സംഗീതസാന്ദ്രമായി സന്നിധാനം; ഹരിവരാസനത്തിന് പറയാൻ അപൂർവമായ കഥകൾ
Mail This Article
ശബരിമല∙ ആയിരക്കണക്കിനു സ്വാമി ഭക്തർക്ക് ആത്മീയ അനുഭൂതി പകരുന്ന അയ്യപ്പ സ്വാമിയുടെ ഉറക്കു പാട്ടായ ഹരിവരാസനത്തിന് പറയാൻ അപൂർവമായ കഥകളുണ്ട്. സന്നിധാനത്ത് ഹരിവരാസനം പാടുമ്പോൾ മല ചവിട്ടാൻ ഭാഗ്യം ലഭിക്കാത്ത തങ്ങളുടെ പ്രിയപ്പെട്ടവർക്കു മൊബൈൽ സംപ്രേഷണം.’ നടത്തുന്ന തീർഥാടകരും ഏറെയാണ്.
ഹരിവരാസനം പാടി നട അടയ്ക്കുന്നതു കാണാനും ഈ സമയത്ത് തിരുമുറ്റത്തെങ്കിലും നിൽക്കാൻ ഭാഗ്യം ലഭിക്കണമെന്ന് ആഗ്രഹിക്കാത്ത തീർഥാടകരും കുറവാണ്. പക്ഷേ ഇതിനെല്ലാം അവസരം ലഭിക്കാൻ അയ്യപ്പ സ്വാമിയുടെ കാരുണ്യം ഉണ്ടാകണം. സന്നിധാനത്തിലെ രാത്രികൾ എത്രമാത്രം വിശുദ്ധീകരിക്കുന്നു എന്നത് അനുഭവിച്ചറിയുക തന്നെ വേണം.
മെരിലാന്റിന്റെ ബാനറിൽ പി.സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘സ്വാമി അയ്യപ്പൻ (1975)’ സിനിമയ്ക്കുവേണ്ടി യേശുദാസ് ആലപിച്ച അനുപമമായ ഗാനം. ഭക്തമനസുകളെ മാത്രമല്ല സംഗീതജ്ഞരെയും കീഴ്പ്പെടുത്തി. ‘സ്വാമി അയ്യപ്പൻ’ സിനിമയുടെ ജനപ്രീതിയും കലാമൂല്യവും മാത്രമല്ല അതിൽ യേശുദാസ് പാടിയ ഹരിവരാസനം കേൾപ്പിച്ചാണ് അത്താഴപൂജ കഴിഞ്ഞു നട അടയ്‌ക്കുന്നത്. അന്നുമുതൽ ഇന്നോളം ഈ പതിവ് മുടങ്ങിയിട്ടില്ല. അയ്യപ്പൻ ഉറങ്ങാൻ പോകുന്നത് യേശുദാസിന്റെ ഹരിവരാസനം കേട്ടു തന്നെ.
ഹരിവരാസനത്തിനു ദേവരാജൻ ആദ്യം നൽകിയ ഈണം ഇതായിരുന്നില്ല. ആദ്യം നൽകിയ ഈണം നല്ലതാണെങ്കിലും ശബരിമല ശ്രീകോവിലിൽ മേൽശാന്തി പാടുന്ന അതേ ഈണം തന്നെ വേണമെന്നു പി. സുബ്രഹ്മണ്യത്തിന്റെ മകൻ കാർത്തികേയനു നിർബന്ധമുണ്ടായിരുന്നു. ദേവരാജനെ പോലെ ഉന്നത ശീർഷനായ ഒരാളോട് ഈണം മാറ്റാൻ പറയാൻ അദ്ദേഹത്തിനു മടിയായിരുന്നു.
ശബരിമലയിൽ മേൽശാന്തിയും പരികർമികളും പാടുന്നതു സൗണ്ട് റിക്കോർഡിസ്‌റ്റ് കൃഷ്‌ണൻ ഇളമണ്ണിനെക്കൊണ്ട് ആലേഖനം ചെയ്യിപ്പിച്ചു ടേപ്പിലാക്കി ദേവരാജന് എത്തിച്ചു. മാസ്റ്റർക്ക് അത് ഇഷ്ടമായി. അതിനു ചില്ലറ ഭേദഗതികൾ വരുത്തിയാണ് പിന്നെ ഈണം നൽകിയത്.
സംഗീതസാന്ദ്രമായി സന്നിധാനം
ശബരിമല∙ സന്നിധാനം ഉണരുന്നതു മുതൽ ഉറങ്ങുന്നതു വരെ സംഗീതം കേട്ട്. സന്നിധാനത്തെ ഓരോ ചുവടിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സംഗീതത്തിന്റെ മാസ്മരിക സ്പർശമുണ്ട്. ഉണർത്തുപാട്ട് മുതൽ ഉറക്കുപാട്ട് വരെ നീളുന്നവ.രാവിലെ അയ്യപ്പ സന്നിധിയെ ഉണർത്തി ശ്രീകോവിൽ നട തുറക്കുന്നത് 'വന്ദേ...വിഗ്‌നേശ്വരം...സുപ്രഭാതം' എന്ന ഗാനമാധുരിയോടെയാണ്. ഉച്ചകഴിഞ്ഞ് ഒന്നിന് നട അടച്ചശേഷം മൂന്നിന് നട തുറക്കുന്നത് 'ശ്രീകോവിൽ നട തുറന്നു പൊന്നമ്പലത്തിൻ ശ്രീകോവിൽ നട തുറന്നു' എന്ന ഗാനത്തോടെയാണ്. 'ഹരിവരാസനം ’ പാടിയാണ് രാത്രി 11ന് നട അടയ്ക്കുന്നത്.
പിന്നണി ഗായകനായ കെ.ജെ. യേശുദാസിന്റെ സ്വരഗാംഭീര്യത്തിലാണു സുപ്രഭാതവും ഹരിവരാസനവും സന്നിധാനം ശ്രവിക്കുന്നത്. പ്രശസ്ത സംഗീതജ്ഞരായ ജയവിജയന്മാരാണ് (കെ.ജി. ജയനും കെ.ജി. വിജയനും) 'ശ്രീകോവിൽ നട തുറന്നു . പൊന്നമ്പലത്തിൻ ശ്രീകോവിൽ നട തുറന്നു' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഉഷപൂജയും ഉച്ചപൂജയും ദീപാരാധനയും അത്താഴപൂജയും സംഗീത സാന്ദ്രമാണ്. സോപാന സംഗീതത്തിന്റെ മാറ്റൊലികൾ ശബരീശ സന്നിധിയെ ഭക്തി സാന്ദ്രമാക്കും. അഷ്ടപദിയിൽ സന്നിധാനം ലയിക്കും.