കൾ.സീതത്തോട് പാലത്തിന്റെ നിർമാണ ജോലികൾ നടക്കുന്നതിനാൽ സീതക്കുഴി ചുറ്റി വേണം ആങ്ങമൂഴി, കോട്ടമൺപാറ, അള്ളുങ്കൽ ഭാഗത്തേക്കു നിലവിൽ പോകുവാൻ. മണക്കയം – അള്ളുങ്കൽ റോഡ് തുറക്കുന്നതോടെ നിലവിലുള്ള ഗതാഗത പ്രതിസന്ധിക്കു ഏറെ പരിഹാരമാകും. ആറിന്റെ മറുകരയിലുള്ളവർക്കു കുറഞ്ഞ സമയത്തിനുള്ളിൽ ചിറ്റാറിൽ എത്താനാകും.