മദ്യലഹരിയിൽ കുതിരയുമായി തിരക്കേറിയ റോഡില്‍, ഉപദ്രവം; ഏറ്റെടുത്ത് സംരക്ഷിച്ച് യുവാവ്
Mail This Article
പന്തളം∙ അമിതമായി മദ്യപിച്ച ശേഷം കുതിരയുമായി തിരക്കേറിയ റോഡിലൂടെ നടന്നയാളിൽ നിന്നു കുതിരയെ ഏറ്റെടുത്ത് സംരക്ഷിച്ചു യുവാവ്. തട്ടയിൽ നന്ദന ഫാം ഉടമയായ ചിക്കു നന്ദനയാണു കുതിരയുടെ സംരക്ഷകനായത്. കുരമ്പാല സ്വദേശിയാണ് കഴിഞ്ഞ ദിവസം കുതിരയുമായി എംസി റോഡിൽ കുരമ്പാല ഭാഗത്തുകൂടി നടന്നത്. മദ്യപിച്ച ഇയാൾ കുതിരയെ ഉപദ്രവിക്കുകയും അപകടമുണ്ടാക്കും വിധം റോഡിൽ കൂടി കൊണ്ട് നടക്കുന്നതും ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് ചിക്കുവിനെ വിവരമറിയിച്ചത്.
കുതിരയുടെ ഉടമസ്ഥനുമായി ചിക്കു സംസാരിച്ച ശേഷമാണ് കുതിരയെ ഏറ്റെടുത്തത്. 6 മാസം മുൻപ് നന്ദന ഫാമിൽ നിന്നു തന്നെ കുരമ്പാല സ്വദേശി വാങ്ങിയ കുതിരയായിരുന്നു ഇത്. കുതിരയുടെ ഉടമസ്ഥനറിയാതെ ഇയാൾ പലതവണ കുതിരയെ അഴിച്ചു കൊണ്ട് പോകാറുണ്ടെന്നു പരാതിയുണ്ടായിരുന്നു. കുതിര ഇപ്പോൾ നന്ദന ഫാമിൽ സുരക്ഷിതമായി കഴിയുന്നു.