ധനുമാസപ്പുലരിയിൽ തീർഥാടക പ്രവാഹം
Mail This Article
ശബരിമല ∙ ധനുമാസപ്പുലരിയിൽ പതിനായിരങ്ങൾ അയ്യപ്പ ദർശന സുകൃതം നുകർന്നു. വൈകിട്ട്് 6 വരെയുള്ള കണക്ക് അനുസരിച്ച് 71,802 പേർ ഇന്നലെ ദർശനം നടത്തി. 15,454 പേർ സ്പോട് ബുക്കിങ് പ്രയോജനപ്പെടുത്തി. തീർഥാടനം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ തിരക്കായിരുന്നു ഇന്നലെ. പുലർച്ചെ നട തുറക്കുമ്പോൾ തന്നെ ദർശനം നടത്തുന്നതിനായി രാത്രി പമ്പയിൽ നിന്നു സന്നിധാനത്തേക്ക് ഇടമുറിയാതെ തീർഥാടകർ മലകയറി. ഞായറാഴ്ച വൈകിട്ട് എത്തിയവരിൽ കുറഞ്ഞത് 20,000 പേർ ദർശനത്തിനായി സന്നിധാനത്ത് തങ്ങിയിരുന്നു. പതിനെട്ടാംപടി കയറാനുള്ള നിര വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തി ഭാഗത്തേക്ക് നീണ്ടു.
നെയ്യഭിഷേകത്തിനും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് ഇന്നലെയാണ്. വൈകിട്ട് ദീപാരാധന ദർശനത്തിനും നല്ല തിരക്ക് ഉണ്ടായിരുന്നു. രാത്രിയും പതിനെട്ടാംപടി കയറാൻ നീണ്ട നിരയുണ്ട്. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ മുഖ്യകാർമികത്വത്തിൽ കളഭാഭിഷേകത്തോടെയാണ് ഇന്നലെ ഉച്ചപൂജ നടന്നത്. പുതിയ പൊലീസ് സംഘമാണ് പതിനെട്ടാംപടി ഡ്യൂട്ടിയിൽ ഇന്നലെ ഉച്ചയ്ക്ക് പ്രവേശിച്ചത്. തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു പുലർച്ചെ ദർശനം നടത്തി.