നാദവിസ്മയം തീർത്ത് ശിവമണി
Mail This Article
ശബരിമല ∙ ഹിമഗണങ്ങൾ ജപമാല കോർത്ത സന്നിധാനത്ത് ഡ്രംസ് മാന്ത്രികൻ ശിവമണി വിരലുകൾക്കിടയിലൂടെ വടി കറക്കിയും ഉയർത്തിയും താഴ്ത്തിയും അമ്മാനമാടി തീർത്ത നാദവിസ്മയം തീർഥാടകരെ ഭക്തിയുടെ കുളിരണിയിച്ചു. നാദവിസ്മയത്തിൽ തീർഥാടകർ മതിമറന്നു. ശിവമണിയും സംഘവും സംഗീത പാരമ്പര്യത്തെ ഇരുമുടിയേന്തി മലകയറ്റിയപ്പോൾ സന്നിധാനത്തിൽ വിരിഞ്ഞത് ഇമ്പമാർന്ന ഒരുപിടി അയ്യപ്പ ഭക്തിഗാനങ്ങൾ. ഭക്തിയെ അരക്കിട്ടുറപ്പിച്ച രാഗവിസ്മയങ്ങളും. ശിവമണിയുടെ താളത്തിനൊപ്പം പ്രകാശ് ഉള്ള്യേരിയുടെ കീബോർഡിൽ നിന്ന് ഉതിർന്ന ശ്രുതികളും ദേവദാസിന്റെ ആലാപന മാധുര്യവും ഒത്തുചേർന്നപ്പോൾ സന്നിധാനത്തിനു സമ്മാനിച്ചത് ഇമ്പമാർന്ന അയ്യപ്പ ഗീതങ്ങളായിരുന്നു.
അയ്യപ്പ സ്വാമിയെ കണ്ടു തൊഴുത് മനംകുളിർത്ത ഭക്തർ നാദവിസ്മയത്തിൽ മതിമറന്നു താളംപിടിച്ചു. അയ്യപ്പ സന്നിധിയിൽ തുടർച്ചയായ ഒൻപതാം വർഷമാണ് ശിവമണി നാദ വിസ്മയം തീർക്കുന്നത്. പുലർച്ചേ മലകയറി എത്തിയ ശിവമണിയും സംഘവും ദർശനത്തിനു ശേഷം സന്നിധാനം ഓഡിറ്റോറിയത്തിലാണ് സംഗീത വിരുന്ന് ഒരുക്കിയത്. ശംഖ് വിളിയോടെയായിരുന്നു തുടക്കം. കീ ബോർഡുമായി പ്രകാശ് ഉള്ളിയേരിയും സംഘവും നാദ വിസ്മയത്തിൽ പങ്കുചേർന്നു. ദേവദാസാണ് അയ്യപ്പ കീർത്തനങ്ങൾ ആലപിച്ചത്. ശിവമണി നാദ വിസ്മയത്തിനു ഭക്തർ ഹർഷാരവത്തോടെ പ്രോത്സാഹനം നൽകി
ഒരു മാസത്തെ കഠിനവ്രതാനുഷ്ഠാനത്തോടെയാണ് ഭക്തിയുടെ ഇരുമുടിക്കെട്ടുമായി മല ചവിട്ടിയതെന്നു ശിവമണി. മധ്യപ്രദേശിലെ ജഗൽപ്പുരിൽ നിന്നാണ് ശബരിമലയ്ക്കു വന്നത്. എനിക്ക് എല്ലാം എല്ലാം അയ്യപ്പനാണ്. മണ്ഡലകാലത്തെ അയ്യപ്പ ദർശനം എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഒരു വർഷത്തേക്കുള്ള ഊർജമാണ് ശബരിമലയിൽ നിന്നു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.ദോശക്കല്ലിലും വീപ്പകളിലും വരെ താള വിസ്മയം തീർക്കുന്ന ശിവമണി ഇത്തവണ ആവശ്യമായ വാദ്യോപകരണങ്ങളുമായാണ് ദർശനത്തിനു വന്നത്.
അതിതീവ്ര മഴ മുന്നറിയിപ്പ് പ്രത്യേക ജാഗ്രത
ശബരിമല ∙ പെയ്യുന്നത് ചാറ്റൽ മഴയാണെങ്കിലും അതിതീവ്രമഴ മുന്നറിയിപ്പുള്ളതിനാൽ പ്രത്യേക ജാഗ്രതയിലാണ് ശബരിമല. ഇന്നലെ പുലർച്ചെ തുടങ്ങിയ ചാറ്റൽമഴ വൈകിട്ടും ഒരുപോലെ തുടർന്നു. തീർഥാടകരുടെ മല കയറ്റവും ഇറക്കവും മഴ നനഞ്ഞ്. പത്തനംതിട്ട ജില്ലയിൽ ഇന്നലെ റെഡ് അലർട്ട് ആയിരുന്നെങ്കിലും അതിതീവ്ര മഴ പെയ്തില്ല. എന്നാൽ തോരാതെ ചാറ്റൽ മഴ തുടർന്നു. ഇടയ്ക്ക് ശക്തി പ്രാപിക്കുമെങ്കിലും വേഗം അത് കുറഞ്ഞ് ചാറ്റലാകും. രാവിലെ മുതൽ ഇതാണു കണ്ടുവന്നത്. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്നു പമ്പയിൽ എഡിഎം അരുൺ എസ്.നായരുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. തീർഥാടകർ പുണ്യസ്നാനം നടത്തുന്ന പമ്പാനദിയിൽ ജല നിരപ്പ് ഉയരാതെ ക്രമീകരിക്കാൻ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് ജലസേചന വകുപ്പിന്റെ പമ്പ–ത്രിവേണി, ആറാട്ടുകടവ് എന്നിവിടങ്ങളിലെ തടയണകളിൽ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. ആറാട്ട് കടവ് തടയണയിലെ വെള്ളം തുറന്നു വിട്ട് 75 സെന്റീമീറ്റർ ഉയരമായി ക്രമീകരിച്ചു.
എന്നാൽ തീർഥാടകരുടെ പുണ്യ സ്നാനത്തിന് ആവശ്യത്തിനുള്ള വെള്ളം ലഭിക്കത്തക്ക വിധത്തിൽ പമ്പ– ത്രിവേണി തടയണ കവിഞ്ഞ് ഒഴുകുന്നുണ്ട്. ചാറ്റൽ മഴ പെയ്തെങ്കിലും പമ്പ, കക്കി നദിയികളിൽ ജല നിരപ്പ് ഉയർന്നിട്ടില്ല. തെളിഞ്ഞ വെള്ളമാണ് ഒഴുകി വരുന്നത്. അതിനാൽ കിഴക്കൻ വനമേഖലയിൽ കാര്യമായി മഴ പെയ്തിട്ടില്ലെന്നാണ് നിഗമനം. എന്നാലും ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ ആറാട്ട് കടവ്, ത്രിവേണി പമ്പു ഹൗസ് എന്നീ തടയണകളുടെ ഭാഗത്ത് 24 മണിക്കൂറും നിരീക്ഷണവുമായി ഉണ്ട്. ജലനിരപ്പ് ഉയർന്നാൽ സ്നാനത്തിനായി പമ്പാനദിയിലേക്ക് തീർഥാടകർ ഇറങ്ങുന്നത് നിയന്ത്രിക്കും. ദേശീയ ദുരന്ത നിവാരണ വിഭാഗം, അഗ്നിരക്ഷാസേന, പൊലീസ് എന്നിവർ ജലനിരപ്പ് നിരീക്ഷിച്ച് പമ്പാ മണപ്പുറത്തുണ്ട്. രാത്രിയോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം. എന്നാലും ജാഗ്രത കുറയ്ക്കുന്നില്ല.
ബസിൽ കയറാൻ ക്രമീകരണമില്ല
ശബരിമല ∙ പ്രായമായർക്കും കുട്ടികൾ തിരക്കിൽപെടാതെ ബസിൽ കയറാനുള്ള ക്രമീകരണം ഇന്നലെയും പമ്പ ത്രിവേണിയിൽ ഒരുക്കിയില്ല. നിലയ്ക്കൽ ചെയിൻ സർവീസ് ബസുകൾ നിർത്തുന്ന ഭാഗത്ത് 50 മീറ്റർ ദൂരത്തിൽ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. റോഡിലേക്കു തീർഥാടകർ ഇറങ്ങി അപകടം ഉണ്ടാകാതിരിക്കാനാണ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുള്ളത്. ത്രിവേണിയിലേക്ക് 3 ബസ് ഒരുമിച്ച് വരുമെങ്കിലും ഇന്നലെയും ഒന്ന് നിറഞ്ഞ ശേഷമാണ് അടുത്തതിന്റെ വാതിൽ തുറന്നത്. ഇതുകാരണം തിക്കിത്തിരക്കി ബസിൽ കയറാൻ കഴിയാതെ ഇന്നലെയും പ്രായമായവരും കുട്ടികളും അവരുമായി എത്തിയവരും വിഷമിച്ചു.
ഇവർക്ക് ബസിൽ കയറാൻ പ്രത്യേക ക്യൂ ക്രമീകരിക്കാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞിട്ടില്ല. അൽപം മുൻപിലേക്ക് അവരെ മാറ്റി നിർത്തിയ ശേഷം അവിടെ ബസ് നിർത്തി കയറ്റി കൊണ്ടുപോയാൽ തീരാവുന്ന പ്രശ്നമാണ്. ഇപ്പോൾ ത്രിവേണിയിൽ നിന്നു സ്റ്റാൻഡിലേക്ക് സൗജന്യ യാത്ര പോകുന്ന ബസ് നിലയ്ക്കൽ സ്റ്റോപ്പിൽ നിന്ന് അൽപം മുൻപിലേക്ക് മാറ്റി നിർത്തുന്നുണ്ട്. അതുപോലെ ക്രമീകരിക്കാവുന്നതാണ്.
കാട്ടുപന്നി ആക്രമണത്തിൽ പൊലീസുകാരന് പരുക്ക്
ശബരിമല ∙ മാളികപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർക്ക് പരുക്ക്. കണ്ണൂർ റൂറൽ എആർ ക്യാംപ് സീനിയർ സിപിഒ പയ്യന്നൂർ, കണ്ടംകാളി, തലോടി വീട്ടിൽ സത്യനെ(50) പരുക്കുകളോടെ സന്നിധാനം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കു പൊലീസ് മെസിൽ നിന്നു ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം. മുതുകിനു കുത്തേറ്റ് തെറിച്ചു വീണ സത്യന്റെ തലയ്ക്ക് മുറിവേറ്റു. തലയിൽ 4 കുത്തിക്കെട്ട് ഉണ്ട്.
കാനനപാത; സമയക്രമം പ്രധാനം
ശബരിമല ∙ കാനനപാത വഴി കാൽനടയായി ശബരിമല ദർശനത്തിനു വരുന്ന തീർഥാടകർ സമയക്രമം പാലിക്കണമെന്നു വനം വകുപ്പ്. സത്രം –പുല്ലുമേട് വഴി രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും മുക്കുഴി വഴി രാവിലെ 7 മുതൽ 3 വരെയും മാത്രമാണു പ്രവേശനമുള്ളത്. സന്നിധാനത്ത് നിന്ന് പുല്ലുമേട് വഴി തിരിച്ചു പോകുന്നവരെ രാവിലെ 8 മുതൽ 11 വരെ മാത്രമേ പാണ്ടിത്താവളത്തിൽ നിന്നു കടത്തിവിടു. കാനനപാതയിൽ നിശ്ചിത വഴികളിലൂടെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കു. ദൂരം കുറയാൻ വനത്തിലെ കുറുക്കുവഴികളിൽ വന്യമൃഗശല്യം ഏറെയുള്ളതിനാൽ അതുവഴി പോകാൻ പാടില്ല.