കാർഡ് മാത്രം പോരാ, കേറിക്കിടക്കാൻ ഇടവും വേണം
Mail This Article
പത്തനംതിട്ട ∙ ഭർത്താവ്, 2 പെൺമക്കൾ ഇതായിരുന്നു മൂന്നാറിൽനിന്ന് ഒൻപതാം വയസ്സിൽ പത്തനംതിട്ടയിലെത്തിയ ഗണപതിയുടെ ലോകം. ദിവസ വേതനത്തിന് ചെറിയ ജോലികൾ ചെയ്‌ത് അവർ ജീവിതം കരുപ്പിടിപ്പിച്ചു. 1 വർഷം മുൻപ് ഭർത്താവ് രോഗബാധിതനായി മരിച്ചു. മൂത്രാശയ രോഗവും രക്തസമ്മർദവും കാൽമുട്ടു വേദനയും അൻപത്തിയാറുകാരി ഗണപതിയ്ക്കു കൂട്ടായെത്തി.
അതോടെ ജോലി ചെയ്യാൻ കഴിയാതെയായി. ഇളയമകൾക്കും അവരുടെ ഭർത്താവിനുമൊപ്പം ഓമല്ലൂരിലെ വാടകവീട്ടിലാണ് ഇപ്പോൾ താമസം. എന്നാൽ വീടില്ലാത്ത സങ്കടം മന്ത്രിയോടു പങ്കുവച്ചപ്പോൾ ഗണപതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭർത്താവ് മരിച്ചതിനുശേഷം വിധവാ പെൻഷനാണ് ഏക ആശ്വാസം. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി പെൻഷൻ ലഭിക്കാത്തതിനാൽ ആകെ ബുദ്ധിമുട്ടിലാണെന്ന് ഗണപതി പറയുന്നു.
ജോണിന് ഇനി ധൈര്യമായി കരമടയ്ക്കാം
മാത്തൂർ സ്വദേശി പി.എസ്.ജോണിന് ഇനി ധൈര്യമായി കരമടയ്ക്കാം. റവന്യുവകുപ്പിൽനിന്ന് തെറ്റായ സർവേ നമ്പർ കൊടുത്തതിനെത്തുടർന്ന് കരമടയ്ക്കാൻ കഴിയാതെ 2020 മുതൽ ജോൺ സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയായിരുന്നു. എന്നാൽ ജോണിന്റെ പേരിലുള്ള വസ്തുവിന്റെ ആധാരം ഭാര്യയുടെ പേരിലേക്ക് മാറ്റിയെഴുതുന്നതിലൂടെ പ്രശ്നം പരിഹരിക്കാനാകുമെന്നു മന്ത്രി വീണാ ജോർജ് ചൂണ്ടിക്കാട്ടി.
രമണിക്ക് കൈത്താങ്ങായി മന്ത്രിയുടെ ഉത്തരവ്
മരങ്ങളായിരുന്നു പത്തനംതിട്ട നഗരസഭ നന്നുവക്കാട് മുതുവരത്തിൽ വീട്ടിൽ എം.കെ.രമണിയുടെ ഉറക്കം കെടുത്തിയിരുന്നത്. വീടിന് മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മഹാഗണിയും പനയും എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന സ്ഥിതിയിലായിരുന്നു. ഭർത്താവ് മരിച്ചതോടെ വർഷങ്ങളായി ഒറ്റയ്ക്ക് കഴിയുകയായിരുന്നു രമണി.
വിഷമം കേട്ടറിഞ്ഞതോടെ മന്ത്രി പി. രാജീവ് ഉടൻ പരിഹാരം നിർദേശിക്കുകയായിരുന്നു. നഗരസഭ സെക്രട്ടറിയുടെ ചുമതലയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മരങ്ങൾ വെട്ടിമാറ്റി തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകാനാണ് ഉത്തരവ്.
വെറുമൊരു കാർഡല്ല; ഇതു പുതുജീവിതം
റേഷൻകാർഡ് എല്ലാവർക്കും ഒരുപോലെയാണെങ്കിലും മേലുകര ആലുച്ചേരിയിൽ ലീലാമണിക്കും ബാലൻപിള്ളയ്ക്കും ദുരിതങ്ങളിൽനിന്ന് മോചനം സാധ്യമാക്കിയ കാർഡായാണ് അതു മാറിയത്. അദാലത്തിൽ മന്ത്രി വീണാ ജോർജിൽനിന്നാണ് മുൻഗണനാ കാർഡ് ലീലാമണിക്ക് കിട്ടയത്. പട്ടിണിയോടും രോഗങ്ങളോടും പൊരുതിയുള്ള ജീവിതത്തിനുകൂടിയാണ് ഇനി മാറ്റമുണ്ടാകുക. നിവേദനം പരിശോധിച്ച മന്ത്രി ഉടനടി തീരുമാനമെടുത്താണ് കാർഡ് അനുവദിച്ചത്.