സൈലന്റ് വാലി റോഡ്: ഓട നിർമിക്കാനുള്ള നീക്കം രണ്ടാം തവണയും തടഞ്ഞ് നാട്ടുകാർ
Mail This Article
ഇട്ടിയപ്പാറ ∙ സൈലന്റ്‌വാലിയിലേക്കുള്ള റോഡ് വെട്ടിപ്പൊളിച്ച് ഓട നിർമിക്കാനുള്ള കെഎസ്ടിപിയുടെ നീക്കം നാട്ടുകാർ ഇടപെട്ടു തടഞ്ഞു. കടുത്ത പ്രതിഷേധത്തിനൊടുവിൽ രണ്ടാം തവണയും പണി നടത്താതെ കെഎസ്ടിപി അധികൃതർ മടങ്ങി. പുനലൂർ–മൂവാറ്റുപുഴ പാതയിലെ വലിയപറമ്പിൽപടി ജംക്‌ഷനു സമീപത്തു നിന്നാണ് സൈലന്റ്‌വാലിയിലേക്കുള്ള റോഡ് ആരംഭിക്കുന്നത്. വീതി കുറഞ്ഞ റോഡാണിത്.
ഒരു വാഹനത്തിനു കഷ്ടിച്ചു കടന്നു പോകാനുള്ള വീതിയേയുള്ളൂ. ഇതിന്റെ വശം പൊളിച്ച് പുനലൂർ–മൂവാറ്റുപുഴ പാതയിലെ ഓടയിൽ നിന്നുള്ള വെള്ളം വലിയതോട്ടിൽ എത്തിക്കുകയാണ് ലക്ഷ്യം. കോന്നി–പ്ലാച്ചേരി പാത വീതി കൂട്ടി പണിതപ്പോൾ വലിയപറമ്പിൽപടി ജംക്‌ഷനിൽ സപ്ലൈകോ ഗോഡൗണിനു സമീപം കലുങ്ക് നിർമിച്ചിരുന്നു. ഇതുവഴി ഒഴുകിയെത്തുന്ന വെള്ളം സമീപത്തെ ഭൂഉടമയ്ക്കു ഭീഷണിയാകുന്നെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഇതേ തുടർന്ന് കോടതിയാണ് സൈലന്റ്‌വാലി റോഡിലൂടെ ഓട നിർമിച്ച് തോട്ടിൽ വെള്ളമെത്തിക്കാൻ ഉത്തരവിട്ടത്. ഇതിനാവശ്യമായ സഹായങ്ങൾ ചെയ്തു നൽകണമെന്ന് പഴവങ്ങാടി പഞ്ചായത്തിനോടും കോടതി നിർദേശിച്ചിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് കെഎസ്ടിപി അസിസ്റ്റന്റ് എൻജിനീയർ സ്വാതിയുടെ നേതൃത്വത്തിൽ രണ്ടാഴ്ച മുൻപ് ഓട നിർമിക്കാനെത്തിയിരുന്നു.
അന്നും നാട്ടുകാർ ഇടപെട്ടു തടഞ്ഞിരുന്നു. പിന്നീട് പ്രദേശവാസികൾ കോടതിയെ സമീപിച്ചെങ്കിലും കേസ് പരിഗണിച്ചിരുന്നില്ല. തുടർന്ന് വീണ്ടും അപ്പീൽ നൽകിയിരിക്കുകയാണ്. ഇതിനിടെയാണ് ഇന്നലെ നിർമാണം നടത്താനെത്തിയത്. സ്ത്രീകൾ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എസ്ഐ റെജി തോമസിന്റെ നേതൃത്വത്തിൽ പൊലീസെത്തി ഇരുകൂട്ടരുമായും ചർച്ച നടത്തി.
പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് തുടർ ചർച്ചയാകാമെന്നു പൊലീസ് അറിയിച്ചെങ്കിലും ജനം പിരിഞ്ഞു പോയില്ല. തുടർന്ന് പഞ്ചായത്ത് കമ്മിറ്റി ചേർന്ന് ഉത്തരവ് പുനഃപരിശോധിക്കണമെന്ന് തീരുമാനമെടുത്തു. ഇതുമായി പൊലീസ് സ്റ്റേഷനിൽ സമരക്കാർ ചർച്ചയ്ക്കു ചെന്നതിനു പിന്നാലെ ഇൻസ്പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹത്തോടെ പണി നടത്താൻ വീണ്ടും കെഎസ്ടിപി ശ്രമിച്ചു.
റോഡ് കുഴിക്കാൻ സമ്മതിക്കില്ലെന്ന നിലപാടിൽ സമരക്കാരും ഉറച്ചു നിന്നു. ഒടുവിൽ കോടതി തീരുമാനം വരും വരെ കാക്കാമെന്ന നിലപാടിൽ കെഎസ്ടിപി സംഘവും പണിക്കാരും പിരിഞ്ഞു. നാട്ടുകാരെ ദ്രോഹിക്കുകയല്ല മറിച്ച് കോടതി ഉത്തരവ് നടപ്പാക്കാൻ മാത്രമാണു ശ്രമിക്കുന്നതെന്ന് അസിസ്റ്റന്റ് എൻജിനീയർ സ്വാതി പറഞ്ഞു.