മഴ; അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നു: രാത്രി മഴ കനത്താൽ കരകവിയും
Mail This Article
കോന്നി∙അച്ചൻകോവിൽ മേഖലയിൽ ശക്തമായ മഴയെ തുടർന്ന് അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു. കല്ലേലി – അച്ചൻകോവിൽ റോഡിൽ കടിയാർ കഴിഞ്ഞുള്ള ഭാഗങ്ങളിലെ പല ചപ്പാത്തുകളിലും നദിയിൽ നിന്നു വെള്ളം കയറി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. കല്ലേലി– കൊക്കാത്തോട് റോഡിൽ ഇഞ്ചച്ചപ്പാത്ത് ഭാഗത്തും തോട്ടിൽ നിന്ന് ജലനിരപ്പ് ഉയർന്നെങ്കിലും റോഡിൽ കയറിയില്ല. കൊച്ചുവയക്കര – കുമ്മണ്ണൂർ റോഡിൽ കലുങ്ക് നിറഞ്ഞ് വെള്ളം കയറി. അച്ചൻകോവിൽ നദി നിറഞ്ഞൊഴുകിയതോടെ അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ഗിരിവർഗ കോളനി ഒറ്റപ്പെട്ടു. കല്ലേലി, കോന്നി മേഖലകളിലും നദി നിറഞ്ഞ് വെള്ളമൊഴുകുന്നുണ്ട്. രാത്രി മഴ കനത്താൽ നദി കര കവിയാനുള്ള സാധ്യതയുണ്ട്.
കനത്തമഴ; മേപ്രാലിൽ വീണ്ടും മടവീണു
തിരുവല്ല ∙ അപ്പർ കുട്ടനാട്ടിലെ മേപ്രാലിൽ കനത്ത മഴയെ തുടർന്ന് വീണ്ടും മട വീണു 300 ഏക്കർ വരുന്ന പാടശേഖരം വെള്ളത്തിലായി. മേപ്രാൽ പുതുക്കാട് കൈപ്പുഴായ്ക്കൽ പാടശേഖരത്തിലാണു വ്യാഴാഴ്ച അർധരാത്രിയോടെ മടവീണത്. രണ്ടാഴ്ച മുൻപ് ഇവിടെ മട വീണതിനെ തുടർന്ന് 15 ദിവസത്തോളം മൂപ്പെത്തിയ നെൽച്ചെടികൾ നശിച്ചിരുന്നു. ഇതേ തുടർന്ന് ശക്തിയേറിയ 2 മോട്ടറുകൾ ഉപയോഗിച്ച് ഏറെ പ്രയാസപ്പെട്ടു വെള്ളം വറ്റിച്ച് ബണ്ട് ബലപ്പെടുത്തിയിരുന്നു. ഇതിനുശേഷം വീണ്ടും പാടം ഒരുക്കി ഒരു ഭാഗത്തു നിന്നു കഴിഞ്ഞ ആഴ്ച മുതൽ വിത ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കർഷകർക്ക് ഇരുട്ടടിയായി വീണ്ടും മട പൊട്ടിയത്. പെരിങ്ങര കൃഷി ഭവന്റെ പരിധിയിലും ചങ്ങനാശ്ശേരി താലൂക്കിലുമായി ഉൾപ്പെട്ടു കിടക്കുന്ന പാടശേഖരമാണിത്. തിരുവല്ലയിൽ നിന്നു തുടങ്ങുന്ന ന്യൂ മാർക്കറ്റ് കനാലിന്റെ ബണ്ടാണു തകർന്നത്. മണിമലയാറ്റിലേക്കാണു കനാൽ പോകുന്നത്.