കാത്തിരുന്നില്ല അപകടം; തറ തകർന്ന് തോട്ടിൽ
Mail This Article
കിളിവയൽ ∙ എംസി റോഡരികിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ കോൺക്രീറ്റ് തറ തകർന്നു തോട്ടിൽ പതിച്ചു. കാത്തിരിപ്പു കേന്ദ്രത്തിൽ നിന്ന അടൂർ സെന്റ് സിറിൽസ് കോളജിലെ 2 വിദ്യാർഥിനികൾ തോട്ടിൽ വീണെങ്കിലും പരുക്കേൽക്കാത രക്ഷപ്പെട്ടു. തോട്ടിൽ വീണ വിദ്യാർഥികളെ സമീപത്തുനിന്ന കിളിവയൽ സ്വദേശി അനീഷാണ് കരയ്ക്കു കയറ്റിയത്. ഇന്നലെ രാവിലെ ഒൻപതോടെയാണ് അപകടം. രാവിലെ 9നു മുൻപ് വിദ്യാർഥികളടക്കം ഒട്ടേറെ ആളുകൾ ബസ് കാത്തു നിന്നിരുന്നതായി ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു.
മൂന്നു പതിറ്റാണ്ടിലധികം പഴക്കമുള്ള കാത്തിരിപ്പു കേന്ദ്രത്തിന്റെ പകുതിയിലധികം ഭാഗവും തോട്ടിലാണ് സ്ഥാപിച്ചിരിക്കുന്നത്. 2 വർഷം മുൻപ് മഴക്കാലത്തെ ശക്തമായ ഒഴുക്കിൽ പിൻഭാഗത്തെ തൂണും ഭിത്തിയും തകർന്ന് അപകടാവസ്ഥയിലായി. എന്നാൽ അറ്റകുറ്റപ്പണി നടത്തുന്നതിനോ കാത്തിരിപ്പു കേന്ദ്രം മാറ്റി സ്ഥാപിക്കുന്നതിനോ നടപടി സ്വീകരിച്ചില്ല. പരാതികൾ കൊടുത്തിട്ടും അധികൃതർ ചെവിക്കൊള്ളാതെ അപകടം ക്ഷണിച്ചു വരുത്തുകയായിരുന്നുവെന്നും സുരക്ഷിതമായ കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ ഏറത്ത് പഞ്ചായത്തും കെഎസ്ടിപിയും നടപടി സ്വീകരിക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. കാത്തിരിപ്പു കേന്ദ്രത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് മനോരമ വാർത്ത നൽകിയിരുന്നു. ബസ് കാത്തിരിപ്പു കേന്ദ്രം സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് കോളജ് അധികൃതർ ഇന്നലെ വീണ്ടും കെഎസ്ടിപി അധികൃതർക്ക് പരാതി നൽകി.