അറുതിയില്ലാതെ അപകടങ്ങൾ; ഒരു വർഷത്തിനിടെ കുമ്പഴയ്ക്കും കലഞ്ഞൂരിനുമിടെ അപകടങ്ങളിൽ മരിച്ചത് 13 പേർ
Mail This Article
കോന്നി ∙ മകനെ യാത്രയാക്കാൻ കൊച്ചി വിമാനത്താവളത്തിൽ പോയി മടങ്ങിയ കുടുംബത്തിലെ അമ്മയും ബന്ധുവും കാറടപകടത്തിൽ മരിച്ചതാണ് പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ സമീപകാലത്തുണ്ടായ വലിയ ദുരന്തം. ഇന്നലെ അപകടം നടന്ന സ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ അപ്പുറം, കൂടൽ ഇഞ്ചപ്പാറയ്ക്കു സമീപം ആറുമുക്ക് പാലം ഭാഗത്താണ് സെപ്റ്റംബർ 21ന് അപകടമുണ്ടായത്. കന്യാകുമാരി മേക്കമണ്ഡപം വാത്തിക്കാട്ടു വിളൈ എസ്.ബിപിൻ (30), കപ്പിക്കാട്ട് വ്ലാത്തിവിളൈ വസന്തി (58) എന്നിവരാണ് മരിച്ചത്. രണ്ടുപേർക്കു പരുക്കേറ്റു.
പുനലൂർ ഭാഗത്തേക്കു പോയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ വലതുവശത്തെ ഇടിതാങ്ങിയിലേക്ക് ഇടിച്ചു കയറി. ഇടിതാങ്ങി ഒടിഞ്ഞ് ഒരറ്റം കാറിന്റെ മുന്നിലെ ചില്ല് തകർത്ത് അകത്തേക്കു കയറി വാഹനം ഓടിച്ചിരുന്ന ബിപിന്റെ ശരീരത്തിൽ തുളച്ചുകയറുകയായിരുന്നു. മരിക്കുകയായിരുന്നു.
∙മല്ലശേരി മുക്കിനു സമീപം കാറും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന രണ്ടര വയസ്സുള്ള കുഞ്ഞ് മരിക്കാനിടയായ സംഭവം നടന്നത് കഴിഞ്ഞ ഒക്ടോബർ 10ന് രാത്രിയലാണ്. ചങ്ങനാശേരി തൃക്കൊടിത്താനം അമര മാടപ്പള്ളിൽ പതിനഞ്ചിൽ ചിറയിൽ പി.എസ്.പ്രദീപിന്റെ മകൾ നിഖിതയാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 13ന് മരിച്ചത്.
∙കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചത് കഴിഞ്ഞ വർഷം ഒക്ടോബർ 19നാണ്. കൂടെയുണ്ടായിരുന്ന മകൾക്കു പരുക്കേറ്റു. മുറിഞ്ഞകൽ കലുങ്കുംവാതുക്കൽ സന്ധ്യാസിൽ കെ.ഭരതൻ (82) ആണ് മരിച്ചത്. വകയാർ എട്ടാംകുറ്റിക്കും കുളത്തുങ്കലിനും മധ്യേയാണ് അപകടമുണ്ടായത്.
∙ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ഇടുക്കി ഉപ്പുതറ പ്ലാപ്പറമ്പിൽ ടോണി ജോ വില്യം (32) മരിച്ചത് ഈ വർഷം ജനുവരിയിൽ 28നാണ്. എലിയറക്കൽ ജംക്‌ഷന് സമീപത്തായിരുന്നു അപകടം.
∙മല്ലശേരിമുക്കിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കാറിടിച്ചു പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിക്കാനിടയായ സംഭവം നടന്നത് ഫെബ്രുവരി 14നാണ്. മല്ലശേരിമുക്ക് നാറാണത്ത് വീട്ടിൽ സുധീർകുമാർ (അജി -54) ആണ് മരിച്ചത്.
∙കൂടൽ സ്റ്റേഡിയം ജംക്‌ഷനു സമീപം ഓട്ടോറിക്ഷയ്ക്കു പിന്നിൽ പിക്കപ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോഡ്രൈവർ അട്ടച്ചാക്കൽ പനന്തോട്ടത്തിൽ മുരുപ്പേൽ സാബു (52) മരിച്ചത് ജൂൺ 14നാണ്.
∙പുളിമുക്കിനും മല്ലശേരിമുക്കിനും മധ്യേ സ്വാമിപ്പടിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ ഐരവൺ വേലംപറമ്പിൽ എം.ജി.ജോഷ്വ (സുകു- 63) മരിച്ചത് മേയ് 29നാണ്.
∙കോന്നി പൂവൻപാറയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ബൈക്ക് ഇടിച്ച് എലിമുള്ളുംപ്ലാക്കൽ വാഴമുട്ടത്ത് പരേതനായ രാജേന്ദ്രന്റെയും ശാന്തയുടെയും മകൻ ശരത് രാജ് (23) മരിച്ചത് മേയ് 21നാണ്.
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത പ്രശ്നങ്ങൾ പലവിധം
∙അത്യാവശ്യമുള്ള ഭാഗത്തു പോലും വളവു നിവർത്താൻ ആവശ്യമായ വസ്തു ഏറ്റെടുത്തില്ല.
∙അന്നത്തെ വാഹന ബാഹുല്യം കണക്കാക്കിയാണ് പാതയുടെ വീതി നിശ്ചയിച്ചത്.
∙നിർമാണ ഘട്ടത്തിൽ, ഏറ്റെടുത്ത ഭൂമി പൂർണമായും ഉപയോഗിച്ചില്ല.
∙വാഹന പാർക്കിങ്ങിന് ആവശ്യമായ സ്ഥലമില്ല
∙വെള്ളം കയറി ഗതാഗതം മുടങ്ങുന്നയിടങ്ങളിൽ റോഡ് ഉയർത്തിയില്ല
∙മഴക്കാലത്തു വാഹനങ്ങൾ തെന്നി മാറുന്നു
∙ചിലയിടങ്ങളിൽ റോഡിൽ ഉറവപെട്ടി വെള്ളം
∙ഓട നിർമാണം എല്ലാ സ്ഥലങ്ങളിലുമില്ല, തർക്കത്തെ തുടർന്ന് ഓട നിർമാണം തടസപ്പെട്ടു
∙മഴവെള്ളം ഓടയിൽ എത്താതെ റോഡിലൂടെ ഒഴുകുന്നു. (മണ്ണും ചരലും ഉൾപ്പെടെ)
∙പുതിയ വഴിവിളക്കുകൾ പൂർണമായും സ്ഥാപിച്ചിട്ടില്ല. റോഡിൽ ഇരുട്ട്.
∙സംരക്ഷണ ഭിത്തി നിർമിക്കാത്ത കലുങ്കുകൾ
അപകട കാരണങ്ങൾ
∙ അമിത വേഗം
∙ അനധികൃത പാർക്കിങ്
∙ഉപറോഡിൽനിന്നു വരുന്ന വാഹനങ്ങൾ അശ്രദ്ധയോടെ പ്രധാന റോഡിലേക്കു കയറി അപകടം|
∙വേഗ നിയന്ത്രണ സംവിധാനങ്ങൾ (താൽക്കാലിക സ്പീഡ് ബ്രേക്കറുകൾ) കുറവ്
∙കവലകളിൽ പൊലീസ് സാന്നിധ്യം കുറവ്
∙പുതിയ ബസ് സ്റ്റോപ്പുകൾക്കു പകരം വീതി കുറഞ്ഞ പഴയ സ്റ്റോപ്പുകളിൽ ബസ് നിർത്തുന്നു