എങ്ങും എപ്പോഴും; വിളിപ്പുറത്ത് അഗ്നിരക്ഷാ സേനയുണ്ട്
Mail This Article
ശബരിമല ∙ ഓട്ടത്തിലാണ് അഗ്നിരക്ഷാസേന. തീപിടിത്തം മൂലമുള്ള അപകടം മാത്രമല്ല, തീർഥാടകരുടെ സുരക്ഷയും പതിനെട്ടാംപടിയും മാളികപ്പുറവും കഴുകി വൃത്തിയാക്കുന്നതിനും വിളിപ്പുറത്ത് അഗ്നിരക്ഷാ സേനയുണ്ട്. തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാനായി സദാ ജാഗരൂകരാണ്. മണ്ഡലകാലം തുടങ്ങിയതു മുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി 190 ഇടപെടലുകൾ നടത്തി.നടപ്പന്തൽ, മരക്കൂട്ടം, ശരംകുത്തി, കെഎസ്ഇബി, കൊപ്രാക്കളം, മാളികപ്പുറം, ഭസ്മക്കുളം, പാണ്ടിത്താവളം എന്നിവിടങ്ങളിലെ ഫയർ പോയിന്റുകളിൽ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്നു. 75 അഗ്നിരക്ഷാ ഉദ്യോഗസ്ഥരും 11 സിവിൽ ഡിഫൻസ് വൊളന്റിയർമാരും ഒരു ഹോം ഗാർഡും 9 ഫയർ പോയിന്റുകളിലായി പ്രവർത്തിക്കുന്നു. അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി കൺട്രോൾ റൂമിൽ മൂന്നും ഓരോ ഫയർ പോയിന്റുകളിലും 2 വീതം സ്ട്രെക്ചറും മറ്റ് ഉപകരണവും ക്രമീകരിച്ചിട്ടുണ്ട്.
സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളിൽ പൊടി ശല്യം രൂക്ഷമാകുമ്പോൾ ആദ്യം സഹായം തേടുന്നത് അഗ്നിരക്ഷാ സേനയുടെയാണ്. അവർ എത്തി അവിടം കഴുകി വൃത്തിയാക്കും. മിക്കപ്പോഴും പതിനെട്ടാംപടിയും മാളികപ്പുറവും കഴുകി വൃത്തിയാക്കുന്നുണ്ട്. ആഴിയുടെ ചൂട് കൂടുമ്പോൾ വെള്ളം തളിച്ച് ശമിപ്പിക്കാനും സദാ ജാഗ്രതയിലാണ്. പുല്ലുമേട് വഴിയുള്ള കാനന പാതയിൽ തീർഥാടകർ കുടുങ്ങിയതായി സന്ദേശം ലഭിച്ചാൽ രക്ഷാപ്രവർത്തനത്തിനായി അപ്പോൾ തന്നെ സ്ട്രക്ചറുമായി ഓടിപ്പോകും. ഉൾവനത്തിൽ നിന്ന് ഏറെ പണിപ്പെട്ടാണ് തീർഥാടകരെ രക്ഷിച്ച് ചുമന്നു കൊണ്ടുവരുന്നത്.പമ്പ, നിലയ്ക്കൽ, പ്ലാപ്പള്ളി എന്നിവിടങ്ങളിലും അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകൾ ഉണ്ട്. പമ്പയിൽ 80 അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരുണ്ട്. ഇതിനു പുറമേ പമ്പാ സ്നാനത്തിന് ഇറങ്ങുന്ന തീർഥാടകരുടെ രക്ഷയ്ക്കായി പരിശീലനം ലഭിച്ച 5 സ്‌കൂബ ഡൈവിങ് അംഗങ്ങളും ഉണ്ട്.
നിലയ്ക്കൽ ബേസ് ക്യാംപിലെ ജലക്ഷാമം തീരുന്നു
സീതത്തോട് ∙ നിലയ്ക്കൽ ബേസ് ക്യാംപിലെ ശുദ്ധജല ക്ഷാമത്തിനു ശാശ്വത പരിഹാരമാകുന്നു. സീതത്തോട് ശുദ്ധീകരണ ശാലയിൽ നിന്ന് കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെ വെള്ളം നിലയ്ക്കൽ പള്ളിയിറക്കാവ് ക്ഷേത്രത്തിനു സമീപത്തെ നിർമാണം പുരോഗമിക്കുന്ന ജല സംഭരണിയുടെ പടിക്കൽ എത്തി. ട്രയൽ റൺ പൂർണ വിജയമെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ. ഇന്നു മുതൽ താൽക്കാലിക അടിസ്ഥാനത്തിൽ നിലയ്ക്കലിലെ സ്റ്റീൽ സംഭരണിയിൽ െവള്ളം ശേഖരിച്ച് വിതരണം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
രണ്ടാഴ്ച മുൻപാണ് ട്രയൽ റൺ ആരംഭിച്ചത്. ശനിയാഴ്ച പ്ലാപ്പള്ളി ബൂസ്റ്റർ പമ്പ് ഹൗസിൽ വെള്ളം എത്തിയിരുന്നു. ഇവിടെ നിന്നു നിലയ്ക്കൽ ബേസ് ക്യാംപിലെ സംഭരണികളിലേക്കു വെള്ളം പമ്പ് ചെയ്യുന്ന ജോലികൾ കഴിഞ്ഞ ദിവസം രാവിലെ തന്നെ തുടങ്ങിയെങ്കിലും സന്ധ്യയോടെയാണ് എത്തിയത്. സീതത്തോട്ടിലെ ശുദ്ധീകരണ ശാലയിൽ നിന്നു പ്ലാപ്പള്ളി–ആങ്ങമൂഴി റോഡിൽ സ്ഥാപിച്ചിരിക്കുന്ന രണ്ട് ബൂസ്റ്റർ പമ്പ് ഹൗസും പ്ലാപ്പള്ളിയിലെ ബൂസ്റ്റർ പമ്പ് ഹൗസ് കടന്നാണ് വെള്ളം 500എംഎം വ്യാസമുള്ള കൂറ്റൻ ഇരുമ്പ് പൈപ്പിലൂടെ നിലയ്ക്കൽ ബേസ് ക്യാംപിൽ എത്തിയത്. പള്ളിയക്കാവ് ക്ഷേത്രം, ഗോശാല, ബിഎസ്എൻഎൽ ടവർ എന്നിവിടങ്ങളിൽ നിർമാണം പുരോഗമിക്കുന്ന 20 ലക്ഷം ലീറ്റർ വീതം സംഭരണ ശേഷിയുള്ള മൂന്ന് കൂറ്റൻ സംഭരണികളിൽ വെള്ളം എത്തിച്ച് വിതരണം ചെയ്യുന്നതോടെയാണു പദ്ധതി പൂർണ ലക്ഷ്യത്തിൽ എത്തുക.
നിലവിൽ ഈ മൂന്ന് ജല സംഭരണികളുടെയും നിർമാണം നടക്കുന്നതേയുള്ളൂ. ഈ സ്ഥലങ്ങളിൽ എല്ലാം നിലവിൽ വെള്ളം സംഭരിച്ച് വിതരണം ചെയ്യുന്ന കൂറ്റൻ സ്റ്റീൽ സംഭരണികൾ ഉണ്ട്. പ്രധാന സംഭരണിയുടെ നിർമാണം പൂർത്തിയാകും വരെ സ്റ്റീൽ സംഭരണിയിൽ വെള്ളം ശേഖരിച്ച് വിതരണം ചെയ്യാനാണ് ജലസേചന വകുപ്പിന്റെ തീരുമാനം.അടൂർ പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വിപിൻ ചന്ദ്രൻ, സൂപ്രണ്ടിങ് എൻജിനീയർ കൃഷ്ണകുമാർ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ പി.നെൽസൺ എന്നിവരുടെ മേൽനോട്ടത്തിലാണ് നിർമാണം. അസി.എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ അസി.എൻജിനീയർ വി അനു, ഓവർസീയർ അനീഷ്കുമാർ, സുദീപ്, അജാസ്, രാജപാണ്യൻ എന്നിവർ സ്ഥലത്ത് ക്യാംപ് ചെയ്തായിരുന്നു പ്രവർത്തനം.
‘തീർഥാടന വഴികളിലെ ആയുർവേദ പരിരക്ഷ’ പ്രകാശനം
ശബരിമല ∙ തീർഥാടന കാലം ആരോഗ്യപൂർണമാക്കാൻ സഹായിക്കുന്ന ‘തീർഥാടന വഴികളിലെ ആയുർവേദ പരിരക്ഷ’ എന്ന ഷോർട് വിഡിയോ സീരീസ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രകാശനം ചെയ്തു. \ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എഎംഎഐ) ആരോഗ്യ ബോധവൽക്കരണ പരിപാടിയായ ആരോഗ്യ പാഠത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ ആയുർവേദ കോളജുമായി സഹകരിച്ച് തയാറാക്കിയതാണ് വിഡിയോ സീരീസ്.എഎംഎഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ.പ്രവീൺ, ഡോ.മനു, ഡോ.കെ.ജി.ആനന്ദ് എന്നിവർ പങ്കെടുത്തു. കണ്ണൂർ ഗവ.ആയുർവേദ കോളജിലെ ഡോ.പി.എം.മധു, ഡോ.മിനി, ഡോ.പ്രജിത എന്നിവരോടൊപ്പം ഡോ.എം.സുധീർ, ജിത്തു കോളയാട് തുടങ്ങിയവരുൾപ്പെടുന്ന സംഘമാണ് വിഡിയോ സീരീസിന്റെ നിർമാണത്തിൽ പ്രവർത്തിച്ചത്.
കോടതി വിലക്കി മാളികപ്പുറത്ത് നാളികേരം ഉരുട്ടൽ തുടരുന്നു
ശബരിമല ∙ ഹൈക്കോടതി വിധി ലംഘിച്ച് മാളികപ്പുറത്ത് തീർഥാടകരുടെ നാളികേരം ഉരുട്ടൽ തുടരുന്നു. മാളികപ്പുറത്തെ നാളികേരം ഉരുട്ടൽ ചടങ്ങ് ആചാരമല്ലെന്നും അതിനാൽ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. കോടതി വിധി വന്നപ്പോൾ തന്നെ ഇത് തടയുമെന്ന് ദേവസ്വം ബോർഡ് പ്രഖ്യാപനവും നടത്തി. എന്നാൽ മാളികപ്പുറത്ത് എത്തുന്ന ഒട്ടേറെ ഭക്തർ നാളികേരം ഉരുട്ടൽ വഴിപാട് നടത്തിയാണ് മടങ്ങുന്നത്. ഇന്നലെയും ഇത് നടന്നു.
അതേസമയം, മാളികപ്പുറത്തെ നാളികേരം ഉരുട്ട് ഒരു നൂറ്റാണ്ടിലേറെയായി നടന്നുവരുന്ന ചടങ്ങാണെന്നാണ് ഭക്തരുടെ നിലപാട്. മാളികപ്പുറം ക്ഷേത്രത്തിൽ പട്ട് സമർപ്പിച്ച് പൂജിക്കുന്ന പതിവുണ്ട്. അതിന് അവസരം കിട്ടാത്തവർ കൊണ്ടുവന്ന പട്ട് ക്ഷേത്രത്തിനു മുകളിലേക്ക് വലിച്ചെറിഞ്ഞാണു സമർപ്പണം നടത്തുന്നത്. അതിനു ശേഷം ക്ഷേത്രത്തിനു മുകളിൽ കിടക്കുന്നതിൽ ഒരു പട്ട് വീട്ടിലേക്ക് കൊണ്ടുപോകുന്നുമുണ്ട്. ഇത്തരം ആചാരം ഇല്ലെങ്കിലും ഇതും നിർബാധം തുടരുന്നു.