ADVERTISEMENT

മല്ലപ്പള്ളി ∙ സർക്കാരിന്റെ ജനപക്ഷ ഇടപടലിന്റെ തുടർച്ചയാണു കരുതലും കൈത്താങ്ങും പദ്ധതിയെന്നും വിവിധ കാരണങ്ങളാൽ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്ന പരാതികൾക്കു ശാശ്വത പരിഹാരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വീണാ ജോർജ്.കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഭിക്കുന്ന പരാതികൾ അദാലത്തിനുശേഷവും വിവിധതലങ്ങളിൽ പരിശോധിച്ചാണു പരിഹാരം ഉറപ്പാക്കുക. പൂർണമായും പരിഹരിക്കപ്പെടാത്തവ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പുരോഗതി വിലയിരുത്തും.

മന്ത്രിതലത്തിലും അഡീഷനൽ ചീഫ് സെക്രട്ടറി/ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും പരാതികളുടെ പുരോഗതി വിലയിരുത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാത്യു ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, കലക്ടർ എസ്. പ്രേം കൃഷ്ണൻ, സബ്കലക്ടർ സുമിത്കുമാർ താക്കൂർ, എൽഎ ഡപ്യൂട്ടി കലക്ടർ ആർ. ശ്രീലത, ജില്ലാ പഞ്ചായത്തംഗം അംഗം ജിജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ചന്ദ്രമോഹൻ (മല്ലപ്പള്ളി), കെ.കെ. വത്സല (കോയിപ്രം), ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

മല്ലപ്പള്ളിയിൽ നടന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ കല്ലൂപ്പാറ സ്വദേശി ജാനകി ശ്രീധരൻ തന്റെ 8 സെന്റ് ഭൂമിക്ക് കരം അടയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വീണാ ജോർജിനോടു ആവശ്യപ്പെടുന്നു. സബ് കലക്ടർ സുമിത് കുമാർ ഠാക്കൂർ, കലക്ടർ എസ്.പ്രേം കൃഷ്ണൻ എന്നിവർ സമീപം
ചിത്രം:മനോരമ
മല്ലപ്പള്ളിയിൽ നടന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ കല്ലൂപ്പാറ സ്വദേശി ജാനകി ശ്രീധരൻ തന്റെ 8 സെന്റ് ഭൂമിക്ക് കരം അടയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വീണാ ജോർജിനോടു ആവശ്യപ്പെടുന്നു. സബ് കലക്ടർ സുമിത് കുമാർ ഠാക്കൂർ, കലക്ടർ എസ്.പ്രേം കൃഷ്ണൻ എന്നിവർ സമീപം ചിത്രം:മനോരമ

ഡെയ്സി മാത്യുവിനും കുടുംബത്തിനും ആശ്വാസം
മല്ലപ്പള്ളി ∙ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഡെയ്സി മാത്യുവിനും കുടുംബത്തിനും ആശ്വാസമായി മുൻഗണനാ റേഷൻ കാർഡ് അനുവദിച്ചു.കരുതലും കൈത്താങ്ങും പൊതുജന പരാതി പരിഹാര അദാലത്തിലാണു പൊതുവിഭാഗത്തിൽ ഉൾപ്പെട്ടിരുന്ന വാളക്കുഴി തയ്യിൽ ഡെയ്സി മാത്യുവിനെ മുൻഗണനാ വിഭാഗത്തിലെ അന്ത്യോദയ അന്നയോജന ഉൾപ്പെടുത്തി റേഷൻകാർഡ് നൽകിയത്. 5 അംഗ കുടുംബത്തിനു കൂലിവേലപ്പണിക്കാരനായ ഭർത്താവിന്റെ ഏക വരുമാനമായിരുന്നു ഏക ആശ്രയം. ഡെയ്സിയും മകൾ ടിനി മേരി മാത്യുവും ചേർന്ന് ഇന്നലെ മന്ത്രിയിൽനിന്നു റേഷൻകാർഡ് സ്വീകരിച്ചു. ഡെയ്സിയുടെ ഇളയമകൾ ടീന ഇപ്പോഴും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ചികിത്സയിലാണ്.

കുരുക്കഴിയുന്നു; ജാനകിക്ക് ഇനി 8 സെന്റ് സ്വന്തം
മല്ലപ്പള്ളി ∙ എട്ടുസെന്റിൽ താമസിക്കുന്ന എൺപതുകാരിക്ക് സ്വന്തം പേരിൽ കരം അടയ്ക്കുന്നതിനുള്ള ആവശ്യവുമായാണ് കല്ലൂപ്പാറ ചാക്കോംഭാഗം പഴമലമുകളിൽ ജാനകി ശ്രീധരൻ അദാലത്തിൽ എത്തിയത്. ഇവരുടെ ഭർത്താവ് ശ്രീധരൻ ആചാരിയുടെ അച്ഛൻ നാരായണൻ ആചാരിയുടെ പേരിലാണു വില്ലേജ് രേഖകളിൽ വസ്തു. ഭർത്താവിനു കുടുംബ ഓഹരിയായി ലഭിച്ചതാണ് 8 സെന്റ് സ്ഥലം. ഇവിടെയുള്ള വീട്ടിലാണു ജാനകിയും മകനും താമസിക്കുന്നത്. ജാനകിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രിയും എംഎൽഎയും ജില്ലാ കലക്ടറും അനുഭാവപൂർമായ തീരുമാനമെടുത്തു. ഭർതൃപിതാവിന്റെ പേരിലുള്ള വസ്തുവായതിനാൽ മറ്റു ബന്ധുക്കൾക്കു നോട്ടിസ് നൽകി 15 ദിവസത്തിനകം അവകാശ സ്ഥിരീകരണം നടപടി സ്വീകരിക്കുന്നതിന് ആർഡിഒയ്ക്ക് നിർദേശം നൽകി.

കെട്ടിടനമ്പർ കിട്ടി; ഇനി സന്തോഷം
മല്ലപ്പള്ളി ∙ കംപ്യൂട്ടർവൽക്കരണ കാലഘട്ടത്തിലെ പിഴവുകളിലും അദാലത്തിൽ പരിഹാരം. കീഴ്‌വായ്പൂര് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മാ പള്ളി ട്രസ്റ്റി ജേക്കബ് കുരുവിളയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു നമ്പർ ലഭിക്കുന്നതിനു വർഷങ്ങളായി നേരിട്ട കാലതാമസമാണ് അദാലത്തിലൂടെ പരിഹാരമായത്. 35 വർഷങ്ങളായി കെട്ടിടത്തിൽ ക്ലിനിക് പ്രവർത്തിച്ചിരുന്നു. കംപ്യൂട്ടർ സോഫ്റ്റ്‌വെയറുകൾ മാറിയതോടെ പഴയ കെട്ടിടങ്ങൾക്ക് നമ്പർ നൽകാൻ കഴിയില്ലെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട്. കെട്ടിടത്തിന്റെ കാലപ്പഴക്കം രേഖകളിലൂടെ വ്യക്തമായതും പഞ്ചായത്തിന് എതിർപ്പില്ലാത്തതും ഇൻഫർമേഷൻ കേരള മിഷൻ മുഖേന സോഫ്റ്റ്‌വെയറിൽ മാറ്റംവരുത്തി വിവരങ്ങൾ അപ്‌ലോഡ് ചെയ്തു നമ്പർ ലഭ്യമാക്കുന്നതിനാണു മന്ത്രി ഉത്തരവിട്ടത്. ഇൻഫർമേഷൻ കേരള മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരെയാണു ചുമതലപ്പെടുത്തിയത്.

പരാതി കേട്ടറിഞ്ഞ് സങ്കട പരിഹാരം
മല്ലപ്പള്ളി ∙ കേട്ടറിഞ്ഞ പരാതിക്കും കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിൽ പരിഹാരം. 7 വയസുള്ള ഭിന്നശേഷിക്കാരനായ അലനെ  ഒക്കത്തെടുത്താണ് അമ്മ പാടിമൺ മുതുമരത്തിൽ കെ.ഒ. റീത്താമ്മ അദാലത്തിൽ എത്തിയത്. റീത്താമ്മ അദാലത്തിൽ പരാതി സമർപ്പിച്ചിരുന്നില്ല. മന്ത്രിയെ കണ്ടു മകന്റെ കാര്യം പറയാമെന്നു വിചാരിച്ചാണ് എത്തിയത്. അലനു നടക്കാനും സംസാരിക്കാനും കഴിയില്ല. ഇളയ മകനും ഭിന്നശേഷിക്കാരൻ ആണ്. പരാതി കേട്ട മന്ത്രി വീണാ ജോർജ് അടിയന്തര നടപടിക്കു ജില്ലാ സാമൂഹികനീതി ഓഫിസർക്കു നിർദേശം നൽകി. നിരാമയ, പരിരക്ഷ, സ്വാശ്രയ പദ്ധതികളിൽ ഉൾപ്പെടുത്തി അലന്റെ തെറപ്പിക്കും ചികിത്സാ സഹായത്തിനും റീത്താമ്മയ്ക്കു സ്വയംതൊഴിൽ ചെയ്യുന്നതിനും പരമാവധി ധനസഹായം അടിയന്തരമായി ലഭ്യമാക്കുന്നതിനുമാണു നിർദ്ദേശം നൽകിയത്.

English Summary:

Karuthal and Kaithangum scheme is a new initiative by the Kerala government to address public grievances and ensure timely resolution. Launched by Minister Veena George in Mallapally, the scheme aims to eliminate bureaucratic hurdles and provide citizens with a platform for efficient complaint redressal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com