ADVERTISEMENT

നിലയ്ക്കൽ ∙ നിലയ്ക്കൽ ബേസ് ക്യാംപിലെ അനധികൃത വ്യാപാരത്തിനെതിരെ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നാളെ വ്യാപാരി വ്യവസായി ഏകോപന സമിതി നിലയ്ക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാര കേന്ദ്രങ്ങൾ അടച്ചിട്ട് പ്രതിഷേധിക്കാൻ നീക്കം. ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചാണ് ദേവസ്വം ബോർഡിൽ നിന്നു വ്യാപാരികൾ ഈ സ്ഥലങ്ങൾ കുത്തകക്കെടുത്തിരിക്കുന്നത്.

വ്യാപാരികൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഡ്യൂട്ടി മജിസ്ട്രേട്ടിന്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ നിലയ്ക്കലുള്ള ടാപ്പിങ് തൊഴിലാളികൾക്ക് വേണ്ടി നിർമിച്ച ശുചിമുറി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നു ഭക്ഷ്യസാധനങ്ങൾ അടക്കം പിടികൂടി നശിപ്പിച്ചിരുന്നു. വഴിയോര കച്ചവടം പാടില്ലെന്നു ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് അനധികൃത കച്ചവടം നടക്കുന്നതെന്ന് സമിതി പ്രസിഡന്റ് ഏബ്രഹാം മാളിയേക്കൽ പറയുന്നു. ടെൻഡറിന് മുൻപ് ദേവസ്വം ബോർഡ് ഈയൊരു അറിയിപ്പ് നൽകിയിരുന്നെങ്കിൽ പലരും കുത്തക എടുക്കാൻ പോകില്ലായിരുന്നുവെന്നാണ് സമിതി ഭാരവാഹികൾ പറയുന്നത്.

ഭക്ഷണം: നിലയ്ക്കലിൽ നിലവാരം പോരെന്ന് പരാതി
ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നിലയ്ക്കലും സമീപ പ്രദേശത്തും ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർക്കു നൽകുന്ന ഭക്ഷണത്തിനു തീർത്തും ഗുണനിലവാര കുറവെന്ന് പരാതി. വൈകുന്നേരം കിട്ടുന്ന ഭക്ഷണം പലരും കഴിക്കുന്നില്ല. പരാതി പറഞ്ഞിട്ടും നിലവാരം മെച്ചപ്പെടുത്താൻ ബന്ധപ്പെട്ടവവർ തയ്യാറാകുന്നില്ല.പൊലീസ്, എക്സൈസ്, അഗ്നിരക്ഷാ സേന, റവന്യു തുടങ്ങിയ വകുപ്പുകളിലെ 500–ൽ അധികം ഉദ്യോഗസ്ഥരാണ് നിലയ്ക്കലെ ഭക്ഷണ ശാലയിൽ നിന്ന് ആഹാരം കഴിക്കുന്നത്.

റോഡ്: 12.8 കോടിയുടെ പദ്ധതിക്ക് ശുപാർശ
നിയോജകമണ്ഡലത്തിലെ 47 ഗ്രാമീണ റോഡുകളുടെ വികസനത്തിന് 12.8 കോടി രൂപയുടെ പദ്ധതിക്കു ശുപാർശ ചെയ്തതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. 

ഇതുവരെ 8657 ബസ് ട്രിപ്പുകൾ
മണ്ഡലകാലത്ത് കെഎസ്ആർടിസി ഇതുവരെ നടത്തിയത് 8657 ദീർഘദൂര ട്രിപ്പുകൾ. പമ്പ-നിലയ്ക്കൽ റൂട്ടിൽ 43,241 ട്രിപ്പും നടത്തി. ശരാശരി പ്രതിദിന വരുമാനം 46 ലക്ഷം രൂപയാണ്. 180 ബസുകൾ പമ്പ യൂണിറ്റിൽ മാത്രം സർവീസ് നടത്തുന്നു. പ്രതിദിനം ശരാശരി 90,000 യാത്രക്കാരാണ് കെഎസ്ആർടിസിയെ ആശ്രയിക്കുന്നതെന്നു പമ്പ സ്‌പെഷൽ ഓഫിസർ കെ.പി. രാധാകൃഷ്ണൻ പറഞ്ഞു. തെങ്കാശി, തിരുനെൽവേലി എന്നിവിടങ്ങളിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്.

കോയമ്പത്തൂർ, ചെന്നൈ, പഴനി എന്നിവിടങ്ങളിലേക്ക് വരുംദിവസങ്ങളിൽ കൂടുതൽ സർവീസ് ആരംഭിക്കും. പമ്പ ത്രിവേണിയിൽ നിന്ന് പമ്പ ബസ് സ്റ്റാൻഡിലേക്ക് രണ്ടു ബസുകൾ സർവീസുകളും നടത്തുന്നുണ്ട്. നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ നിന്നും പാർക്കിങ് ഗ്രൗണ്ടുകളെ ബന്ധിപ്പിച്ച് മൂന്നു ബസുകൾ 10 രൂപ നിരക്കിൽ സർക്കുലർ സർവീസ് നടത്തുന്നുണ്ട്.

ലഹരിക്ക് എതിരെ കർശന നടപടി എടുത്ത് എക്സൈസ് വകുപ്പ്
ശബരിമല ∙ പരിശോധന ശക്തമാക്കി എക്സൈസ്. ഡിസംബർ രണ്ടുവരെ 1055 കേസുകളിലായി 2.11 ലക്ഷം രൂപ പിഴ ഈടാക്കി. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിങ്ങനെ മൂന്നു എക്‌സൈസ് റേഞ്ചുകളായി തിരിച്ചാണ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം. സന്നിധാനത്ത് 24 എക്‌സൈസ് ഉദ്യോഗസ്ഥരും നിലയ്ക്കലിൽ 30 പേരും പമ്പയിൽ 20 പേരും ജോലി ചെയ്യുന്നു.

ലഹരിനിരോധിത മേഖലയായ ശബരിമലയിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ കർശനന നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ്. കൃഷ്ണകുമാർ പറഞ്ഞു. പരിശോധനയ്‌ക്കൊപ്പം കടകളിലെയും ഹോട്ടലുകളിലെയും ജീവനക്കാർക്കിടയിൽ ലഹരിക്കെതിരായ ബോധവത്കരണവും നടത്തുന്നുണ്ട്.

English Summary:

Nilakkal traders are planning a shutdown tomorrow to protest against unauthorized vending at the Nilakkal base camp. They allege that the Devaswom Board has failed to take action despite receiving lease payments from authorized vendors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com