10 കോടി രൂപ ചെലവഴിച്ചു വികസിപ്പിക്കുന്ന റോഡിൽ പണിയെടുക്കുന്നത് 6 പേർ മാത്രം; ഇതിൽ 2 പേർ ഡ്രൈവർമാർ
Mail This Article
ബംഗ്ലാംകടവ് ∙ 10 കോടി രൂപ ചെലവഴിച്ചു വികസിപ്പിക്കുന്ന റോഡിൽ പണിയെടുക്കുന്നത് 6 പേർ. ഇതിൽ 2 പേർ മണ്ണുമാന്തി ഓപ്പറേറ്ററും ലോറി ഡ്രൈവറുമാണ്. റോഡ് പണി നടത്തുന്നത് 4 പേർ മാത്രം. ഇട്ടിയപ്പാറ–ജണ്ടായിക്കൽ–വടശേരിക്കര റോഡ് വികസനത്തിനാണ് ഒച്ചിഴയും വേഗം. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയെ മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. ജണ്ടായിക്കൽ–കിടങ്ങുമൂഴി വരെ മാത്രമാണു പണി നടക്കുന്നത്.
മാസങ്ങൾക്കു മുൻപു നിർമാണം ആരംഭിച്ചതാണ്. 9 കലുങ്കുകളുടെ പണി ഏകദേശം പൂർത്തിയായി. 3 കലുങ്കുകൾ പാതി പണിതിട്ടുണ്ട്. ജണ്ടായിക്കലിനും കരിമ്പനാംകുഴിക്കും ഇടയിൽ വശം കെട്ടലാണ് ആദ്യം ആരംഭിച്ചത്. ഇതുവരെ അതു പൂർത്തിയായിട്ടില്ല. പണി ഇപ്പോൾ മുടങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് കരിമ്പനാംകുഴിക്കും കിടങ്ങുമൂഴിക്കും മധ്യേ വശം കെട്ടുന്ന പണിയാണ് 4 പേർ ചെയ്യുന്നത്.
5.50 മീറ്റർ വീതിയിൽ ബിഎം ബിസി ടാറിങ് നടത്താനാണ് പദ്ധതി. കൂടാതെ വശം വീതി കോൺക്രീറ്റിങ്, ഓട നിർമാണം ഇതെല്ലാം എസ്റ്റിമേറ്റിൽ ഉണ്ട്. ടാറിങ് നടത്തും മുൻപ് ജല ജീവൻ മിഷൻ പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിക്കണം. പഴവങ്ങാടി, വടശേരിക്കര എന്നീ പഞ്ചായത്തുകളിൽ പൈപ്പുകൾ സ്ഥാപിക്കാൻ കരാർ എടുത്തവരാണ് പണി ചെയ്യേണ്ടത്. പഴവങ്ങാടി പഞ്ചായത്തിലെ ഇട്ടിയപ്പാറ നിന്ന് പണി തുടങ്ങിയിട്ടുണ്ട്.
വടശേരിക്കര പഞ്ചായത്തിന്റെ അതിർത്തിയിൽ തുടങ്ങിയിട്ടില്ല. റോഡിലെ വൈദ്യുതി തൂണുകളും മാറ്റി സ്ഥാപിക്കണം. അതിനുള്ള നടപടിയും തുടങ്ങിയിട്ടില്ല. 10 വർഷം മുൻപാണ് റോഡിൽ അവസാനം ടാറിങ് നടത്തിയത്. റോഡിന്റെ ഉപരിതലം പൂർണമായും തകർന്നു കിടക്കുകയാണ്. നിറയെ കുഴികളാണ്. കാൽനട യാത്ര പോലും ഇതിലെ ബുദ്ധിമുട്ടാണ്. റോഡ് പണി വേഗം പൂർത്തിയാക്കിയില്ലെങ്കിൽ പുതിയതു നിർമിക്കേണ്ടിവരും.