തോരാതെ പെയ്ത മഴയിലും തളരാതെ ഭക്തിയോടെ മലകയറ്റം
Mail This Article
ശബരിമല ∙ തോരാതെ പെയ്ത മഴയിലും തളരാത്ത ഭക്തിയുമായി എത്തിയ പതിനായിരങ്ങൾ തൃക്കാർത്തിക നാളിൽ അയ്യപ്പ ദർശനം നടത്തി പുണ്യം നേടി. തുടർച്ചയായ രണ്ടാം ദിവസമാണ് സന്നിധാനത്തും പമ്പയിലും ശരണവഴികളിലും തോരാതെ മഴ പെയ്യുന്നത്. എന്നാലും തീർഥാടകർ ആരും മടിച്ചു നിന്നില്ല. അവർ അയ്യപ്പ ദർശനത്തിന്റെ പുണ്യത്തിലേക്ക് അവർ നനഞ്ഞു മലകയറി. ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കുന്നതു വരെ 50,656 പേർ പതിനെട്ടാംപടി കയറി അയ്യപ്പ ദർശനം നടത്തി. അതിൽ 9457 പേർ സ്പോട്ബുക്കിങ് വഴിയാണ് എത്തിയത്.മഴ കാരണം തീർഥാടകർ കുറയുമെന്ന് പൊലീസും ദേവസ്വം ബോർഡും കരുതി. എന്നാൽ എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് തീർഥാടകരുടെ ഒഴുക്കായിരുന്നു ശബരിമലയിൽ.പുലർച്ചെ 3 മുതൽ 10.30 വരെ പതിനെട്ടാംപടി കയറാൻ സന്നിധാനം വലിയ നടപ്പന്തൽ തിങ്ങി നിറഞ്ഞ് തീർഥാടകരായിരുന്നു. പലപ്പോഴും യുടേൺ വരെ ക്യൂ നീളുന്നുണ്ടായിരുന്നു. പത്തരയ്ക്കു ശേഷമാണ് തിരക്ക് അൽപം കുറഞ്ഞത്.
എന്നാലും ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കുമ്പോൾ പതിനെട്ടാംപടി കയറാൻ കുറഞ്ഞത് 4000 പേർ എങ്കിലും ക്യൂവിൽ ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ് നട അടച്ച ശേഷവും അയ്യപ്പന്മാരുടെ പ്രവാഹമുണ്ട്. മഴയും മഞ്ഞും അവരുടെ മലകയറ്റത്തിനു തടസ്സമായില്ല. പ്ലാസ്റ്റിക് മഴക്കോട്ടുമായാണു മിക്കവരും എത്തിയത്. ഇരുമുടിക്കെട്ട് ബാഗിലാക്കി മഴക്കോട്ട് തലയിൽ ഇട്ട് അവർ മലകയറി. നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി പാതയിൽ നടപ്പന്തൽ, ക്യൂ കോംപ്ലക്സ് എന്നിവ ഉള്ളതിനാൽ മഴ ശക്തമാകുമ്പോൾ കയറി നിൽക്കാം. എന്നാൽ ദർശനം കഴിഞ്ഞ് മലയിറങ്ങുന്നവർക്കു കയറി നിൽക്കാൻ എങ്ങും സൗകര്യമില്ല. ചന്ദ്രാനന്ദൻ റോഡ്, സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് തീർഥാടകർ മലയിറങ്ങുന്നത്. ഈ പാതയിൽ നടപ്പന്തൽ ഇല്ല.
കടകളും കുറവാണ്. അതിനാൽ മഴ വന്നാൽ കയറി നിൽക്കാൻ സൗകര്യം ഇല്ല. ഇന്നലെ ശബരിമലയിൽ 67.8 മില്ലിമീറ്റർ മഴ പെയ്തു. പുലർച്ചെ 4 മുതലാണ് പമ്പാനദിയിൽ ജലനിരപ്പ് ഉയരാൻ തുടങ്ങിയത്. പമ്പാനദിയിലൂടെ കലങ്ങിയാണു വെള്ളം വരുന്നത്. ത്രിവേണി പമ്പു ഹൗസിനായുള്ള തടയണ നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്. ജലനിരപ്പ് ഉയർന്ന് തീർഥാടകരുടെ പുണ്യസ്നാനം തടസ്സപ്പെടാതിരിക്കാൻ ജലസേചന വകുപ്പ് ആറാട്ട് കടവ് തടയണയും തുറന്നു വിട്ടു. വെള്ളം തടഞ്ഞു നിർത്തുന്നില്ല. പമ്പാ മണപ്പുറം, സ്നാന ഘട്ടം ത്രിവേണി എന്നിവിടങ്ങളിൽ ദേശീയ ദുരന്ത നിവാരണ വിഭാഗം, അഗ്നിരക്ഷാസേന, പൊലീസ് എന്നിവർ അതീവ ജാഗ്രതയിലാണ്.