മേൽക്കൂര ചോരുന്നു; ഇടത്താവളത്തിൽ വിരി വയ്ക്കാൻ വഴിയില്ല
Mail This Article
റാന്നി ∙ മഴ കനത്തതോടെ വിരി വയ്ക്കാനിടമില്ലാതെ തീർഥാടകർ. റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വിശ്രമത്തിനെത്തുന്ന തീർഥാടകരാണു തല ചായ്ക്കാനിടമില്ലാതെ വലയുന്നത്.എരുമേലിക്കു സമീപമുള്ള പ്രധാന ഇടത്താവളമാണിത്. നടന്നെത്തുന്ന തീർഥാടകർ ഇവിടെ വിരിവച്ചു വിശ്രമിച്ചാണ് എരുമേലിക്കു നീങ്ങുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർമിച്ചിട്ടുള്ള ഓഡിറ്റോറിയത്തിലാണു തീർഥാടകർ വിശ്രമിക്കുന്നത്. ഇതിന്റെ മേൽക്കൂര ചോരുകയാണ്. പൊട്ടിയ ആസ്ബസ്റ്റോസ് ഷീറ്റുകൾക്കിടയിലൂടെ വെള്ളം ഓഡിറ്റോറിയത്തിനുള്ളിൽ എത്തുന്നു.
ഇതു തറയിൽ കെട്ടിക്കിടക്കുന്നതുമൂലം തീർഥാടകർക്കു കിടക്കാനാകുന്നില്ല.ഗുരുസ്വാമി സുനിലിന്റെ നേതൃത്വത്തിൽ വിതുരയിൽ നിന്നുള്ള 50 അംഗ സംഘം ഇന്നലെ രാവിലെ നടന്നെത്തിയിരുന്നു. 21 വർഷമായി തുടർച്ചയായെത്തുന്ന സംഘം ക്ഷേത്രത്തിലാണ് വിരി വയ്ക്കാറുള്ളത്. ഇന്നലെ അവർ ശരിക്കും കഷ്ടപ്പെട്ടു. നിന്നും ഇരുന്നും കഴിയുകയായിരുന്നു അവർ. പ്രായമായവരും കുട്ടികളും ഇത്തിരി സ്ഥലങ്ങളിൽ ഒതുങ്ങി കൂടുകയായിരുന്നു. തീർഥാടനം തുടങ്ങി മൂന്നാഴ്ചയോളമായിട്ടും ഇതിനു പരിഹാരം കാണാൻ ദേവസ്വം ബോർഡ് തയാറായിട്ടില്ല.