ADVERTISEMENT

പന്തളം ∙ കഴിഞ്ഞ വർഷം വിളവെടുപ്പ് സമയത്തെ കഠിനമായ ചൂട് മൂലം നെൽക്കൃഷിക്കുണ്ടായ വലിയ നഷ്ടം മുൻപിൽ കണ്ട് ഇത്തവണ നേരത്തെ കൃഷിയിറക്കാനിരുന്ന കരിങ്ങാലിപ്പാടത്തെ കർഷകരെ വലച്ചു വീണ്ടും വെള്ളക്കെട്ട്. മഴ തുടരുന്നതിനാൽ പാടത്ത് വെള്ളം നിറഞ്ഞുകിടക്കുകയാണ്. പര്യാപ്തമായ രീതിയിൽ വെള്ളം പുറത്തേക്കൊഴുക്കി വിടാനുള്ള സൗകര്യമില്ലാത്തതാണ് പ്രതിസന്ധി. കഴിഞ്ഞ തവണ ഡിസംബർ അവസാനവും ജനുവരിയിലുമായിരുന്നു വിത. ഏപ്രിൽ പകുതിയോടെ വിളവെടുപ്പിന് പാകമായി. എന്നാൽ, കടുത്ത ചൂട് കാരണം നെല്ല് ഏറിയപങ്കും മങ്കായി മാറി. പലർക്കും വിളവ് ലഭിച്ചത് മൂന്നിലൊന്ന് മാത്രം. ഇത് കണക്കിലെടുത്താണ് ഇത്തവണ നേരത്തെ കൃഷിയിറക്കാൻ ആലോചിച്ചത്. എന്നാൽ, മഴ കാരണം കണക്കുകൂട്ടലുകളെല്ലാം തെറ്റിയെന്ന് കർഷകർ പറയുന്നു.

വിത്ത് വെള്ളത്തിൽ
ചിറ്റിലപ്പാടത്തെ 142 ഏക്കർ പാടത്ത് 50 ഏക്കറിലധികം വിത്ത് വിതച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ ഇത് പൂർണമായും വെള്ളത്തിലായി. പാലക്കാട് നിന്നു കിലോയ്ക്ക് 45 രൂപ നിരക്കിൽ‍ വാങ്ങിയതാണ് വിത്ത്. ഈയിനത്തിൽ‍ മാത്രം നഷ്ടം 3.2 ലക്ഷം രൂപ വരും. ശേഷിക്കുന്ന വിത്ത് കിളിർക്കുകയും ചെയ്തു. പാടമൊരുക്കാൻ 85,000 രൂപയും പെട്ടിയും പറയ്ക്കും 60,000 രൂപയും മുടക്കി. കർഷകരുടെ പ്രതീക്ഷകളെല്ലാം തെറ്റിച്ചാണ് മഴയെത്തുന്നത്. 

 ഡീവാട്ടറിങ് സൗകര്യം, തോടുകളുടെ സംരക്ഷണം തുടങ്ങിയവയ്ക്കായി കെഎൽ‍ഡിസി പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ, നടപ്പായില്ല. നെൽക്കൃഷി വലിയ പ്രതിസന്ധിയിലാണെന്ന് പാടശേഖരസമിതി പ്രസിഡന്റ് സി.ആർ.സുകുമാരപിള്ള, സെക്രട്ടറി വർഗീസ് ജോർജ് എന്നിവർ പറഞ്ഞു.   ഇത്തവണ കൃഷി തുടങ്ങേണ്ട ഘട്ടത്തിൽ തന്നെ മഴ പ്രതിസന്ധിയായെന്ന് മൂന്നുകുറ്റി പാടത്തെ കർഷകനായ ഹരിലാലും പറയുന്നു.

ഒരാഴ്ച, നഷ്ടം ഒരുലക്ഷം
ഇടയിലെകൊല്ല, വലിയകൊല്ല, മുപ്പത്തി പാടങ്ങൾക്കായി ആർകെവിവൈ പദ്ധതിയിൽ 70 ലക്ഷം മുടക്കി മോട്ടർ, പമ്പ് ഹൗസ് തുടങ്ങിയവ സ്ഥാപിച്ചിട്ട് 2 വർഷമായി. എന്നാൽ, പര്യാപ്തമായ രീതിയിൽ വൈദ്യുതീകരണം നടത്താത്തത് മൂലം ഒരു ദിവസം പോലും മോട്ടർ പ്രവർത്തിപ്പിക്കാനായില്ല. വെള്ളം വലിയതോട് വഴി അച്ചൻകോവിലാറ്റിലേക്ക് ഒഴുക്കിക്കളയാൻ കർഷകർ ഇത്തവണ ജനറേറ്റർ വാടകയ്ക്കെടുത്തു. 

 ദിവസവാടക 5000 രൂപ. ഡീസൽ ചെലവ് 13,000ഓളവും. 5 ദിവസം പ്രവർത്തിച്ചപ്പോൾ ഒരു ലക്ഷത്തോളം രൂപ ചെലവ് വന്നു. മഴ തുടങ്ങിയതോടെ പഴയതിനേക്കാൾ പാടം വെള്ളം നിറഞ്ഞു. ചെലവഴിച്ച തുക അപ്പാടെ പാഴായെന്ന് പാടശേഖരസമിതി പ്രസിഡന്റ് രാജൻ സാമുവലും സെക്രട്ടറി കെ.സുഗതനും പറയുന്നു. മോട്ടറിന്റെ വൈദ്യുതീകരണം പൂർത്തിയാക്കാൻ ഇനി ഏകദേശം 15 ലക്ഷം രൂപയെങ്കിലും വേണം. പദ്ധതി പൂർണസജ്ജമായാൽ 350 ഏക്കർ പാടത്തിന് പ്രയോജനകരമാകും. എന്നാൽ, മന്ത്രി, ഉദ്യോഗസ്ഥതലങ്ങളിൽ പരാതി അറിയിച്ചിട്ടും പരിഹാരമില്ലെന്നും അവർ പറയുന്നു.

English Summary:

Waterlogging in Kerala's paddy fields is threatening the livelihood of farmers already reeling from crop losses due to extreme heat. The lack of adequate drainage systems exacerbates the situation, raising concerns about food security and the agricultural crisis.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com