ജീപ്പിൽ ഇടിച്ച് കാർ തകർന്നു
Mail This Article
നെടുമൺകാവ് ∙ പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നെടുമൺകാവ് ജംക്‌ഷനിൽ കാർ നിയന്ത്രണംവിട്ട് പിക്കപ് ജീപ്പിൽ ഇടിച്ചു തകർന്നു. കാറിൽ കുടുങ്ങിയ യുവാവിനെ കോന്നിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ഏഴിനാണ് സംഭവം. നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി മടങ്ങിയ പുനലൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉൾപ്പെടെ അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്. മുന്നിൽ ഇരുന്ന സോജൻ (23) എന്ന യുവാവിനെ പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
സുജ, സോജി, വർഗീസ്, ലിയോ എന്നിവരെ നാട്ടുകാർ പുറത്തിറക്കിയിരുന്നു. കോന്നിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് കാറിന്റെ വാതിൽ അകത്തിയാണ് സോജനെ പുറത്തെടുത്തത്. തുടർന്ന് പത്തനാപുരം സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആർക്കും കാര്യമായ പരുക്കില്ല. പിക്കപ് ജീപ്പ് മുന്നോട്ടുപോയി മതിലിൽ ഇടിക്കുകയും ചെയ്തു. ഫയർമാൻമാരായ അനീഷ്, കൃഷ്ണകുമാർ, വിഷ്ണു, രതീഷ്, ആർ.ശ്രീകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.