ADVERTISEMENT

പത്തനംതിട്ട ∙ ഒരായുസ്സിന്റെ പ്രണയത്തെ വിധി രണ്ടാഴ്ചയിലേക്കു ചുരുക്കി. 8 വർഷത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ നവംബർ 30ന് ഒന്നിച്ച നിഖിലിന്റെയും അനുവിന്റെയും ജീവിതത്തിന് പാതിവഴിയിൽ അവസാനം. ‌ഇന്ന് അനുവിന്റെ പിറന്നാൾ ആഘോഷിക്കേണ്ട വീടുകളിൽ തളംകെട്ടിനിൽക്കുന്നത് 4 മരണങ്ങളുടെ സങ്കടം. അടുത്ത മാസം നിഖിലിനൊപ്പം കാനഡയിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു അനുവും. രണ്ടാഴ്ച മുൻപു നടന്ന കല്യാണത്തിന്റെയും ഇടവകപ്പെരുന്നാളിന്റെയും സന്തോഷം മാറും മുൻപ് അപ്രതീക്ഷിതമായെത്തിയ വിയോഗങ്ങളിൽ പകച്ചിരിക്കുകയാണ് ഇരുകുടുംബങ്ങളും നാടും.

അപകടവാർത്ത അറിഞ്ഞതു മുതൽ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും നിഖിലിന്റെ വീടായ പുത്തേതുണ്ടിയിലേക്കും അനുവിന്റെ വസതിയായ പുത്തൻവിളകിഴക്കേതിലേക്കും ഒഴുകിയെത്തി. ഇരുവീടുകളും തമ്മിൽ 1 കിലോമീറ്റർ ദൂരം മാത്രം.‘പൊന്നുമക്കളായിരുന്നു, പാവങ്ങൾ...’ മല്ലശ്ശേരിക്കാർക്ക് ഇരുവരെപറ്റി പറയാനുള്ളത് നല്ല ഓർമകൾ മാത്രം.കല്യാണത്തിന്റെ ആഘോഷങ്ങൾ തീർന്നപ്പോൾ പെരുന്നാളിന്റെ ആഘോഷം തുടങ്ങിയിരുന്നു. ഒരേ ഇടവക ആയതിനാൽ കല്യാണ ശേഷമുള്ള ആദ്യ പെരുന്നാൾ ഇരുവരും ഗംഭീരമായി ആഘോഷിച്ചു.


മുറിഞ്ഞകല്ലിൽ കാറുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട ബസ്.
മുറിഞ്ഞകല്ലിൽ കാറുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട ബസ്.

കഴിഞ്ഞ 7നും 8നുമായിരുന്നു പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിലെ പെരുന്നാൾ. പള്ളിയിലെ ക്വയറിൽ അംഗങ്ങളായിരുന്നു ഇരുവരും. അനു യുവജനപ്രസ്ഥാനത്തിന്റെ ഭാഗമായും പ്രവർത്തിച്ചിരുന്നു.  അപകടത്തിൽ മരിച്ച നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ മസ്കത്തിലായിരുന്നു. ഒരു വർഷം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. അനുവിന്റെ പിതാവ് ബിജു സൈനികനായി വിരമിച്ച ശേഷം ലേക്‌ഷോർ ഹോസ്പിറ്റലിൽ സെക്യൂരിറ്റി മാനേജറായി ‍ജോലി ചെയ്യുകയായിരുന്നു.

ഏവർക്കും പ്രിയപ്പെട്ടവർ
കോന്നി ∙പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയിലെ ഏവർക്കും പ്രിയപ്പെട്ടവരായിരുന്നു അന്തരിച്ച നിഖിൽ ഈപ്പനും അനു ബിജുവും. ഇരുവരും വിവാഹിതരാകുന്നതിനു മുൻപുതന്നെ വർഷങ്ങളായി മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം) യൂണിറ്റ് ഭാരവാഹികളായിരുന്നു. ഇടവകയിലെ ഗായക സംഘത്തിലെ അംഗമായിരുന്നു അനു ബിജു. ഏവരോടും സ്നേഹത്തോടെയുള്ള പെരുമാറ്റം കൊണ്ടുതന്നെ ഇവർ പ്രശംസ പിടിച്ചുപറ്റിയിരുന്നു.പ്രായമായ ആളുകളോടുള്ള സ്നേഹം പുതുക്കാൻ എപ്പോഴും ശ്രമിച്ചിരുന്ന ആളായിരുന്നു നിഖിൽ.

ഇടവകയിലെ പൊതുകാര്യങ്ങളിലെല്ലാം സജീവമായി ഇടപെട്ടിരുന്നു ഇരുവരും.സൺഡേ സ്കൂൾ അധ്യാപികയായും അനു പ്രവർത്തിച്ചിരുന്നതായി ഇടവകാംഗങ്ങൾ പറയുന്നു. മല്ലശേരി സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലാണ് നിഖിൽ ഒന്നു മുതൽ 10വരെ പഠിച്ചത്. മൈലപ്ര മൗണ്ട് ബഥനി സ്കൂളിലാണ് 10വരെയും അനു പഠിച്ചത്. ബിരുദപഠനം പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലും മാർത്താ‍ണ്ഡം കോളജിലും പൂർത്തിയാക്കി.മൗണ്ട് സിയോൻ എൻജിനീയറിങ് കോളജിൽ ബിരുദത്തിനു ശേഷം കാ‍നഡയിൽ പോയി കോഴ്സ് പാസായാണ് ജോലിയിൽ പ്രവേശിച്ചത്.

കാറിനുള്ളിൽ കല്യാണക്കുറി
കോന്നി ∙ അപകടത്തിൽപെട്ട കാറിൽ നിഖിലിന്റെയും അനുവിന്റെയും കല്യാണക്കുറിയും. പരിശോധനയ്ക്കിടെ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മന്റ് വിഭാഗമാണ് കല്യാണക്കുറി കണ്ടെത്തിയത്.നവംബർ 30നായിരുന്നു ഇരുവരുടെയും വിവാഹം.ഇരുവരുടെയും വിവാഹം കഴിഞ്ഞ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്ന വിഡിയോ ഇന്നലെ മുതൽ ഒട്ടേറേപ്പേർ പുതുതായി കാണുന്നുണ്ട്.വിവാഹാശംസകൾ വരേണ്ട കമന്റ് ബോക്സിൽ ഇപ്പോൾ അനുശോചന സന്ദേശങ്ങൾ ‌നിറയുകയാണ്. 

പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ തീർഥാടക വാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം.
പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ തീർഥാടക വാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം.

കേട്ടത് വലിയ ശബ്ദം; കണ്ടത് കണ്ണീർക്കാഴ്ച
കോന്നി ∙ പുലർച്ചെ ഉറക്കത്തിലായിരുന്ന അനു ജോർജ് വലിയ ശബ്ദം കേട്ടാണ് ഉണരുന്നത്. അമ്മയുടെ കരച്ചിലും കേട്ടു. സ്വപ്നമാണെന്നാണ് ആദ്യം കരുതിയത്. തുടർന്ന് എണീറ്റ് ഗേറ്റ് തുറന്നു നോക്കുമ്പോൾ കാർ ബസിലേക്ക് ഇടിച്ചുകയറിയ നിലയിൽ കണ്ടു.  തീർഥാടകർ ബസിൽ നിന്ന് ഇറങ്ങി വരുന്നതേയുണ്ടായിരുന്നുള്ളൂ. കുറെ ആളുകൾ പുറത്തിറങ്ങിയിട്ടുണ്ടായിരുന്നു. കാറിനടത്തു ചെന്നു നോക്കുമ്പോൾ എല്ലാവരും ഉള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. 

ഉടൻതന്നെ കൂടലിൽ നിന്ന് സാന്ത്വനം എന്ന ആംബുലൻസ് വരുത്തി. കാറിന്റെ ഡോർ തുറക്കാൻ കഴിയാതിരുന്നതിനാൽ ആംബുലൻസിന്റെ ഡ്രൈവർ വിഷ്ണു ലിവർ ഉപയോഗിച്ച് ചില്ല് തകർത്തു. പിതാവ് ജോർജ് വർഗീസും ആംബുലൻസ് ഉടമയും പൊതുപ്രവർത്തകനുമായ ഉടമ ജൂബി ചക്കുതറയും താനും ചേർന്ന് പരുക്കേറ്റ അനുവിനെ എടുത്ത് ആംബുലൻസിൽ കയറ്റുകയായിരുന്നു. – അപകടം നടന്ന സ്ഥലത്തെ വീട്ടിലെ അനു ജോർജും കുടുംബാംഗങ്ങളുമാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്.

അനുവിനെ ആംബുലൻസിൽ കോന്നി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. തുടർന്ന് മറ്റുള്ളവരെ കൊണ്ടുപോകാനായി മുറിഞ്ഞകല്ലിലേക്ക് ജൂബി തിരിച്ചത്. അവിടെ എത്തിയപ്പോഴേക്കും പൊലീസും അഗ്നിരക്ഷാസേനയും എത്തി ബാക്കിയുള്ളവരെ പുറത്തെടുത്തിരുന്നു.  ഇതിൽ രണ്ടുപേരെയും ഇതേ ആംബുലൻസിലാണ് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. 

English Summary:

Konni accident A honeymoon trip ended tragically for a newlywed couple from Pathanamthitta, Kerala, as their car collided with a minibus, claiming their lives and those of their fathers who were driving them home from the airport.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com