തടി ഏറ്റെടുക്കാൻ ആളില്ല; ബുദ്ധിമുട്ടിലായി കുട്ടികൾ
Mail This Article
മാത്തൂർ∙ അപകട നിലയിൽ സ്കൂൾ പരിസരത്തു നിന്നിരുന്ന മരങ്ങൾ വെട്ടിമാറ്റിയത് റോഡരികിലും സ്കൂൾ പരിസരത്തും കിടക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ആക്ഷേപം. തുമ്പമൺ ഏറം ഗവ.യുപി സ്കൂളിന്റെ മതിലിനോടു ചേർന്നാണ് പുതിയ അധ്യയന വർഷാരംഭത്തിനു മുൻപ് മുറിച്ചിട്ട മാവിന്റെയും നീർമരുതിന്റെയും തടികൾ തള്ളിയിരിക്കുന്നത്. ഇവ മുറിച്ച ശേഷം വനംവകുപ്പ് ഇതിന്റെ മൂല്യനിർണയം നടത്തി വില നിശ്ചയിച്ചിരുന്നു.
പലതവണ ടെൻഡർ ക്ഷണിച്ചെങ്കിലും 37,000 രൂപ വിലയിട്ട തടി ഏറ്റെടുക്കാൻ ആരും തയാറായില്ല. ഓമല്ലൂർ, കുളനട റോഡിൽ മുറിപ്പാറ ഭാഗത്തു നിന്ന് വരുന്നവർക്ക് ഊന്നുകൽ പഞ്ചായത്ത് ഓഫിസിലേക്കും മഞ്ഞനിക്കര ദയറയിലേക്കും മറ്റും പോകുന്നതിനുള്ള എളുപ്പ വഴിയിലാണ് മാവിന്റെ ചുവടു കഷണങ്ങൾ തള്ളിയിരിക്കുന്നത്. ഇത് പലപ്പോഴും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു.
ഈ തടികൾ തള്ളിയിരിക്കുന്ന ഭാഗവും സ്കൂൾ പരിസരത്ത് തള്ളിയിരിക്കുന്ന തടിക്കഷണങ്ങൾ കിടക്കുന്ന ഭാഗവും കാടു കയറിയ നിലയിലാണ്. സ്കൂളിലെ ശുചിമുറിക്കും എസ്എസ്എ നിർമിച്ച കെട്ടിടത്തിനും സമീപത്തായാണ് ഇങ്ങനെ കാടുപിടിച്ചു കിടക്കുന്നത്. ഇവിടെ ഇഴജന്തുക്കളെ ഉള്ളതായും ശുചിമുറിയിലേക്കു വരുന്ന കുട്ടികൾക്ക് ഇത് ഭീഷണിയാകുന്നതായും ആരോപണമുണ്ട്.