പൊളിഞ്ഞ സ്കൂൾകെട്ടിടം പൊല്ലാപ്പാകുമ്പോൾ
Mail This Article
ആനിക്കാട്∙ പഠനവും കളിയും ചിരിയും ചേർന്നതാണ് ഓരോ വിദ്യാലയങ്ങളും. എന്നാൽ പഠിക്കുന്ന വിദ്യാലയത്തിന്റെ മുറ്റത്ത് ഓടിക്കളിക്കാൻ കഴിയാതെ വിഷമിക്കുകയാണ് വായ്പൂർ എംആർഎസ്എൽബിവി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കുരുന്നുകൾ. സ്കൂളിന്റെ പ്രവേശന കവാടം കടന്നെത്തിയാൽ ആദ്യം കാണുന്ന കെട്ടിടമാണ് നിലവിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും തലവേദനയാകുന്നത്.121 വർഷം പഴക്കമുള്ള കെട്ടിടമാണിത്. ഹൈസ്കൂൾ വിഭാഗമാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. എന്നാൽ കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ മേൽക്കൂരകൾ ഉൾപ്പെടെ തകർന്നു വീഴാൻ തുടങ്ങിയതിനാൽ ഹൈസ്കൂൾ ക്ലാസുകൾ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി. ശേഷം ശോചനീയാവസ്ഥയിലുള്ള കെട്ടിടം പൊളിക്കാൻ ജില്ലാപഞ്ചായത്തിൽ പല തവണ അപേക്ഷ നൽകി. 6 വർഷത്തോളമായി കെട്ടിടം ഇടിഞ്ഞു കിടക്കുകയാണ്. ഈ വർഷം ജൂണിൽ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സ്കൂളിലെത്തി കെട്ടിടം പരിശോധിച്ച് ജില്ലാപഞ്ചായത്തിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടും കെട്ടിടം പൊളിക്കാനുള്ള നടപടിയുണ്ടായിട്ടില്ല. കെട്ടിടം എത്രയും വേഗം പൊളിക്കണമെന്നാണ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആവശ്യം.
സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുമ്പോൾ...
സ്കൂളിലേക്ക് അഡ്മിഷനു വേണ്ടി വരുന്ന രക്ഷിതാക്കൾ ആദ്യം കാണുന്നതു പൊട്ടിപ്പൊളിഞ്ഞ കെട്ടിടമായതിനാൽ കുഞ്ഞുങ്ങളെ ചേർക്കാൻ വിമുഖത കാണിക്കുന്നു. നിലവിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ 43 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 8,9,10 ക്ലാസുകളിലായി വെറും 11 കുട്ടികളാണുള്ളത്. 2004ലാണ് ഹയർസെക്കൻഡറി ആരംഭിക്കുന്നത്. സയൻസ്, കൊമേഴ്സ് ബാച്ചുകളിലായി 74 കുട്ടികളാണ് പഠിക്കുന്നത്. സ്കൂളിൽ കുട്ടികൾ എത്താത്തതിന്റെ പ്രധാന കാരണം കെട്ടിടം തന്നെയാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാണ് കെട്ടിടം.
സ്മാർട്ടല്ല സ്കൂൾ...
പരിമിതമായ സൗകര്യങ്ങളാണ് സ്കൂളിനുള്ളത്. സ്ഥലം ആവശ്യത്തിനുണ്ടെങ്കിലും കെട്ടിടം പൊളിച്ചു നീക്കാത്തതിനാൽ പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ ഒരുക്കാൻ കഴിയാത്ത സ്ഥിതിയാണ്. ചെറിയ കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് സൗകര്യങ്ങളില്ല. ആസ്ബസ്റ്റോസിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ്. ലൈബ്രറി കെട്ടിടം, ലാബ് എന്നിവയുടെ ചുമരുകളിൽ ഈർപ്പം തങ്ങി നിൽക്കുന്നു.
വേണം യാത്രാസൗകര്യം
സ്കൂൾ ബസ്സില്ലാത്തതിനാൽ സ്വകാര്യ ബസുകളെയാണ് കുട്ടികൾ കൂടുതലായി ആശ്രയിക്കുന്നത്. രാവിലെ സ്കൂളിലേക്കെത്താൻ 9.30നു ബസ്സുണ്ട്. എന്നാൽ വൈകിട്ട് വീട്ടിലെത്താൻ ബസ്സില്ലാത്തതിനാൽ കിലോമീറ്ററുകളോളം നടന്നാണ് പോകുന്നത്. അധ്യാപകരും വാഹനസൗകര്യമില്ലാത്തതിനാൽ സ്വകാര്യ ഹോസ്റ്റുകളിലാണ് താമസിക്കുന്നത്.