ADVERTISEMENT

ഏഴംകുളം∙ പഞ്ചായത്തിലെ ഹരിതകർമസേന വീടുകളിൽ നിന്ന് എടുക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു വയ്ക്കുന്ന എംസിഎഫിലും മിനി എംസിഎഫുകളിലും വേണ്ട സ്ഥല സൗകര്യമില്ലാത്തതിനാൽ എംസിഎഫുകൾ നിറഞ്ഞു കവിഞ്ഞു പുറത്തേക്കു മാലിന്യം കുന്നു കൂടുന്നു. ഹരിതകർമസേന ഓരോ വാർഡുകളിലെയും വീടുകളിൽ നിന്ന് എടുക്കുന്ന പ്ലാസ്റ്റിക് മാലിന്യം വാർഡുകളിൽ സ്ഥാപിച്ചിരിക്കുന്ന മിനി എംസിഎഫുകളിലാണ് ആദ്യം ശേഖരിച്ചു വയ്ക്കുന്നത്. ഇതു പിന്നീട് എംസിഎഫായി ഇപ്പോൾ ഉപയോഗിക്കുന്ന കൈതപ്പറമ്പിലുള്ള കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തിക്കാതെ കിടക്കുന്ന ഉപകേന്ദ്രത്തിന്റെ കെട്ടിടത്തിലേക്കു മാറ്റും. ഇവിടെ നിന്നാണു ക്ലീൻ കേരള കമ്പനി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുപോകുന്നത്.

എന്നാൽ എംസിഎഫിലും മിനി എംസിഎഫുകളിലും സ്ഥല സൗകര്യം ആവശ്യത്തിന് ഇല്ലാത്തതിനാൽ ഇതു രണ്ടും നിറഞ്ഞു കവിഞ്ഞു മാലിന്യങ്ങൾ ഇതിനു പുറത്തേക്കു കുമിഞ്ഞു കൂടുകയാണ്. എംസിഎഫ് നിറയുമ്പോൾ ക്ലീൻ കേരള കമ്പനി യഥാസമയം എടുത്തു കൊണ്ടുപോകാത്തതിനാലാണു നിറഞ്ഞു കവിഞ്ഞു പുറത്തേക്കു മാലിന്യം കുമിഞ്ഞു കൂടാൻ കാരണം. ഇതു പോലെ തന്നെ എംസിഎഫിൽ സ്ഥലമില്ലാത്ത സ്ഥിതി വരുമ്പോൾ മിനി എംസിഎഫുകളിലെ മാലിന്യം മാറ്റാൻ പറ്റാത്ത സ്ഥിതി ഉണ്ടാവുകയും അവിടേയും പുറത്തേക്കു മാലിന്യം കുമിഞ്ഞു കൂടുകയും ചെയ്യുകയാണ്. 

മിക്ക വാർഡുകളിലെയും മിനി എംസിഎഫുകൾ നിറഞ്ഞു മാലിന്യം പുറത്തേക്കു കുമിഞ്ഞു കൂടിക്കിടക്കുകയാണ്. ഏഴാം വാർഡിൽ റോഡരികിലായി സ്ഥാപിച്ചിരിക്കുന്ന മിനി എംസിഎഫ് നിറഞ്ഞു കവിഞ്ഞ് ഇതിന്റെ പുറത്തു രണ്ടു വശങ്ങളിലുമായി ചാക്കു കണക്കിനു പ്ലാസ്റ്റിക് മാലിന്യമാണു മിനി എംസിഎഫിന്റെ പൊക്കത്തോളം കുന്നു കൂടി കിടക്കുന്നത്. 17–ാം വാർഡിലും ഇതു തന്നെയാണ് സ്ഥിതി. മറ്റു വാർഡുകളിലും ഈ സ്ഥിതിയാണെന്നാണു നാട്ടുകാർ പറയുന്നത്. അപകടത്തെ തുടർന്നു വർക്‌ഷോപ്പിൽ കിടക്കുന്ന മാലിന്യം ശേഖരിക്കാൻ ഉപയോഗിക്കുന്ന പെട്ടിഓട്ടോറിക്ഷ ഇതുവരെ പുറത്തിറക്കാൻ കഴിയാത്തതും മാലിന്യം നീക്കം തടസ്സപ്പെടാൻ ഇടവരുത്തിയിട്ടുണ്ട്.

സ്വന്തമായി എംസിഎഫ് സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താൻ പഞ്ചായത്ത് അധികൃതർ നടപടി തുടങ്ങിയെങ്കിലും ഇതുവരെ സ്ഥലം ലഭ്യമായിട്ടില്ല. വാർഡുകളിൽ നിലവിലുള്ള ഒരു മിനി എംസിഎഫ് കൂടാതെ ഓരോന്നു കൂടി സ്ഥാപിക്കുന്നതിനു വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു. വാർഡുകളിൽ കൂടുതൽ മിനി എംസിഎഫുകൾ ഉടൻ സ്ഥാപിക്കുകയും എംസിഎഫിൽ ശേഖരിച്ചു വയ്ക്കുന്ന മാലിന്യം യഥാസമയം ക്ലീൻ കേരള കമ്പനിക്കു കൈമാറി ഇപ്പോഴത്തെ മാലിന്യം പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com