പമ്പയിലെ കരിക്കു വിൽപന കേന്ദ്രത്തിൽ രാജവെമ്പാല; 6 അടിയിൽ കൂടുതൽ നീളം
Mail This Article
ശബരിമല ∙ പുലി, രാജവെമ്പാല, കരിമൂർഖൻ എന്നു വേണ്ട തീർഥാടകർക്കു ഭീഷണിയായ എല്ലാ വന്യ ജീവികളേയും പമ്പ കടത്തി സുരക്ഷ ഒരുക്കുന്ന തിരക്കിലാണ് വനപാലകർ.
ഇതുവരെ പിടികൂടിയത് 54 പാമ്പുകളെ
∙ സന്നിധാനം ഗവ. ആയുർവേദ ആശുപത്രിയിലാണ് കരിഞ്ചേര കയറിയത്. വിവരം അറിഞ്ഞ് സന്നിധാനത്തിലെ വനപാലക സംഘം പിടികൂടി കാട്ടിലേക്ക് അയച്ചു. പാണ്ടിത്താവളത്തിലേക്കു പോകുന്ന വഴിയോടു ചേർന്നു പൊത്തിലേക്കു കരിമൂർഖൻ കയറുന്നത് തീർഥാടകർ കണ്ടു. വനപാലകർ വന്നു നോക്കിയെങ്കിലും പിടിക്കാൻ കഴിഞ്ഞില്ല. മതിലിലെ കരിങ്കൽ ഇളകിയ ഭാഗം മുഴുവൻ പൊളിച്ചു മാറ്റി മൂർഖനെ പിടിക്കാനാണു തീരുമാനം.
തീർഥാടനം തുടങ്ങിയ ശേഷം സന്നിധാനത്തു നിന്ന് ഇതുവരെ 54 പാമ്പുകളെ വനം വകുപ്പ് പിടികൂടി ഉൾവനത്തിൽ വിട്ടു. പരമ്പരാഗത പാതകളിൽ അപകടാവസ്ഥയിൽ നിന്ന മരച്ചില്ലകൾ മുറിച്ചു നീക്കി. കല്ലുകളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്തു. സന്നിധാനത്തു നിന്നു മാത്രം 93 പന്നികളെ പിടികൂടി ഉൾവനത്തിൽ വിട്ടു. അംഗീകൃത പാമ്പ് പിടുത്തക്കാരും എലിഫന്റ് സ്കോഡും ഉണ്ട്. കുറുക്ക് വഴികളിലൂടെ യാത്ര ചെയ്യുന്നത് അപകടസാധ്യതകൾ ഉണ്ടാക്കും. വനംവകുപ്പിന്റെ എക്കോ ഗാർഡുകളും തീർഥാടകർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നുണ്ട്.
രാജവെമ്പാല
∙ പമ്പ ചെളിക്കുഴിയിൽ സ്വാമി അയ്യപ്പൻ റോഡിന്റെ തുടക്ക ഭാഗത്തെ കരിക്ക് വിൽപന കേന്ദ്രത്തിലാണു രാജവെമ്പാല കയറിയത്. കരിക്കു കുടിക്കാൻ നിന്ന തീർഥാടകരാണ് ഷെഡിനുള്ളിലൂടെ രാജവെമ്പാല ഇഴഞ്ഞു നീങ്ങുന്നത് കണ്ടത്. പാമ്പു പിടുത്ത വിദഗ്ധരായ അരുൺകുമാർ, എ.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം ഏറെ പണിപ്പെട്ടാണു പിടികൂടിയത്. 6 അടിയിൽ കൂടുതൽ നീളം ഉണ്ടായിരുന്നു. ചാക്കിലാക്കിയ രാജവെമ്പാലയെ രാത്രി 8.30ന് ചാലക്കയം ഒറ്റക്കല്ല് ഭാഗത്ത് എത്തിച്ച് ഉൾവനത്തിൽ തുറന്നുവിട്ടു.
പുലിയിറങ്ങി
∙ പമ്പയിൽ തിങ്കളാഴ്ച രാത്രി ദേവസ്വം മെസിനു പിന്നിൽ പുലി കാട്ടുപന്നിയെ പിടിക്കുന്നതായി കണ്ടെന്നു ദേവസ്വം ജീവനക്കാർ. സംഭവം അറിഞ്ഞ് വനപാലക സംഘം ഉടനെ എത്തി. പ്രദേശത്താകെ വിശദമായ പരിശോധന നടത്തി. എന്നാൽ പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പുലിയും കടുവയും ഉള്ള പ്രദേശമായതിനാൽ ജാഗ്രത പുലർത്തുന്നുണ്ട്.