ADVERTISEMENT

തിരുവല്ല ∙ മണിമലയാർ ഒന്നു നിറഞ്ഞൊഴുകി അപ്പർ കുട്ടനാട്ടിലെ പാടശേഖരങ്ങൾ വെള്ളം വന്നു നിറഞ്ഞു. വിതച്ച പാടശേഖരങ്ങളും വിതയ്ക്കാൻ ഒരുക്കിയിട്ട പാടങ്ങളും വെള്ളത്തിലായി. പലയിടങ്ങളിലും പുറംബണ്ടുകൾ തകർന്നാണ് വെള്ളം കയറിയത്. വെള്ളം വറ്റിച്ച് കൃഷി ചെയ്യുന്ന പാടങ്ങളിൽ ഇനി കൃഷിയൊരുക്കം ആദ്യം മുതൽ തുടങ്ങണം.

വിതച്ച് 15 ദിവസം കഴിയും മുൻപാണ് എല്ലാ പാടശേഖരങ്ങളിലും വെള്ളം കയറി കൃഷിനാശം സംഭവിച്ചത്. ഇതോടെ കർഷകർക്ക് ഒരു സഹായവും കിട്ടാത്ത സ്ഥിതിയാകും. നെൽകൃഷിയിൽ വിതച്ച് 15 ദിവസം കഴിഞ്ഞും 45 ദിവസത്തിനുള്ളിലുമാണ് ഇൻഷുർ ചെയ്യേണ്ടത്. നിരണത്ത് 2 കർഷകർക്ക് മാത്രമാണ് ഇതുവരെ ഇൻഷുറൻസ് ചെയ്യാൻ കഴിഞ്ഞിട്ടുള്ളത്. ബാക്കിയുള്ളവർക്ക് ദുരന്ത നിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പണം ലഭിച്ചാൽ പകരം വിത്ത് നൽകാനാണ് കഴിയുക. എന്നാൽ ഇതിനാവശ്യമായ വിത്ത് ലഭിക്കുക എന്നതു ബുദ്ധിമുട്ടാണ്.

പെരിങ്ങരയിൽ പാടത്ത് വിതയ്ക്കാനായി മുളപ്പിച്ച വിത്ത് പാടത്തെ വെള്ളപ്പൊക്കം കാരണം  വിതയ്ക്കാൻ കഴിയാതെ വന്നതോടെ വെയിലത്ത് ഉണക്കിയെടുക്കുന്ന കർഷകൻ.
പെരിങ്ങരയിൽ പാടത്ത് വിതയ്ക്കാനായി മുളപ്പിച്ച വിത്ത് പാടത്തെ വെള്ളപ്പൊക്കം കാരണം വിതയ്ക്കാൻ കഴിയാതെ വന്നതോടെ വെയിലത്ത് ഉണക്കിയെടുക്കുന്ന കർഷകൻ.

പെരിങ്ങര ∙ പഞ്ചായത്തിലെ 27 പാടശേഖരങ്ങളിൽ രണ്ടിടത്ത് വലിയ തോതിലും 13 ഇടത്ത് ചെറിയ തോതിലും ബണ്ട് തകർന്ന് കൃഷിനാശം സംഭവിച്ചു. ചൊവ്വ രാത്രി വേങ്ങൽ കാപ്പോണപ്പുറം പാടത്തും തിങ്കൾ രാത്രി പാരൂർ കണ്ണാട്ടുമാണ് വലിയ ബണ്ടു തകർച്ച സംഭവിച്ചത്. കാപ്പോണപ്പുറം, വേങ്ങൽ വേളൂർമുണ്ടകം പാടശേഖരങ്ങളുടെ ബണ്ട് തകർന്നതോടെ 580 ഏക്കറിൽ വിതച്ച നെല്ലാണ് ഇല്ലാതായത്. ഇതിൽ 170 ഏക്കർ പത്തനംതിട്ട ജില്ലയിലും 410 ഏക്കർ കോട്ടയം ജില്ലയിലുമാണ്. വേങ്ങൽ – വേളൂർമുണ്ടകം റോഡിനു സമാന്തരമായി പോകുന്ന ന്യൂ മാർക്കറ്റ് കനാലിൽ നിന്നുള്ള വെള്ളമാണ് ബണ്ടു തകർന്നതോടെ പാടത്തേക്ക് ഇരച്ചുകയറുന്നത്.

പെരിങ്ങര തോട്ടുപുറം പാടശേഖരത്തിൽ തകർന്ന ബണ്ട് കർഷകർ ശരിയാക്കുന്നു.
പെരിങ്ങര തോട്ടുപുറം പാടശേഖരത്തിൽ തകർന്ന ബണ്ട് കർഷകർ ശരിയാക്കുന്നു.

45 വർഷം പഴക്കമുള്ള ബണ്ടാണ് ഇവിടെയുള്ളത്. കാവുംഭാഗം– ഇടിഞ്ഞില്ലം റോഡു മുതൽ വേങ്ങൽ വരെയുള്ള ഭാഗത്ത് ബണ്ട് റോഡായി നിർമിച്ച് ടാറിങ് നടത്തിയിട്ടുള്ളതിനാൽ ബലവത്താണ്. എന്നാൽ ജില്ലാതിർത്തി മുതൽ 900 മീറ്റർ ദൂരം കോട്ടയം ജില്ലയിലെ പായിപ്പാട് പഞ്ചായത്തിന്റെ ഭാഗമാണ്. ഈ ഭാഗത്ത് ബണ്ട് റോഡായി നിർമിച്ചാൽ യാത്രാസൗകര്യവും ലഭിക്കും. ബണ്ടിനു ബലം ലഭിക്കുകയും ചെയ്യും. ഇതിനുള്ള നടപടി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.

വെള്ളം കയറിയതോടെ വിതയ്ക്കാൻ കഴിയാതെ പോയ വിത്തുമായി കർഷകർ.
വെള്ളം കയറിയതോടെ വിതയ്ക്കാൻ കഴിയാതെ പോയ വിത്തുമായി കർഷകർ.

നിരണം ∙ പഞ്ചായത്തിലെ നിരണത്തുതടം, അരിയോടിച്ചാൽ, ഇടയോടി ചെമ്പ് എന്നീ പാടശേഖരങ്ങളിലാണ് വിതച്ച നെല്ലിൽ വെള്ളം കയറിയത്. 90 ഹെക്ടർ വരുന്ന അരിയോടിച്ചാൽ പാടത്ത് തിങ്കൾ പുലർച്ചെയാണ് മട വീണത്. പഞ്ചായത്ത് മുക്കിനു സമീപമുള്ള ഭാഗത്ത് മട വീണതോടെ കർഷകർ‌ വീണ്ടും പുനഃസ്ഥാപിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമത്തിലാണ്.

കുറ്റൂർ പഞ്ചായത്തിലെ ഓടകുളം തിരുവാമനപുരം പാടശേഖരത്തിൽ വെള്ളം കയറിയ നിലയിൽ.
കുറ്റൂർ പഞ്ചായത്തിലെ ഓടകുളം തിരുവാമനപുരം പാടശേഖരത്തിൽ വെള്ളം കയറിയ നിലയിൽ.

ഇടയോടി ചെമ്പ് പാടശേഖരത്തിൽ ആറ്റുമാലി പള്ളിക്കു സമീപമുള്ള ഷട്ടറാണു തകർന്നത്. പമ്പയാറിന്റെ കൈവഴിയായ തോടും പാടവും വേർതിരിക്കുന്ന ഷട്ടർ പോയതോടെ പാടത്തേക്ക് വെള്ളം കയറി. വിതച്ച് 20 ദിവസമായ നെല്ല് മുഴുവൻ വെള്ളം കയറി. കർഷകർ ഒരു ദിവസം പ്രയത്നിച്ച് മുളങ്കമ്പുകളും മണൽചാക്കും അടുക്കി ബണ്ട് സ്ഥാപിച്ചെങ്കിലും ചൊവ്വ പുലർച്ചെ ഇതും തകർന്നു. ഇപ്പോൾ മോട്ടർ ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമത്തിലാണ് കർഷകർ.450 ഏക്കർ വരുന്ന നിരണത്തുതടം പാടശേഖരത്തിൽ വിതച്ച് 5 ദിവസം മാത്രമേ ആയിട്ടുള്ളു. ഇവിടെ 200 ഏക്കറോളം പാടത്ത് വെള്ളം കയറി കിടക്കുകയാണ്.

pathanamthitta-flooded-issues2

കടപ്ര ∙ കൃഷിഭവന്റെ പരിധിയിലെ ചേന്നംകരി 110 ഹെക്ടർ, പരുത്തിക്കൽ 35 ഹെക്ടർ, തർക്കോലി 12 ഹെക്ടർ, മണിയനാകുഴി 8 ഹെക്ടർ പാടശേഖരങ്ങളിലാണ് ഇത്തവണ കൃഷിയിറക്കിയ പാടത്ത് വെള്ളം കയറിയത്

കുറ്റൂർ ∙ പഞ്ചായത്തിലെ 4 പാടശേഖരങ്ങളാണ് വെള്ളപ്പൊക്കത്തിന്റെ പിടിയിലായത്. ഓടകുളം തിരുവാമനപുരം പാടശേഖരത്തിൽ 21 ഹെക്ടറിൽ 18 ഹെക്ടറിലും വെള്ളം കയറി. കോതവിരുത്തിയിൽ 29 ഹെക്ടറാണ്. ഇതു മുഴുവനും മുങ്ങി കിടക്കുകയാണ്. കൊറ്റംമ്പേരി പാടശേഖരം 8 ഹെക്ടറിലും വെള്ളമുണ്ട്. ഏറ്റുകടവ് പാടശേഖരം 6 ഹെക്ടറാണ് വെള്ളം കയറിക്കിടക്കുന്നത്. എല്ലാ പാടശേഖരങ്ങളിലും 5 മുതൽ 10 ദിവസം വരെ മൂപ്പുള്ള നെൽച്ചെടികളാണ് ഉള്ളത്. മണിമലയാറിനേക്കാളും താഴ്ന്നു കിടക്കുന്ന പാടശേഖരമായതിനാൽ വെള്ളം പാടത്തു നിന്നു ഒഴുക്കിവിടാൻ പ്രയാസമാണ്. ആറ്റിലെ ജലനിരപ്പ് താഴ്ന്നാൽ മാത്രമേ വെള്ളം പമ്പു ചെയ്തു വിടാൻ കഴിയു.

വിത്ത് ഉണക്കിയെടുത്ത് കർഷകർ
∙പെരിങ്ങരയിൽ ഒരുക്കിയിട്ട പാടത്ത് വിതയ്ക്കാനായി മുളപ്പിച്ച നെൽവിത്തുകൾ വിതയ്ക്കാൻ കഴിയാതെ വന്നതോടെ വീണ്ടും വെയ്‌ലത്ത് ഇട്ട് ഉണക്കിയെടുക്കുകയാണ് കർഷകർ. ആദ്യം ലഭിച്ച വിത്തുകൾക്കു പകരം വിത്തു കൃഷിഭവനിൽ നിന്നു ലഭിക്കാതെ വന്നാൽ വീണ്ടും ഇതു തന്നെ വിതയ്ക്കേണ്ടി വരും.

ഇത്തവണ ആദ്യം നാഷനൽ സീഡ് കോർപറേഷനിൽ നിന്നു ലഭിച്ച വിത്ത് മുളയ്ക്കാതെ വന്നതോടെ രണ്ടാമത് വിത്ത് വരുത്തിയാണ് വിതയ്ച്ചതും മുളപ്പിച്ചതും. പാടത്ത് വിതച്ച വിത്തെല്ലാം ഒഴുകിപോകുകയും മുളപ്പിച്ച വിത്ത് വിതയ്ക്കാതെ വരികയും ചെയ്തതോടെ വീണ്ടും വിത്ത് ലഭിച്ചാൽ മാത്രം കൃഷിയിറക്കാൻ കഴിയുകയുള്ളു എന്ന നിലപാടിലാണ് കർഷകർ.

തടസ്സമായി വൈദ്യുതി മുടക്കം
തിരുവല്ല ∙ പാടത്ത് കയറിയ വെള്ളം ഒഴുക്കി വിടുന്നതിന് മോട്ടർ ഉപയോഗിച്ച് 24 മണിക്കൂറും അടിച്ചാൽ മാത്രമേ വെള്ളം പോകുകയുള്ളു. എന്നാൽ നിരണത്തും പെരിങ്ങരയിലും വൈദ്യുതി മുടങ്ങുന്നത് മോട്ടർ പ്രവർത്തിപ്പിക്കുന്നതിന് തടസ്സമാകുന്നുണ്ട്.

English Summary:

Paddy fields in Upper Kuttanad, Kerala are inundated after heavy rains caused widespread flooding, damaging crops and jeopardizing the livelihood of farmers in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com