മഴ കനത്തു; റോഡുകൾ വെള്ളക്കെട്ടിനു സ്വന്തം
Mail This Article
റാന്നി ∙ മഴ കനത്തതോടെ റോഡുകളിലെങ്ങും വെള്ളക്കെട്ട്. ഓടയില്ലാത്തതും അശാസ്ത്രീയമായ ഓട നിർമാണവുമാണു വെള്ളക്കെട്ടിനു കാരണം. കോന്നി–പ്ലാച്ചേരി പാത ഉന്നത നിലവാരത്തിൽ വികസിപ്പിച്ചപ്പോൾ ഓടകളും കലുങ്കുകളും നിർമിച്ചിരുന്നു.എന്നാൽ അവയിലധികവും വെള്ളമൊഴുകിപ്പോകുന്ന രീതയിലല്ല നിർമിച്ചത്. അതിന്റെ ദുരിതമാണു വാഹന –കാൽനട യാത്രക്കാർ ഇപ്പോൾ അനുഭവിക്കുന്നത്. മിക്കയിടത്തും ഓടയിലേക്കു വെള്ളമൊഴുകിപ്പോകുന്നില്ല. വെള്ളം ഓടയിലേത്തേണ്ട ദ്വാരങ്ങൾ അടഞ്ഞു കിടക്കുന്നു. കൂടാതെ റോഡിന്റെ കിടപ്പനുസരിച്ചു ചരിച്ചല്ല ഓട നിർമിച്ചിട്ടുള്ളത്. ഇതുമൂലം വെള്ളം കെട്ടി നിൽക്കുന്നു.
നിർമിച്ച ശേഷം ഇതുവരെ തുള്ളി വെള്ളമൊഴുകാത്ത ഓടകൾ പോലും പാതയിലുണ്ട്. മഴ പെയ്യുമ്പോൾ വെള്ളം പാതയുടെ ഉപരിതലത്തിലൂടെ പരന്നൊഴുകുകയാണ്. ഇതു കൂടാതെയാണു പലയിടത്തും കെട്ടിക്കിടക്കുന്നത്. ഇട്ടിയപ്പാറ ബൈപാസിലും വെള്ളക്കെട്ടുണ്ട്. റോഡിന്റെ മധ്യത്തിലധികം ഭാഗത്തു മാലിന്യവും വെള്ളവും കെട്ടിക്കിടക്കുന്നു. വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനടക്കാരുടെ ദേഹത്തു വെള്ളം തെറിക്കുകയാണ്. നിർമാണച്ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ്(കെആർഎഫ്ബി) ഇതിനു പരിഹാരം കാണാൻ ഇതുവരെ തയാറായിട്ടില്ല.