പന്തളത്ത് തീർഥാടകർക്കുള്ള പാർക്കിങ് സ്ഥലത്ത് വെള്ളക്കെട്ട്
Mail This Article
പന്തളം ∙ ദേവസ്വം ബോർഡിന്റെ അന്നദാനമണ്ഡപത്തിന് താഴെ തീർഥാടകർക്കുള്ള പാർക്കിങ് സ്ഥലത്തേക്ക് റോഡ് നിർമാണം പൂർത്തിയായെങ്കിലും പാർക്കിങ് സ്ഥലത്ത് വെള്ളക്കെട്ടാണ്. കഴിഞ്ഞ ദിവസത്തെ മഴയ്ക്ക് ശേഷം സ്ഥിതി രൂക്ഷമായി. വാഹനം പാർക്ക് ചെയ്ത ശേഷം ഇറങ്ങേണ്ടത് ചെളിവെള്ളത്തിലേക്കാണ്. ഇത് പരിഹരിക്കാനുള്ള നടപടി തുടങ്ങിയിട്ടുമില്ല.
മുൻ വർഷങ്ങളിൽ അന്നദാനമണ്ഡപം ഉൾപ്പെടെ വാടകയ്ക്കെടുത്ത് നഗരസഭ സൗജന്യ പാർക്കിങ് ഒരുക്കിയിരുന്നു. ഇത്തവണ ദേവസ്വം ബോർഡ് അനുമതി നൽകാത്തത് മൂലം നഗരസഭ ഏറ്റെടുത്തിട്ടില്ല. ഇവിടെ പാർക്കിങ് ഇപ്പോഴും സൗജന്യമാണ്. എന്നാൽ, വെള്ളക്കെട്ടാണ് വലയ്ക്കുന്നത്. 2022ലെ തീർഥാടനകാലത്ത് ഇവിടെ മണ്ണിട്ട് നികത്തി സൗകര്യമൊരുക്കിയത് നഗരസഭയായിരുന്നു.
ഉന്നത ഉദ്യോഗസ്ഥരുടെ വാക്കാൽ അനുമതിയോടെ ജോലികൾ അന്ന് വേഗത്തിൽ പൂർത്തിയാക്കിയെങ്കിലും കരാറുകാരന് പണം നൽകുന്നതിന് സാങ്കേതിക തടസ്സമുണ്ടായി. ഇതു സംബന്ധിച്ചു വിജിലൻസിൽ കേസ് വന്നതായിരുന്നു പ്രതിസന്ധി. ഈ ദുരനുഭവമുള്ളതിനാൽ ഇവിടെ കൂടുതൽ ജോലികൾ നടത്താൻ നഗരസഭാ അധികൃതർ തയാറാവില്ലെന്നാണ് സൂചന. എന്നാൽ, പാർക്കിങ് ഏരിയ ടൈൽ പാകി പൂർണസജ്ജമാക്കാമെന്ന് മുൻപ് ദേവസ്വം ബോർഡ് വാഗ്ദാനം നൽകിയിരുന്നു. ഇതും നടപ്പായില്ല.
മഴക്കാലത്ത് ഇവിടേക്ക് വെള്ളം കയറുന്നതൊഴിവാക്കാൻ ചീപ്പ് നിർമിക്കാൻ ഇറിഗേഷൻ വകുപ്പ് പദ്ധതി തയാറാക്കിയിരുന്നു. 9.7 ലക്ഷം രൂപയുടെ രൂപരേഖ തയാറാക്കി ചീഫ് എൻജിനീയർക്ക് സമർപ്പിക്കുകയും ചെയ്തതാണ്. എന്നാൽ, ധനാനുമതി ഇതുവരെ ലഭിച്ചില്ല. ഒക്ടോബർ 25ന് പന്തളത്തെ യോഗത്തിൽ ഇക്കാര്യത്തിൽ ഇടപെടാമെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചതുമാണ്. എന്നാൽ തുടർ നടപടികളുണ്ടായില്ലെന്നാണ് ആക്ഷേപം.