ശബരിമല പാതയിൽ അപകടം പതിവായി; മെല്ലെപ്പോക്ക് നയം മാറ്റാതെ ദേശീയപാതാ വിഭാഗം
Mail This Article
കുമ്പളാംപൊയ്ക ∙ ശബരിമല പാതയിൽ തുടരെ അപകടങ്ങൾ നടക്കുമ്പോഴും ദേശീയ ഹൈവേ (എൻഎച്ച്) വിഭാഗത്തിനു മെല്ലെപ്പോക്കു നയം. മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി പാതയിൽ കുമ്പളാംപൊയ്ക മാർത്തോമ്മാ പള്ളിക്കു സമീപത്തെ സ്ഥിതിയാണിത്. മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി പാത ബിഎം ബിസി നിലവാരത്തിൽ ടാറിങ് നടത്തിയിരുന്നു. ഇതിനു ശേഷം വശങ്ങളിൽ കട്ടിങ് രൂപപ്പെട്ടിരിക്കുകയാണ്. കുമ്പളാംപൊയ്ക സഹകരണ ബാങ്കിനു മുന്നിൽ കട്ടിങ്ങിൽ ചാടി കഴിഞ്ഞ ദിവസം വാഹനങ്ങൾ കൂട്ടിയിടിച്ചിരുന്നു. വശത്തു പൂട്ടുകട്ട പാകുന്ന പണി നീളുന്നതാണ് അപകടത്തിനിടയാക്കുന്നത്.
പണി നീളുന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മനോരമയിൽ ചിത്രം സഹിതം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് പൂട്ടുകട്ട ഇടുന്ന പണി ശനിയാഴ്ച വൈകിട്ടു തുടങ്ങിയിരുന്നു. മാർത്തോമ്മാ പള്ളിയിൽ ഇന്നലെ ആരാധനയ്ക്കു വന്നവർ വാഹനങ്ങളെല്ലാം പാതയുടെ വശത്താണ് ഇട്ടിരുന്നത്. ഹൈദരാബാദിൽ നിന്നു വന്ന തീർഥാടകരുടെ കാർ കട്ടിങ്ങിൽ ചാടി വശത്തു കിടന്ന മുക്കരണത്ത് സാബുവിന്റെ വാനിന്റെ പിന്നിൽ ഇടിച്ചു. വാൻ മുന്നിലേക്കുരുണ്ട് വൈദ്യുതി തൂണിലും ഇടിച്ചു. മുന്നിലും പിന്നിലും നാശം നേരിട്ടു. എൻഎച്ച് വിഭാഗം അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഇനിയും അപകടങ്ങൾ വർധിക്കും.