ഹോട്ടലുകളിൽ പരിശോധന: 49 കേസുകൾ റജിസ്റ്റർ ചെയ്തു
Mail This Article
ശബരിമല∙ ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തുദിവസത്തിനിടെ പരിശോധന നടത്തി 3.91 ലക്ഷം രൂപ പിഴ ചുമത്തി. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ് റജിസ്റ്റർ ചെയ്തു.തീർഥാടകരെ ചൂഷണം ചെയ്യുന്നത് തടയാനും ശുചിത്വമുള്ള ഭക്ഷ്യവസ്തുക്കളാണ് ലഭ്യമാക്കുന്നതെന്ന് ഉറപ്പാക്കാനും അമിത വില ഈടാക്കുന്നത് തടയാനുമായിരുന്നു പരിശോധന. ശബരിമല അഡിഷനൽ ജില്ലാ മജിസ്‌ട്രേട്ട് ഡോ. അരുൺ എസ്.നായരുടെ നേതൃത്വത്തിൽ മൂന്നു ഡ്യൂട്ടി മജിസ്ട്രേട്ടുമാർ വിവിധ സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്.
സന്നിധാനത്ത് 187 കടകളിലും ഹോട്ടലുകളിലും പരിശോധന നടന്നു. അളവിലും തൂക്കത്തിലും ക്രമക്കേട്, അധിക വില ഈടാക്കൽ, നിയമാനുസൃത രേഖപ്പെടുത്തലുകൾ ഇല്ലാത്ത ഭക്ഷണ പായ്ക്കറ്റുകൾ വിൽക്കുക എന്നീ കുറ്റങ്ങൾക്ക് 14 കേസുകളിലായി 1,35,000 രൂപ പിഴ ചുമത്തി. പമ്പയിൽ 88 പരിശോധന നടത്തി. 18 കേസുകളിലായി 106,000 രൂപ പിഴ ചുമത്തി. നിലയ്ക്കലിൽ നടന്ന 145 പരിശോധനകളിലായി 17 കേസെടുത്തു. 1,50,000 രൂപ പിഴ ഈടാക്കി. ഡ്യൂട്ടി മജിസ്‌ട്രേട്ടായ ഡെപ്യൂട്ടി കലക്ടർ എ.വിജയൻ, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് പി.കെ.ദിനേശ്, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരും പരിശോധനകൾക്ക് നേതൃത്വം നൽകി.