പണ്ടെങ്ങോ കിട്ടിയ പെട്ടിയുംപറയും; പാടത്തെ വെള്ളംനീക്കാൻ വഴിയില്ല
Mail This Article
പെരിങ്ങര ∙ വെള്ളം വറ്റിക്കുന്നതിനുള്ള സൗകര്യം കുറവ്. കോടങ്കരി പാടശേഖരത്തിൽ കൃഷിയിറക്കാൻ വൈകുന്നു. പമ്പിങിന് ഉപയോഗിക്കുന്ന പെട്ടിയും പറയും കാലപ്പഴക്കം കാരണം ശരിയായി പ്രവർത്തിക്കാത്തതാണു കാരണം.നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന 300 ഏക്കർ വരുന്നതാണു കോടങ്കരി പാടശേഖരം. ഇതിൽ 250 ഏക്കറാണ് എല്ലാ വർഷവും കൃഷി ചെയ്യുന്നത്. ജലസേചന സൗകര്യത്തിനായി 3 പെട്ടിയും പറയും ഒരു ആക്സിൽ പമ്പുമാണു പാടശേഖരത്തിലുള്ളത്. വർഷങ്ങൾക്കു മുൻപ് കൃഷിവകുപ്പിൽ നിന്നു നൽകിയ പെട്ടിയും പറയുമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. കാലപ്പഴക്കം കാരണം എന്നും തകരാറാകുന്ന സ്ഥിതിയിലാണിത്.വിത്തു വിതയ്ക്കുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാടത്തു നിന്നു വെള്ളം പമ്പു ചെയ്തു കളയുന്നതിനു സൗകര്യം ഇല്ലാത്തത് കൃഷിക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പലരും കൃഷി ഉപേക്ഷിക്കുന്നതിനുള്ള സാഹചര്യവും ഇതുവഴി ഉയരുന്നുണ്ട്.
നവംബർ ആദ്യവാരം കൃഷിയിറക്കുന്ന രീതിയാണ് ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ പാടത്തു നിന്നു വെള്ളം ഒഴുക്കിവിടാൻ കഴിയാത്തതു കാരണം ഇപ്പോൾ കൃഷിയിറക്കാൻ ഒരു മാസം താമസിച്ചിരിക്കുകയാണ്. പെട്ടിയും പറയും വാടകയ്ക്ക് എടുക്കാനുള്ള ശ്രമത്തിലാണു കർഷകർ. എന്നാൽ ഇതും കിട്ടാത്ത സ്ഥിതിയാണ്. ഇനി ലഭിച്ചാലും വെള്ളം വറ്റിച്ച് കൃഷിയിറക്കുമ്പോഴേക്കും ജനുവരിയാകും. പിന്നീടു കൊയ്യാറാകുന്ന സമയത്ത് വേനൽമഴയും എത്തും. കുറെ നാളായി താമസിച്ച് കൃഷിയിറക്കി കൊയ്തെടുക്കാൻ കഴിയാത്ത അവസ്ഥയാണെന്നു കർഷകർ പറഞ്ഞു.കൃഷി അധികൃതരെ സമീപിച്ചെങ്കിലും പുതിയ. പെട്ടിയും പറയും വയ്ക്കുന്നതിനു സാമ്പത്തികം ലഭ്യമല്ല എന്നു പറഞ്ഞ് കൈയൊഴിയുകയാണ്. ഇതിന് ആവശ്യമായിട്ടുള്ള പരാതികൾ വകുപ്പ് തലത്തിൽ നൽകിയിട്ടുണ്ടെങ്കിലും നടപടി കൈക്കൊണ്ടിട്ടില്ല, പ്രതിസന്ധി തരണം ചെയ്യുന്നതിനു കൃഷിവകുപ്പ് അടിയന്തരമായി ഇടപെട്ടു ജലസേചനത്തിന് ആവശ്യമായ പെട്ടിയും പറയും മറ്റു മോട്ടറുകളും സ്ഥാപിച്ചു പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം.കോടങ്കേരി പാടശേഖര സമിതി കൺവീനർ എം.എസ്. പ്രശാന്ത്, രഘു രാഗേഷ്, ജേക്കബ് എബ്രഹാം, ജോസഫ് ജോർജ്, ശശി കാട്ടിൽ, മോൻസി കോയിക്കേരിൽ, സുനിൽ ചെരുപ്പേരിൽ, പുന്നൂസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കാനുള്ള ശ്രമങ്ങൾ.