അബാൻ മേൽപാലം: വൈദ്യുതി തൂണുകൾ മാറ്റിത്തുടങ്ങി
Mail This Article
പത്തനംതിട്ട∙ അബാൻ മേൽപാലം നിർമാണത്തോട് അനുബന്ധിച്ച് വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റുന്ന പ്രവൃത്തിയുടെ ആദ്യഘട്ടം കെഎസ്ഇബി പൂർത്തിയാക്കി. അബാൻ ജംക്‌ഷനിൽ 7 വൈദ്യുതി പോസ്റ്റുകൾ മാറ്റുന്ന നടപടി ഇന്നലെ വൈകിട്ട് ആരംഭിച്ചു. മേൽപാലം ഭാഗത്തായി സ്ഥാപിച്ച ഭൂഗർഭ കേബിളിലൂടെ വൈദ്യുതി വിതരണമാണ് ലക്ഷ്യമിടുന്നത്.11കെവിയുടെ 3 ഫീഡറുകളാണ് ഇതിന്റെ ഭാഗമായുള്ളത്. കെഎസ്ആർടിസി, മൈലപ്ര, കടമ്മനിട്ട ഫീഡറുകളാണ് ഇത്. കടമ്മനിട്ട ഫീഡറിന്റെ പരിശോധന പൂർത്തിയായി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതി ലഭിച്ചതായി കെഎസ്ഇബി അധികൃതർ പറഞ്ഞു.
കടമ്മനിട്ട ഫീഡർ ഉടൻ ചാർജ് ചെയ്യും. അബാൻ ജംക്‌ഷനിലാണ് കഴിഞ്ഞ ദിവസം ലൈനുകൾ അഴിച്ചുമാറ്റിയത്. ശേഷിക്കുന്ന ഭാഗങ്ങളിലെയും വൈദ്യുതി ലൈനുകൾ വൈകാതെ മാറ്റും. അടുത്ത 2 ഘട്ടമായി ഇതിനുള്ള ജോലി ആരംഭിക്കും. ഈ മാസം അവസാനിക്കുന്നതിന് മുൻപായി ഈ പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നേകാൽ കിലോമീറ്റർ ദൂരത്തിലാണ് ഭൂഗർഭ കേബിൾ സ്ഥാപിച്ചിട്ടുള്ളത്.