ADVERTISEMENT

പെരിങ്ങര ∙ രണ്ടു ദിവസം പെയ്ത ശക്തമായ മഴയിൽ പഞ്ചായത്തിലെ പാടശേഖരങ്ങൾ മുങ്ങി. വിതച്ച പാടശേഖരങ്ങളും വിതയ്ക്കാൻ ഒരുക്കിയിട്ടവയും മുങ്ങിയതോടെ ഇനി കൃഷി ആദ്യം മുതൽ തുടങ്ങേണ്ട സ്ഥിതിയാണ്. ചാത്തങ്കരി, വളവനാരി പാടശേഖരങ്ങളിലെ ബണ്ട് കവിഞ്ഞൊഴുകുകയും പെട്ടിക്കും പറയ്ക്കും നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഇവിടെ രണ്ടിടത്തും ബണ്ടു മുറിയുകയും ചെയ്തു.ചാത്തങ്കരി പാടം 250 ഏക്കറാണ്. വിതയ്ക്കാൻ ഒരുക്കിയിട്ട പാടമാണിത്. ആദ്യം വെള്ളം ഒഴുക്കിവിട്ടു കള മുളപ്പിച്ചു നശിപ്പിച്ച ശേഷം വീണ്ടും വെള്ളം കയറ്റി ഒരുക്കിയിരുന്നു. അതിനുശേഷം വെള്ളം വറ്റിച്ചാണു വിതയ്ക്കായി ഒരുക്കിയത്. ഈ പാടശേഖരം മുഴുവനും ഇപ്പോൾ വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഇനി വെള്ളം വറ്റിച്ചശേഷമേ വിതയ്ക്കാൻ കഴിയൂ. തോട്ടിൽ നിന്നുള്ള ശക്തമായ ഒഴുക്കിൽ പെട്ടിയുടെയും പറയുടെയും അടിത്തട്ട് പലക തകർന്നിട്ടുണ്ട്. ഇതും അറ്റകുറ്റപണി നടത്തണം. 

വളവനാരി പാടത്തെ 67 ഏക്കറിലും വെള്ളം കയറി. ഇവിടെയും ബണ്ട് കവിഞ്ഞൊഴുകിയ വെള്ളത്തിൽ‌ പാടം നിറഞ്ഞു കിടക്കുകയാണ്. വെള്ളം വറ്റിച്ചശേഷമേ ഇനി വിത നടത്താൻ കഴിയുകയുള്ളു.54 ഏക്കർ വരുന്ന കൂരാച്ചാൽ മാണിക്കത്തകിടി പാടശേഖരത്തിൽ 10 ദിവസം മുൻപാണു വിതച്ചത്. ഇവിടെ ബണ്ട് തകർത്താണു വെള്ളം കയറിയത്. പെട്ടിയ്ക്കും പറയ്ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. കൂടുതൽ ദിവസം വെള്ളം കിടന്നാൽ മുളച്ച നെൽചെടികൾ നഷ്ടപ്പെടാനും സാധ്യതയുണ്ട്.വിതയ്ക്കാനായി ഒരുക്കിയിട്ട കൈപ്പുഴാക്ക, വേങ്ങൽ ഇരുകര പാടശേഖരങ്ങളിലും ബണ്ട് കവിഞ്ഞ് വെള്ളം നിറഞ്ഞു കിടക്കുകയാണ്.

ഒരു മാസത്തെ ശ്രമത്തിലാണ് എല്ലാ പാടശേഖരങ്ങളിലും വെള്ളം പമ്പ് ചെയ്ത് വിതയ്ക്കാനായി ഒരുക്കുന്നത്. ഇനി വീണ്ടും വെള്ളം ഒഴുക്കിവിട്ട ശേഷമേ വിത നടത്താൻ കഴിയുകയുള്ളു. അതിനു മുൻപ് ബണ്ടുകളുടെ സംരക്ഷണ പ്രവർത്തനം നടത്തുകയും പെട്ടി, പറ എന്നിവയുടെ തകരാറുകൾ പരിഹരിക്കുകയും വേണം. സർക്കാരിന്റെയും കൃഷി വകുപ്പിന്റെയും ഭാഗത്തു നിന്ന് അടിയന്തിരമായ നടപടി ഉണ്ടായാൽ മാത്രമേ ഈ വർഷത്തെ കൃഷിയിറക്കാൻ കഴിയുകയുള്ളുവെന്ന് കർഷകർ പറഞ്ഞു.

English Summary:

Heavy rain in Kerala has caused widespread flooding, submerging paddy fields in the Chathankari and Valavanari regions. Farmers now face the daunting task of restarting the entire agricultural process due to the extensive damage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com