പമ്പയിലെ നിയന്ത്രണങ്ങളിൽ ഇളവ്, ജാഗ്രതാ നിർദേശം; മിന്നൽപ്രളയ സാഹചര്യം നേരിടാൻ പ്രത്യേക കർമപദ്ധതി
Mail This Article
ശബരിമല ∙ പമ്പാ നദിയിൽ ഇറങ്ങുന്നതിന് തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് വരുത്തി. ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിൽ മാറ്റം വന്നതിനെ തുടർന്നാണ് ഈ തീരുമാനം.പമ്പാ നദിയിൽ അടിയൊഴുക്കുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കുട്ടികളും മുതിർന്നവരും ശ്രദ്ധിക്കണമെന്ന് നിർദേശമുണ്ട്. ഇരുകരകളിലും ദേശിയ ദുരന്തനിവാരണ സേനയുടെയും അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.പമ്പയിലെ ജലനിരപ്പ് 24 മണിക്കൂറും ഇറിഗേഷൻ വകുപ്പ് നിരീക്ഷിക്കും. ഇന്നലെ വൈകിട്ടും സന്നിധാനത്ത് ശക്തമായ മഴ പെയ്തു. മഴയുടെ അളവ് അറിയുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴ മാപിനികളൊരുക്കിയിട്ടുണ്ട്.
ഉൾവനത്തിലെ മഴയുടെ അളവ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മനസ്സിലാക്കും. മഴ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലും നീരൊഴുക്ക് വർധിച്ചാലും ആവശ്യമെങ്കിൽ പമ്പയിൽ സ്‌നാനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.കാലാവസ്ഥ എത്ര പ്രതികൂലമായാലും തീർഥാടകർക്ക് സുരക്ഷിതമായി ദർശനം നടത്തി മടങ്ങാനുള്ള സജ്ജീകരണങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ശബരിമല എഡിഎം അരുൺ എസ്.നായർ പറഞ്ഞു. പമ്പാ നദിയിൽ മിന്നൽ പ്രളയ സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടുന്നതിനായി പ്രത്യേക കർമപദ്ധതി മഴയുടെ പശ്ചാത്തലത്തിൽ വിവിധ വകുപ്പുകളുടെ സംയുക്തയോഗം ചേർന്ന് തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാനന യാത്രികരെ മടക്കി അയച്ചു
ശബരിമല ∙ കനത്ത മഴയിൽ കരിമല, പുല്ലുമേട് കാനന പാതകളിൽ ചെളി നിറഞ്ഞതിനാൽ ഇതുവഴിയെത്തിയ പലരും വീണു പരുക്കേറ്റു. ഞായറാഴ്ച വൈകിട്ട് 12 പേരാണ് പുല്ലുമേട് ഭാഗത്തു കുടുങ്ങിയത്. ഇതിൽ 2 പേർക്കു സാരമായി പരുക്കേറ്റു. കരിമല വഴിയുള്ള കാനന പാതയിൽ അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളിൽ വനപാലകർ തീർഥാടകരെ തടഞ്ഞ് മടക്കി അയച്ചു. വണ്ടിപ്പെരിയാർ സത്രത്തിൽ നിന്നു പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള വഴി വന്ന തീർഥാടകരെയും മടക്കി അയച്ചു. കാളകെട്ടി വഴി അഴുതയിൽ കാൽനടയായി എത്തിയ തീർഥാടകരെ വാഹനത്തിൽ കണമല, നിലയ്ക്കൽ വഴി പമ്പയിലേക്കു പോകാൻ നിർദേശം നൽകി മടക്കി. അഴുതക്കടവിൽ നിന്നു പമ്പയിൽ എത്താൻ വാഹനം കിട്ടാതെ തീർഥാടകർ വിഷമിച്ചു.അഴുതക്കടവ് മുതൽ പമ്പ വരെ 18 കിലോമീറ്ററാണ് ദൂരം. കുത്തനെയുള്ള കയറ്റവും ഇറക്കവുമാണ്. മഴ മൂലം മണ്ണിടിച്ചിൽ സാധ്യതയും ഏറെയാണ്. സത്രത്തിൽ നിന്നു സന്നിധാനത്ത് എത്താൻ 13 കിലോമീറ്റർ ദൂരമുണ്ട്.