മരിച്ച നഴ്സിങ് വിദ്യാർഥിനിയുടെ പിതാവ് മൊഴി നൽകി
Mail This Article
പത്തനംതിട്ട ∙ ഹോസ്റ്റൽ കെട്ടിടത്തിൽനിന്നു വീണു പരുക്കേറ്റു മരിച്ച നഴ്സിങ് വിദ്യാർഥിനി അമ്മു എ.സജീവിന്റെ അച്ഛൻ സജീവ് കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഡിവൈഎസ്പിക്കു മൊഴി നൽകി. മകൾ ജീവനൊടുക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.അറസ്റ്റിലായ മൂന്ന് കുട്ടികളാണ് പ്രധാനമായും അമ്മുവിനെ ഉപദ്രവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കട്ടെ. കോളജിലെ കുട്ടികളുടെ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ വൈകിയോ എന്ന കാര്യം അന്വേഷിക്കാമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞിട്ടുണ്ട്.
ചികിത്സയിൽ ഉണ്ടായ പിഴവും കുട്ടികൾക്കിടയിലുള്ള പ്രശ്നം പരിഹരിക്കുന്നതിൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും അന്വേഷിക്കണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.അമ്മു എ.സജീവിന്റെ മരണത്തിൽ അറസ്റ്റിലായ സഹപാഠികളുടെ ജാമ്യാപേക്ഷ ഇന്നലെ നൽകിയത് കോടതി നാളെ പരിഗണിക്കും. കേസിൽ പട്ടികജാതി –പട്ടികവർഗ പീഡന നിരോധന വകുപ്പുകൾ പൊലീസ് അധികമായി ചേർത്തിരുന്നു. പത്തനംതിട്ട ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.