ADVERTISEMENT

ശബരിമല ∙ പമ്പ – സന്നിധാനം റോപ്‌വേയ്ക്ക് വനഭൂമി വിട്ടുകിട്ടാൻ ഇനി വേണ്ടത് പെരിയാർ കടുവ സങ്കേതം ഡപ്യൂട്ടി ഡയറക്ടറുടെയും റാന്നി ഡിഎഫ്ഒയുടെയും അനുകൂല റിപ്പോർട്ട്. 4.5336 ഹെക്ടർ വനഭൂമിയാണ് ഇതിനായി വേണ്ടിവരുന്നത്. പകരം കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിലെ കുളത്തൂപ്പുഴ കട്ടിളപ്പാറയിൽ റവന്യു ഭൂമി വനംവകുപ്പിനു വിട്ടുനൽകിയുള്ള സമ്മതപത്രം സർക്കാർ കൈമാറിയിട്ടുണ്ട്. ഇതനുസരിച്ചു റോപ്‌വേയ്ക്ക് ആവശ്യമായ വനഭൂമി വിട്ടു കിട്ടുന്നതിനു നിശ്ചിത ഫോമിലുള്ള ഓൺലൈൻ അപേക്ഷ ദേവസ്വം ബോർഡ് സമർപ്പിച്ചു. പമ്പ ഹിൽടോപ്പിൽ നിന്നു സന്നിധാനം പൊലീസ് ബാരക് വരെ 2.7 കിലോമീറ്ററാണ് റോപ്‌വേയുടെ നീളം. 40 മുതൽ 60 മീറ്റർ വരെ ഉയരമുള്ള 5 തൂണുകൾ ഉണ്ടാകും. ഇതിനായി 80 മരങ്ങൾ മുറിക്കേണ്ടി വരും. റോപ്‌വേയുടെ തുടക്കം പമ്പ ഹിൽടോപ് പാർക്കിങ് ഗ്രൗണ്ടിൽ നദിയുടെ തീരത്താണ്.  ഇവിടം റാന്നി വനമേഖലയുടെ പരിധിയിലാണ്.

പമ്പാനദിയുടെ മറുകര ഗണപതികോവിൽ മുതൽ സന്നിധാനം വരെ പെരിയാർ കടുവാ സങ്കേതത്തിലാണ്. റാന്നി ഡിഎഫ്ഒ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിലെ വരണാധികാരിയുടെ ചുമതലയിൽ തിരക്കിലായിരുന്നു. ‌മുറിക്കേണ്ടിവരുന്ന 80 മരങ്ങളും പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിലായതിനാൽ ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടാണ് പ്രധാനം. ദേവസ്വം ഭൂമിയുടെ അതിർത്തികൾ സംബന്ധിച്ചു ദേവസ്വം ബോർഡും വനം വകുപ്പും തമ്മിലുള്ള തർക്കം ഹൈക്കോടതി ഇടപെട്ട് ഭൂമി അളന്ന് തിരിച്ച് കല്ലിട്ട് പരിഹരിച്ചു. അതോടൊപ്പം പെരിയാർ കടുവാ സങ്കേതം ഡപ്യൂട്ടി ഡയറക്ടറുടെ ശുപാർശപ്രകാരം തൂണുകളുടെ ഉയരം കൂട്ടി. നേരത്തേ ഇത് 30-40 മീറ്ററായിരുന്നു. ഉയരം കൂട്ടുന്നതിനാൽ ടവറുകളുടെ എണ്ണം ഏഴിൽ നിന്ന് അഞ്ചായി . പുതിയ രൂപരേഖ പ്രകാരം നിർമാണത്തിനായി മുറിക്കേണ്ട മരങ്ങളുടെ എണ്ണം 300ൽനിന്ന് 80 ആയി കുറഞ്ഞു. 

പുതിയ രൂപരേഖ അംഗീകരിച്ച് വനം വകുപ്പ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുള്ളതിനാൽ അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വന്യജീവി ബോർഡ് യോഗമാണ് റോപ്‌വേയ്ക്കു വനഭൂമി അനുവദിക്കേണ്ടത്. അനുമതി കിട്ടിയാൽ മകരവിളക്കിനു മുൻപ് ശിലാസ്ഥാപനം നടത്താനാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. റോപ്‌വേ പൂർത്തിയാകുന്നതൊടെ സാധനങ്ങൾ 10 മിനിറ്റിൽ പമ്പയിൽ നിന്നു സന്നിധാനത്ത് എത്തിക്കാൻ കഴിയും. അടിയന്തര സാഹചര്യത്തിൽ രോഗികളെ കൊണ്ടുവരുന്നതിനുള്ള ആംബുലൻസായി ഉപയോഗിക്കുന്നതും ആലോചനയിലുണ്ട്.

തങ്കഅങ്കി ഘോഷയാത്ര 22ന് പുറപ്പെടും
ശബരിമല∙ മണ്ഡല  പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര 22ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 25ന് വൈകിട്ട് സന്നിധാനത്ത് എത്തും. അയ്യപ്പ സ്വാമിക്ക് മണ്ഡലപൂജയ്ക്കു ചാർത്താൻ തിരുവിതാംകൂർ മഹാരാജാവ് ചിത്തിര തിരുനാൾ ബാലരാമവർമ 1973ൽ ആണ് 420 പവൻ തൂക്കമുള്ള തങ്ക അങ്കി ശബരിമലയിൽ നടയ്ക്കുവച്ചത്. ആറന്മുള ക്ഷേത്രത്തിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന തങ്ക അങ്കി ഘോഷയാത്രയായി സന്നിധാനത്ത്  എത്തിക്കാനുള്ള ഒരുക്കത്തിലാണ് ദേവസ്വം ബോർഡ്.

ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിൽ തയാറാക്കിയ രഥമാണു ഘോഷയാത്രയ്ക്കായി ഒരുക്കുന്നത്. എല്ലാ സ്ഥലങ്ങളിലും തീർഥാടകർക്ക് തങ്ക അങ്കി കണ്ടുതൊഴുന്നതിനുള്ള സൗകര്യം ഉണ്ട്.22ന് രാവിലെ 7ന് ആറന്മുള ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. മൂർത്തിട്ട ഗണപതി ക്ഷേത്രം, പുന്നംതോട്ടം ദേവീ ക്ഷേത്രം, ചവുട്ടുകുളം, തിരുവഞ്ചാംകാവ് , നെടുംപ്രയാർ, കോഴഞ്ചേരി ടൗൺ, പാമ്പാടിമൺ , കാരംവേലി, ഇലന്തൂർ ഭഗവതിക്കുന്ന്, ഇലന്തൂർ ഗണപതി ക്ഷേത്രം, അയത്തിൽ , മെഴുവേലി, ഇലവുംതിട്ട ,മുട്ടത്തുകോണം, പ്രക്കാനം കൈതവന, ഇടനാട്, ചീക്കനാൽ, ഊപ്പമൺ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം രാത്രി 8ന് ഓമല്ലൂർ ക്ഷേത്രത്തിൽ എത്തി വിശ്രമിക്കും.  23ന് രാവിലെ 8ന് ഓമല്ലൂർ നിന്നു പുറപ്പെട്ട്  കൊടുന്തറ, അഴൂർ വഴി 10.45ന് പത്തനംതിട്ട ഊരമ്മൻ കോവിൽ, 11ന് പത്തനംതിട്ട ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ എത്തും.

കരിമ്പനയ്ക്കൽ, മുണ്ടുകോട്ടയ്ക്കൽ, കടമ്മനിട്ട ക്ഷേത്രം, കോട്ടപ്പാറ, കല്ലേലിമുക്ക്, പേഴുംകാട്, മേക്കൊഴൂർ, മൈലപ്ര, കുമ്പഴ, പാലമറൂർ അമ്പലമുക്ക്, പുളിമുക്ക്, വെട്ടൂർ, ഇളകൊള്ളൂർ മഹാദേവക്ഷേത്രം, ചിറ്റൂർ മുക്ക്, ചിറയ്ക്കൽ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം രാത്രി 8.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ എത്തി വിശ്രമിക്കും.  24ന് രാവിലെ 7.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട്  ചിറ്റൂർ മഹാദേവ ക്ഷേത്രം, അട്ടച്ചാക്കൽ, വെട്ടൂർ, മൈലാടുംപാറ, കോട്ടമുക്ക്, മലയാലപ്പുഴ ക്ഷേത്രം, മണ്ണാറക്കുളഞ്ഞി,റാന്നി തോട്ടമൺകാവ് ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരത്തിനു ശേഷം 3.30ന് റാന്നി രാമപുരം ക്ഷേത്രത്തിൽ എത്തും.

ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം 5.30ന് ഇടക്കുളം ശാസ്താക്ഷേത്രം. വടശേരിക്കര ചെറുകാവ്, പ്രയാർ മഹാവിഷ്ണു, മാടമൺ ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി  രാത്രി  പെരുനാട് ശാസ്താ ക്ഷേത്രത്തിൽ എത്തി വിശ്രമിക്കും.  25ന് രാവിലെ 8ന് പെരുനാട് ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ളാഹ സത്രം. പ്ലാപ്പള്ളി, ഇലവുങ്കൽ, നിലയ്ക്കൽ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഉച്ചയ്ക്ക് 1.30ന്  പമ്പ ത്രിവേണിയിൽ  എത്തും. അവിടെ നിന്നും സ്വീകരിച്ച് ഗണപതികോവിൽ എത്തിക്കും. 3മണിവരെ പമ്പ ഗണപതികോവിലിൽ തീർഥാടകർക്ക് തങ്കഅങ്കി ദർശനത്തിന് അവസരം ഉണ്ട്. അതിനു ശേഷം പെട്ടിയിലാക്കി ചുമന്നാണ് സന്നിധാനത്ത് എത്തിക്കുക. വൈകിട്ട് 5ന് ശരംകുത്തി എത്തുന്ന ഘോഷയാത്രയെ ദേവസ്വം ഭാരവാഹികൾ ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി 6.30ന് ദീപാരാധന നടക്കും. 

English Summary:

Sabarimala Ropeway project awaits final approval for forest land, aiming for a Makaravilakku foundation stone laying. The Thanga Angi procession from Aranmula to Sannidhanam will commence on the 22nd, marking the beginning of the Mandala Pooja festivities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com